| Thursday, 15th May 2025, 3:11 pm

ആശാന്‍മാരേയും വെടിക്കെട്ട് വീരനേയും ഒരുമിച്ച് വെട്ടാന്‍ ജെയ്‌സ്വാള്‍; ഇംഗ്ലണ്ടിനെ വിറപ്പിക്കാന്‍ ദേ ഇവനൊരുത്തന്‍ മതി!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ കഴിഞ്ഞാല്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയാണ് മുന്നിലുള്ളത്. ജൂണ്‍ 20നാണ് അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. എന്നാല്‍ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ സൂപ്പര്‍താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും വിരമിക്കല്‍ പ്രഖ്യാപിച്ചത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്.

സീനിയര്‍ താരങ്ങള്‍ വിരമിക്കുമ്പോള്‍ ഇന്ത്യന്‍ ടീമിലെ യുവതാരങ്ങളില്‍ പ്രധാന ശ്രദ്ധാകേന്ദ്രം ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളാണ്. കഴിഞ്ഞ സീസണില്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ച ജെയ്‌സ്വാള്‍ തന്റെ മിന്നും പ്രകടനം കാഴ്ചവെക്കുമെന്നാണ് വിശ്വസിക്കുന്നത്.

മാത്രമല്ല വരാനിരിക്കുന്ന ടെസ്റ്റില്‍ വെറും 202 റണ്‍സ് നേടിയാല്‍ ഒരു തകര്‍പ്പന്‍ റെക്കോഡ് നേട്ടമാണ് താരത്തെ കാത്തിരിക്കുന്നത്. ടെസ്റ്റില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് ജെയ്‌സ്വാളിനി സാധിക്കുക.

ഈ നാഴികക്കല്ല് പിന്നിടുന്നതിനോട് കൂടെ മറ്റൊരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ജെയ്‌സ്വാളിന് സാധിക്കും. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ബാറ്ററാകാന്‍ താരത്തിന് കഴിയും. ഈ നേട്ടത്തില്‍ മുന്‍ താരം രാഹുല്‍ ദ്രാവിഡിനെയും വിരേന്ദര്‍ മറികടക്കാനുള്ള അവസരവും യുവതാരത്തിനുണ്ട്. വെറും 40 ഇന്നിങ്‌സില്‍ നിന്നുമാണ് ദ്രാവിഡും സേവാഗും ഈ റെക്കോര്‍ഡ് നേട്ടത്തില്‍ എത്തിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ ബാറ്റര്‍ (താരം, ഇന്നിങ്‌സ് എന്ന ക്രമത്തില്‍)

രാഹുല്‍ ദ്രാവിഡ് – 40 ഇന്നിങ്‌സ്

വിരേന്ദര്‍ സേവാഗ് – 40 ഇന്നിങ്‌സ്

വിജയ് ഹസാരെ – 43 ഇന്നിങ്‌സ്

ഗൗതം ഗംഭീര്‍ – 43 ഇന്നിങ്‌സ്

നിലവില്‍ 19 ടെസ്റ്റ് മത്സരങ്ങളിലെ 36 ഇന്നിങ്‌സില്‍ നിന്ന് 1798 റണ്‍സ് ആണ് താരം നേടിയത്. 214 എന്ന ഉയര്‍ന്ന സ്‌കോറും 52.88 എന്ന ആവറേജും ഫോര്‍മാറ്റില്‍ താരത്തിനുണ്ട്. രണ്ട് ഇരട്ട സെഞ്ച്വറിയും നാല് സെഞ്ച്വറിയും 10 അര്‍ധ സെഞ്ച്വറിയും ജെയ്‌സ്വാള്‍ റെഡ് ബോളില്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ജയസ്വാളിന്റെ ഇരട്ട സെഞ്ച്വറി പ്രകടനം.

ടെസ്റ്റ് ക്രിക്കറ്റില്‍ അഗ്രസീവ് ബാറ്റിങ്ങിന് പേരുകേട്ട സേവാഗ് 2001 മുതല്‍ 2013 വരെയാണ് ഫോര്‍മാറ്റില്‍ ആധിപത്യം സൃഷ്ടിച്ചത്. അതേസമയം ഇന്ത്യയുടെ ക്ലാസിക് ഡിഫന്‍ഡര്‍ 1996 മുതല്‍ 2012 വരെയാണ് റെഡ് ബോള്‍ കളിച്ചത്.

Content Highlight: Yashasvi Jaiswal Need 202 Runs To Achieve Great Record In Test Cricket

We use cookies to give you the best possible experience. Learn more