| Monday, 8th December 2025, 9:28 am

ടി-20 സ്‌ക്വാഡില്‍ ഇടമില്ല, ലോകകപ്പുറപ്പിക്കാന്‍ രണ്ടും കല്‍പ്പിച്ച് ജെയ്‌സ്വാള്‍; കരുത്തര്‍ കൂടുതല്‍ കരുത്തരാകുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പര നാളെ (ചൊവ്വ) ആരംഭിക്കുകയാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് പ്രോട്ടിയാസ് ഇന്ത്യയിലെത്തി കളിക്കുക. കട്ടക്കിലെ ബരാബതി സ്‌റ്റേഡിയത്തിലാണ് ആദ്യ മത്സരം.

അടുത്ത വര്‍ഷം ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി-20 ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന രണ്ട് പരമ്പരകളില്‍ ആദ്യത്തേതാണിത്. ജനുവരിയില്‍ ന്യൂസിലാന്‍ഡിനെതിരെയാണ് മറ്റൊരു ടി-20 പരമ്പര.

സൂപ്പര്‍ താരം യശസ്വി ജെയ്‌സ്വാള്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരയുടെ ഭാഗമല്ല. പരിക്കേറ്റ ശുഭ്മന്‍ ഗില്‍ സ്‌ക്വാഡില്‍ ഇടം നേടിയപ്പോഴും സ്‌പെഷ്യലിസ്റ്റ് ഓപ്പണറായ ജെയ്‌സ്വാള്‍ സ്‌ക്വാഡിന്റെ ഭാഗമല്ല എന്നത് ആരാധകരില്‍ നിരാശയുണര്‍ത്തിയിരുന്നു.

ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപനത്തില്‍ ഈ പരമ്പര ഏറെ നിര്‍ണായകമാകുമെന്നുറപ്പാണ്. ജനുവരി 21നാണ് ന്യൂസിലാന്‍ഡിനെതിരായ പരമ്പര. ഈ പരമ്പരയില്‍ ‘ലോകകപ്പ് ടീം’ തന്നെയായിരിക്കും കളിക്കാന്‍ സാധ്യത.

ലോകകപ്പിന് മുമ്പ് തന്റെ മികവ് തെളിയിക്കാനും മികച്ച ഫോമില്‍ തുടരാനും ജെയ്‌സ്വാള്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ഭാഗമാകാന്‍ ഒരുങ്ങുകയാണ്. ടൂര്‍ണമെന്റില്‍ കരുത്തരായ മുംബൈയ്ക്ക് വേണ്ടിയാണ് താരം കളത്തിലിറങ്ങുന്നത്.

യശസ്വി ജെയ്‌സ്വാള്‍. Photo: BCCI/x.com

ആഭ്യന്തര ക്രിക്കറ്റിലെ ടൈറ്റന്‍സായ മുംബൈയിലേക്ക് ജെയ്‌സ്വാള്‍ കൂടിയെത്തുന്നതോടെ ടീമിന്റെ കരുത്ത് വര്‍ധിക്കുമെന്നുറപ്പാണ്. ലോകകപ്പ് മാത്രം ലക്ഷ്യമിട്ട് ബാറ്റ് വീശുന്ന ജെയ്‌സ്വാളിനെ തടുത്തുനിര്‍ത്തുകയെന്നത് ആഭ്യന്തര ബൗളര്‍മാര്‍ക്ക് വലിയ വെല്ലുവിളി തന്നെയായിരിക്കും.

കിരീടം നേടിയ കഴിഞ്ഞ ലോകകപ്പ് സ്‌ക്വാഡില്‍ ജെയ്‌സ്വാളും ഇടം നേടിയിരുന്നു. എന്നാല്‍ ഒറ്റ മത്സരം പോലും കളിക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ തന്റെ കരുത്തും ടീമിനൊപ്പമുണ്ടാകണമെന്ന വാശിയായിരിക്കും രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ക്കുണ്ടാവുക.

യശസ്വി ജെയ്‌സ്വാള്‍. Photo: Rajasthan Royals/x.com

ലോകകപ്പ് ടീമിന്റെ ഓപ്പണര്‍മാരിലൊരാളായി അഭിഷേക് ശര്‍മ ഏതാണ്ട് സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. താരത്തിന്റെ ഓപ്പണിങ് പാര്‍ട്ണറായി ജെയ്‌സ്വാള്‍ തന്നെയെത്തണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്.

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ താരം മികച്ച പ്രകടനം പുറത്തെടുത്തിരുരുന്നു. ഏകദിന ഫോര്‍മാറ്റില്‍ തന്റെ ആദ്യ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ജെയ്‌സ്വാള്‍ തിളങ്ങിയത്. ഇതോടെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ആറാം താരമാകാനും ജെയ്‌സ്വാളിന് സാധിച്ചിരുന്നു.

ഫെബ്രുവരിയില്‍ ടി-20 ലോകകപ്പ് നടക്കുമെന്നതിനാല്‍ ടീമിലെ സ്ഥാനത്ത് വേണ്ടിയാണ് ജെയ്‌സ്വാള്‍ ഇപ്പോള്‍ പൊരുതുന്നത്.

Content Highlight: Yashasvi Jaiswal to play Syed Mushtaq Ali Trophy

We use cookies to give you the best possible experience. Learn more