| Sunday, 16th August 2026, 2:28 pm

55ാം പോരാട്ടത്തില്‍ രോഹിത് വീണു; ടെസ്റ്റില്‍ യശസുയര്‍ത്തി ജെയ്സ്വാള്‍

സുദേവ് എ

ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ മികച്ച സ്‌കോര്‍ നേടി മുന്നേറുകയാണ്. രണ്ടാം ദിവസത്തിലേക്ക് കടന്ന് മത്സരത്തില്‍ നിലവില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സ് എന്ന നിലയിലാണ്. സെഞ്ച്വറി നേടിയ ദേവദത്ത് പടിക്കലും വിക്കറ്റ് കീപ്പര്‍ റിഷബ് പന്തുമാണ് ക്രീസിലുള്ളത്.

ആദ്യ ദിനം ഇന്ത്യക്ക് വേണ്ടി വൈസ് ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. 162 പന്തില്‍ ഒരു സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടെ 77 റണ്‍സാണ് രാഹുല്‍ സ്വന്തമാക്കിയത്. മികച്ച രീതിയില്‍ ബാറ്റ് ചെയ്യവേ താരം റിട്ടയേഡ് ഹര്‍ട്ടാവുകയായിരുന്നു.

മത്സരത്തില്‍ ആദ്യം ഇന്ത്യയ്ക്ക് നഷ്ടമായത് യശസ്വി ജെയ്സ്വാളിനെയാണ്. 37 പന്തില്‍ 32 റണ്‍സ് നേടിയ ജെയ്സ്വാള്‍ റണ്‍ഔട്ടിലൂടെയാണ് പുറത്തായത്. പ്രഭാത് ജയസൂര്യയാണ് താരത്തെ പുറത്താക്കിയത്.

മത്സരത്തില്‍ ജെയ്സ്വാള്‍ റണ്‍ ഔട്ടായെങ്കിലും താരം ഒരു വമ്പന്‍ നേട്ടം സ്വന്തമാക്കിയാണ് മടങ്ങിയത്. ടെസ്റ്റില്‍ ആദ്യ 55 ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയാണ് ജെയ്സ്വാള്‍ തിളങ്ങിയത്. ആദ്യ 55 ഇന്നിങ്‌സില്‍ നിന്നും 2567 റണ്‍സാണ് ജെയ്സ്വാള്‍ സ്വന്തമാക്കിയത്.

മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ മറികടന്നാണ് ജെയ്സ്വാളിന്റെ കുതിപ്പ്. ടെസ്റ്റില്‍ ആദ്യം 55 ഇന്നിങ്‌സില്‍ നിന്നും 2558 റണ്‍സായിരുന്നു രോഹിത് നേടിയിരുന്നത്. 2509 റണ്‍സുമായി സുനില്‍ ഗവാസ്‌കറാണ് രോഹിത്തിന് പുറകിലുള്ളത്.

ഈ പട്ടികയില്‍ ജെയ്സ്വാളിന്റെ മുന്നിലുള്ളത് ഗൗതം ഗംഭീറും വിരേന്ദര്‍ സെവാഗുമാണ്. ഗംഭീര്‍ ആദ്യ 55 ഇന്നിങ്‌സില്‍ നിന്നും 2798 റണ്‍സ് നേടിയപ്പോള്‍ സെവാഗ് 2883 റണ്‍സും സ്വന്തമാക്കി.

അതേസമയം 2017ന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കയില്‍ ഒരു ടെസ്റ്റ് പരമ്പര കളിക്കുന്നത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും ഈ പരമ്പര നിര്‍ണായകമാണ്. നിലവില്‍ ഡബ്ല്യൂ.ടി.സി പോയിന്റ് പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തും ശ്രീലങ്ക ആറാം സ്ഥാനത്തുമാണ്.

Content Highlight: Yashwasvi Jaiswal create a new milestone in test as a opener

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more