ഇസ്രഈല്‍ പാര്‍ലമെന്റായ നെസെറ്റില്‍ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് അഹ്മദ് തിബി. ഫലസ്തീന് വംശജനായ ഇസ്രഈലി പൗരനും ഡോക്ടറുമായ തിബി, രാജ്യത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളിലൊരാളാണ്. ഫലസ്തീന് ജനതയുടെ അവകാശങ്ങള്‍ക്കുവേണ്ടി വര്‍ഷങ്ങളായി പാര്‍ലമെന്റിനകത്തും പുറത്തും ശബ്ദമുയര്‍ത്തുന്ന അദ്ദേഹം, ഇസ്രഈല്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ-സൈനിക നയങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്ന നേതാവ് കൂടിയാണ്.
അറബ് ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടവും ഫലസ്തീന് നേതാവ് യാസര്‍ അറഫാത്തുമായുള്ള അടുത്ത ബന്ധവും ഇസ്രഈല്‍ ഭരണകൂടവുമായുള്ള രാഷ്ട്രീയ ഏറ്റുമുട്ടലുകളുമെല്ലാമാണ് തിബിയെ ശ്രദ്ധേയനാക്കുന്നത്. രാജ്യത്തെ വലതുപക്ഷ നേതൃത്വത്തിന്റെ എതിര്‍പ്പുകള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ പുതിയ നിയമനം.
നെസെറ്റിലെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തെത്തിയതിനു പിന്നാലെ അല്‍ ജസീറയോട് സംസാരിച്ച തിബി, ഈ നേട്ടത്തെ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിനെതിരായ വിജയമായാണ് വിശേഷിപ്പിച്ചത്.
‘എന്റെ തെരഞ്ഞെടുപ്പ് തടയാന്‍ ലിക്കുഡും ബെന്‍-ഗ്വിറും ശ്രമിച്ചു. എന്നാല്‍ അവരുടെ നിരുത്തരവാദപരമായ പ്രകോപനങ്ങള്‍ക്കിടയിലും അവര്‍ പരാജയപ്പെട്ടു,’ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പാര്‍ട്ടിയായ ലിക്കുഡിനെയും തീവ്ര വലതുപക്ഷ നേതാവും ദേശീയ സുരക്ഷാ മന്ത്രിയുമായ ഇറ്റാമര്‍ ബെന്‍-ഗ്വിറിനെയും പരാമര്‍ശിച്ച് തിബി പറഞ്ഞു.
അറബ് ഭൂരിപക്ഷമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ സഖ്യമായ ജോയിന്റ് ലിസ്റ്റിന്റെ നേതാവായ തിബി, അറബ് മൂവ്മെന്റ് ഫോര്‍ റിന്യൂവല്‍ പാര്‍ട്ടിയുടെ അധ്യക്ഷനുമാണ്. 2026 ഒക്ടോബര്‍ 27-ന് നടന്ന തെരഞ്ഞെടുപ്പില്‍ ജോയിന്റ് ലിസ്റ്റ് 11 സീറ്റുകള്‍ നേടിയിരുന്നു. ഫലസ്തീന് വംശജരായ ഇസ്രഈലി പൗരന്മാരെ പ്രതിനിധീകരിക്കുന്ന അറബ് പാര്‍ട്ടികള്‍ക്ക് ആകെ 19 സീറ്റുകളാണ് ലഭിച്ചത്.
1958 ഡിസംബര്‍ 19ന് ഇസ്രഈലിലെ തൈബെ നഗരത്തിലാണ് അഹ്മദ് തിബി ജനിച്ചത്. 1948-ലെ നക്ബയ്ക്കിടെ ജാഫയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബമാണ് അദ്ദേഹത്തിന്റേത്. വൈദ്യശാസ്ത്രത്തില്‍ ഉപരിപഠനം നടത്തിയ തിബി 1983ല്‍ ജറുസലേമിലെ ഹീബ്രു സര്‍വകലാശാലയില്‍ നിന്ന് മികച്ച വിജയം നേടി ബിരുദം പൂര്‍ത്തിയാക്കി.
