| Thursday, 3rd April 2025, 7:34 am

പുതിയ ടീമില്‍ ക്യാപ്റ്റന്‍! യശസ്വി ജെയ്‌സ്വാള്‍ ടീം വിടാന്‍ കൂടുതല്‍ കാരണങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ യുവതാരം യശസ്വി ജെയ്സ്വാള്‍ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ ടീം മാറാന്‍ ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആഭ്യന്തര തലത്തില്‍ മുംബൈയ്ക്കായി കളത്തിലിറങ്ങിയ താരം അടുത്ത സീസണ്‍ മുതല്‍ ഗോവയ്ക്കൊപ്പം കളത്തിലിറങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്.

ഇതിന്റെ ഭാഗമായി താരം മുംബൈ ക്രിക്കറ്റ് അസോസിയേഷന് മുമ്പില്‍ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ട്.

താന്‍ ഇന്ന് എന്തെങ്കിലും ആയിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ അതിന് കാരണം മുംബൈ ആണെന്നും താന്‍ മുംബൈ ക്രിക്കറ്റ് അസിസോയിഷനോട് എക്കാലവും കടപ്പെട്ടിരിക്കുന്നവനാണെന്നും ജെയ്‌സ്വാള്‍ പറഞ്ഞു. എന്നാല്‍ ഗോവ തനിക്ക് മുമ്പില്‍ ക്യാപ്റ്റന്‍സി ഓഫര്‍ ചെയ്തിട്ടുണ്ടെന്നും താരം വ്യക്തമാക്കുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു ജെയ്‌സ്വാള്‍.

‘എന്നെ സംബന്ധിച്ച് ഇത് ഏറെ ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. ഞാന്‍ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന് കാരണം മുംബൈ ആണ്. ഈ നഗരമാണ് എന്നെ ഞാനാക്കി തീര്‍ത്തത്.

ഇതിന് എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് കടപ്പെട്ടവനായിരിക്കും. ഗോവ എനിക്ക് മുമ്പില്‍ പുതിയ അവസരങ്ങള്‍ തുറന്നിട്ടിട്ടുണ്ട്. അവര്‍ എനിക്ക് ലീഡര്‍ഷിപ്പ് റോളാണ് വാഗ്ദാനം ചെയ്തത്,’ ജെയ്‌സ്വാള്‍ പറഞ്ഞു.

വ്യക്തിപരമായ കാരണങ്ങളാലാണ് താന്‍ ടീം മാറുന്നതെന്നാണ് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് മുംബൈ ക്രിക്കറ്റ് അസോസിയേഷന് നല്‍കിയ കത്തില്‍ ജെയ്സ്വാള്‍ വ്യക്തമാക്കിയത്.

അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും ഇത്തരത്തില്‍ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ മുംബൈയില്‍ നിന്നും ഗോവയിലേക്ക് തട്ടകം മാറ്റിയതാണ്. മുംബൈയില്‍ താരത്തിന് അധികം അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ ഗോവയില്‍ അര്‍ജുന് അവസരം ലഭിക്കുകയും ടീമിനൊപ്പമുള്ള ആദ്യ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ ജെയ്സ്വാളിന് പുതിയ സീസണില്‍ ഇനിയും താളം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതുവരെ കളിച്ച മൂന്ന് മത്സരത്തില്‍ നിന്നും 11.33 ശരാശരിയില്‍ 34 റണ്‍സ് മാത്രമാണ് താരത്തിന് കണ്ടെത്താന്‍ സാധിച്ചത്. സ്ട്രൈക്ക് റേറ്റാകട്ടെ വെറും 106.25ഉം!

ബാറ്റെടുത്ത മൂന്ന് കളിയില്‍ രണ്ടിലും ഒറ്റയക്കത്തിനാണ് ജെയ്സ്വാള്‍ പുറത്തായത്. സണ്‍റെസേഴ്സിനെതിരെ അവരുടെ തട്ടകമായ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു റണ്‍സ് മാത്രമാണ് താരത്തിന് കണ്ടെത്താന്‍ സാധിച്ചത്.

രാജസ്ഥാന്‍ റോയല്‍സിന്റെ സെക്കന്‍ഡ് ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബര്‍സാപര അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് അടുത്ത രണ്ട് മത്സരങ്ങളിലും താരം കളത്തിലിറങ്ങിയത്.

ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ തീര്‍ത്തും നിരുത്തരവാദിത്തപരമായാണ് ജെയ്സ്വാള്‍ ബാറ്റ് വീശിയതെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. 29 റണ്‍സാണ് നൈറ്റ് റൈഡേഴ്സിനെതിരെ താരം കണ്ടെത്തിയത്. ഇതേ ഗ്രൗണ്ടില്‍ മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ നാല് റണ്‍സിനും ജെയ്സ്വാള്‍ മടങ്ങി.

വരും മത്സരങ്ങളില്‍ ജെയ്സ്വാള്‍ മികച്ച തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ അഞ്ചിനാണ് രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത മത്സരം. പഞ്ചാബ് കിങ്സാണ് എതിരാളികള്‍. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ മുല്ലാന്‍പൂരിലെ മഹാരാജ യാദവീന്ദ്ര സ്റ്റേഡിയമാണ് വേദി.

Content highlight: Yashasvi Jaiswal reveals that Goa offered him captaincy in domestic cricket

We use cookies to give you the best possible experience. Learn more