എന്നാല്‍ വൈദ്യശാസ്ത്ര മേഖലയിലെ കരിയറിനേക്കാള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്കാണ് പിന്നീട് തിബി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.
1984ല്‍ ടുണീഷ്യയില്‍ വെച്ച് ഫലസ്തീന് വിമോചന സംഘടനയായ പി.എല്‍.ഒയുടെ (PLO) നേതാവ് യാസര്‍ അറഫാത്തുമായി തിബി കൂടിക്കാഴ്ച നടത്തി. അക്കാലത്ത് ഇസ്രഈല്‍ നിയമപ്രകാരം ഭീകരസംഘടനയായി കണക്കാക്കപ്പെട്ടിരുന്ന പി.എല്‍.ഒയുമായി ബന്ധപ്പെടുന്നത് നിയമവിരുദ്ധമായിരുന്നു. അതിനാല്‍ ഇസ്രഈലിലേക്ക് മടങ്ങിയെത്തിയപ്പോള്‍ തിബിയെ പൊലീസ് ചോദ്യം ചെയ്തു. എന്നാല്‍ അദ്ദേഹത്തിനെതിരെ ഔദ്യോഗികമായി കുറ്റം ചുമത്തിയില്ല.
പിന്നീട് 1993 മുതല്‍ 1999 വരെ അറഫാത്തിന്റെ രാഷ്ട്രീയ ഉപദേഷ്ടാവായി തിബി പ്രവര്‍ത്തിച്ചു. ഇസ്രഈലും ഫലസ്തീനും തമ്മിലുള്ള ചര്‍ച്ചകളിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു.
1998ല്‍ അമേരിക്കയിലെ മേരിലാന്‍ഡില്‍ നടന്ന വൈ റിവര്‍ ഉച്ചകോടിയില്‍ ഫലസ്തീന് പ്രതിനിധി സംഘത്തിന്റെ വക്താവായും തിബി പ്രവര്‍ത്തിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങളില്‍ നിന്ന് ഇസ്രഈല്‍ സൈന്യത്തെ പിന്‍വലിക്കാനുള്ള ധാരണയും ഫലസ്തീന് അതോറിറ്റി സായുധ സംഘങ്ങള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കാമെന്ന ഉറപ്പും ഉള്‍പ്പെട്ടതായിരുന്നു വൈ റിവര്‍ ധാരണാപത്രം.
എന്നാല്‍ മറ്റ് ഇസ്രഈല്‍-ഫലസ്തീന് കരാറുകളെപ്പോലെ ഈ ധാരണയും അധികകാലം നിലനിന്നില്ല. ഇസ്രഈല്‍ പിന്നീട് കരാറില്‍ നിന്ന് പിന്മാറി.
1996ല്‍ അറബ് അക്കാദമിക വിദഗ്ധരുടെ പിന്തുണയോടെ അഹ്മദ് തിബി അറബ് മൂവ്മെന്റ് ഫോര്‍ റിന്യൂവല്‍ എന്ന രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിച്ചു. 1999ലാണ് അദ്ദേഹം ആദ്യമായി ഇസ്രഈല്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
‘ഇസ്രഈല്‍ പൗരത്വമുള്ള അറബ് ഫലസ്തീനിയാണ് ഞാന്‍’ എന്നാണ് തിബി സ്വയം വിശേഷിപ്പിക്കുന്നത്. ഫലസ്തീന് അഭയാര്‍ഥികളുടെ തിരിച്ചുപോക്കിനുള്ള അവകാശത്തെയും ദ്വിരാഷ്ട്ര പരിഹാരത്തെയും പിന്തുണയ്ക്കുന്ന വ്യക്തികൂടിയാണ് തിബി.
ഇസ്രഈലിനെ ഒരു ജൂതരാഷ്ട്രമായി നിര്‍വചിക്കുന്ന ഭരണഘടനാപരവും രാഷ്ട്രീയവുമായ നിലപാടിനെയും തിബി നിരന്തരം ചോദ്യം ചെയ്തിട്ടുണ്ട്. ‘പൗരന്മാര്ക്ക് തുല്യാവകാശമുള്ള ഒരു രാഷ്ട്രമായിരിക്കണം ഇസ്രഈല്‍. എന്നാല്‍ ഇസ്രഈല്‍ ഒരു ‘വര്‍ണവിവേചന രാഷ്ട്രം’ ആണ്,’ തിബി പറഞ്ഞു.
പാര്‍ലമെന്റിനകത്തെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഇടപെടലുകളും ഇസ്രഈല്‍ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായ പരസ്യ വിമര്‍ശനങ്ങളും പലപ്പോഴും വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. വലതുപക്ഷ രാഷ്ട്രീയ നേതാക്കളില്‍ നിന്നും തീവ്ര വലതുപക്ഷ പ്രവര്‍ത്തകരില്‍ നിന്നും ഭീഷണികളും എതിര്‍പ്പുകളും പല തവണ തിബി നേരിട്ടിട്ടുമുണ്ട്.
2000 സെപ്റ്റംബറില്‍ രണ്ടാം ഇന്‍തിഫാദ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, ഇസ്രഈലിലെ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഏരിയല്‍ ഷാരോണ്‍ അല്‍ അഖ്സ മസ്ജിദ് സമുച്ചയം സന്ദര്‍ശിച്ചതിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെ തിബിയുടെ വലതുകൈക്ക് ഒടിവേറ്റു. ഷാരോണിന്റെ സന്ദര്‍ശനം പ്രകോപനപരമാണെന്ന നിലപാട് തുടക്കംമുതലേ തിബിയുള്പ്പെടെയുള്ള ഫലസ്തീന് നേതാക്കള്‍ സ്വീകരിച്ചിരുന്നു.
2002ല്‍ ജെനിന് അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രഈല്‍ സൈന്യം നടത്തിയ സൈനിക നടപടിക്കിടെ ക്യാമ്പിലെത്തുകയും സൈനികരുമായി ഏറ്റുമുട്ടുകയും ചെയ്തതിനെത്തുടര്‍ന്ന് തിബിയുടെ പാര്‍ലമെന്ററി പരിരക്ഷ എടുത്തുകളയുന്ന നടപടിയും ഇസ്രഈല്‍ സ്വീകരിച്ചു.
പാര്‍ലമെന്റിനുള്ളിലെ പ്രതിഷേധങ്ങളിലൂടെയും തിബി ശ്രദ്ധ നേടിയിട്ടുണ്ട്. 2016 നവംബറില്‍ ഇസ്രഈല്‍ പാര്‍ലമെന്റില്‍ നടന്ന അദ്ദേഹത്തിന്റെ ഒരു പ്രതിഷേധം അന്താരാഷ്ട്ര തലത്തില്‍ വലിയ വാര്‍ത്തയായി.
ജറുസലേമിലെയും അധിനിവേശ ഫലസ്തീന് പ്രദേശങ്ങളിലെയും പള്ളികളില്‍ ബാങ്ക് വിളിക്കാന്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കാനുള്ള ബില്‍ ഇസ്രഈല്‍ സര്‍ക്കാര്‍ പരിഗണിക്കുന്നതിനിടെയായിരുന്നു സംഭവം.
ഇതിനെതിരെ പ്രതിഷേധിച്ച തിബി നെസെറ്റിനുള്ളില് പരസ്യമായി ബാങ്ക് വിളിച്ചു. മുസ്ലിങ്ങളുടെ മതപരമായ ആചാരങ്ങളെയും വിശ്വാസസ്വാതന്ത്ര്യത്തെയും ബാധിക്കുന്നതാണ് നിര്‍ദിഷ്ട നിയമമെന്നായിരുന്നു തിബി പറഞ്ഞത്.
മതപരമായ ആചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് തിബി പാര്‍ലമെന്റിനുള്ളില്‍ ബാങ്ക് വിളിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വലിയ രീതിയില്‍ പ്രചരിക്കുകയും ഇസ്രഈലിനകത്തും പുറത്തും വിഷയം ചര്‍ച്ചയാവുകയും ചെയ്തു.
അറബ് പാര്‍ട്ടികളുമായി സഹകരിക്കുന്നതിനെ പരസ്യമായി എതിര്‍ക്കുന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, അതേസമയം അവരുടെ സഹായം രഹസ്യമായി തേടിയിരുന്നുവെന്ന വെളിപ്പെടുത്തലും തെരഞ്ഞെടുപ്പിന് പിന്നാലെ തിബി നടത്തിയിരുന്നു. നെതന്യാഹുവിന്റെ ദീര്‍ഘകാല വിശ്വസ്തനും മുന്‍ ചീഫ് ഓഫ് സ്റ്റാഫുമായ നടന് എഷെലില്നിന്ന് തനിക്ക് ലഭിച്ച സന്ദേശങ്ങളാണ് തിബി പുറത്തുവിട്ടത്.
തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പും വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷവും എഷെല്‍ തനിക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്ന് തിബി പറഞ്ഞു. ഗാഡി ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുന്നത് തടയാന്‍ അറബ് പാര്‍ട്ടികളുടെ പിന്തുണ തേടുന്നതായിരുന്നു ഈ നീക്കമെന്നും തിബി ചൂണ്ടിക്കാട്ടി.
നെതന്യാഹുവിന്റെ നിലപാടിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയ തിബി, അദ്ദേഹത്തെ കപടനാട്യക്കാരനെന്നാണ് വിശേഷിപ്പിച്ചത്.
‘നീ കപടനാട്യക്കാരനാണ്. തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പും അതിന്റെ പിറ്റേന്നും ഫലം പുറത്തുവന്ന ശേഷവും നീ നിന്റെ വിശ്വസ്തനായ ഉപദേഷ്ടാവിനെ എന്റെ അടുത്തേക്ക് അയച്ചു,” ചാനല്‍ 12ന് നല്കിയ അഭിമുഖത്തില്‍ തിബി പറഞ്ഞു.
അറബ് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ‘മോഷ്ടിച്ചെന്ന’ നെതന്യാഹുവിന്റെ ആരോപണമാണ് ഈ സന്ദേശങ്ങള്‍ പുറത്തുവിടാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും തിബി വ്യക്തമാക്കി. നവംബര്‍ 10ന് നെസെറ്റില്‍ നടത്തിയ പ്രസംഗത്തില്‍ അറബ് പാര്‍ട്ടികള്‍ ഭീകരതയെ പിന്തുണയ്ക്കുന്നുവെന്നും ഇസ്രഈലിന്റെ നാശമാണ് ലക്ഷ്യമിടുന്നതെന്നും നെതന്യാഹു ആരോപിച്ചിരുന്നു.
ഐസന്‍കോട്ടിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ പിന്തുണയ്ക്കരുതെന്ന് ആവശ്യപ്പെട്ട് നെതന്യാഹു സര്‍ക്കാരിലെ ഒരു മന്ത്രി തന്നെ സമീപിച്ചിരുന്നുവെന്നും തിബി വെളിപ്പെടുത്തി. മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് പോകുന്നതാണ് നല്ലതെന്ന് മന്ത്രി പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അവരെ വിശ്വസിക്കരുത്. അവര്‍ നിങ്ങളെ സര്‍ക്കാരില്‍ ഉള്‍പ്പെടുത്തില്ല. നമ്മള് വീണ്ടും തെരഞ്ഞെടുപ്പിലേക്ക് പോകുന്നതാണ് നല്ലത്,’ എന്നാണ് മന്ത്രി തന്നോട് പറഞ്ഞതെന്ന് തിബി വെളിപ്പെടുത്തി.
എന്നാല്‍, തന്റെ പാര്‍ട്ടിയായ ജോയിന്റ് ലിസ്റ്റിന് മറ്റൊരു തെരഞ്ഞെടുപ്പ് ആവശ്യമില്ലെന്നും നെതന്യാഹുവിനെയും തീവ്ര വലതുപക്ഷ നേതാവും ദേശീയ സുരക്ഷാ മന്ത്രിയുമായ ഇറ്റാമര്‍ ബെന്‍ ഗ്വിറിനെയും അധികാരത്തില്‍നിന്ന് മാറ്റുകയാണ് ലക്ഷ്യമെന്നും തിബി കൂട്ടിച്ചേര്‍ത്തു.
ഇസ്രഈലിലെ രണ്ട് ദശലക്ഷത്തോളം വരുന്ന അറബ് പൗരന്മാര്ക്കെതിരെ ബെന്‍ ഗ്വിറും ഷിന് ബെറ്റ് മേധാവി ഡേവിഡ് സിനിയും പ്രകോപനം സൃഷ്ടിക്കുകയാണെന്നും തിബി ചൂണ്ടിക്കാട്ടി.
ഒക്ടോബര്‍ 27ന് നടന്ന തെരഞ്ഞെടുപ്പില്‍ അറബ് പാര്‍ട്ടികള്‍ വോട്ട് അട്ടിമറിച്ചെന്ന നെതന്യാഹുവിന്റെ ആരോപണം പൂര്‍ണമായും തിബി തള്ളി.
അറബ് വോട്ടര്‍മാരുടെ പങ്കാളിത്തത്തിലുണ്ടായ വര്‍ധനവിന് കാരണം നിലവിലെ സര്‍ക്കാരിനോടുള്ള ജനങ്ങളുടെ അതൃപ്തിയും അറബ് സമൂഹങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളുമാണെന്ന് തിബി ചൂണ്ടിക്കാട്ടി. അറബ് മേഖലകളിലെ അക്രമസംഭവങ്ങള്‍, ബെന്‍ ഗ്വിറിന്റെയും ബെസലേല്‍ സ്മോട്രിച്ചിന്റെയും പ്രസ്താവനകള്‍, അറബ് പൗരന്മാര്ക്കെതിരായ വിദ്വേഷ പ്രചാരണങ്ങള്‍ എന്നിവയും വോട്ടര്‍മാരെ സ്വാധീനിച്ചെന്നും അദ്ദേഹം പറഞ്ഞു.
‘അറബ് ജനതയെ ആക്രമിക്കുകയും അവര്‍ക്കെതിരെ വിദ്വേഷം വളര്‍ത്തുകയും ചെയ്ത സര്‍ക്കാരിനെതിരായ സ്വയംപ്രതിരോധമായിരുന്നു അത്. ഇതിനെല്ലാം മറുപടിയായി ജനങ്ങള്‍ വോട്ടുചെയ്യാനിറങ്ങി. ആ ജനതയെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു,’ തിബി പറഞ്ഞു.
ഫലസ്തീന് ജനതയുടെ അവകാശങ്ങള്‍ക്കുവേണ്ടി നിരന്തരം സംസാരിക്കുകയും ഇസ്രഈല്‍ സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുകയും ചെയ്യുന്ന നേതാവാണ് അഹ്മദ് തിബി. അദ്ദേഹത്തിന്റെ പുതിയ പദവി ഇസ്രഈല്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധ നേടുന്നതും അതുകൊണ്ടുതന്നെയാണ്. രാജ്യത്തെ രാഷ്ട്രീയത്തില്‍ അറബ് പ്രതിനിധികളുടെ പങ്കും സ്വാധീനവും ചര്‍ച്ചയാകുന്നതിനിടെയാണ് തിബിയുടെ ഈ നിയമനം.
Content Highlight: Yasser Arafat’s Adviser, the Arab Leader Who Recited prayer inside the Knesset Who Is Ahmad Tibi