| Friday, 9th May 2025, 1:37 pm

യു ടേര്‍ണിന് ഒരുങ്ങി ജെയ്‌സ്വാള്‍; ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയിലേക്കില്ല!

സ്പോര്‍ട്സ് ഡെസ്‌ക്

ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈക്ക് വേണ്ടി കളിക്കാന്‍ തയ്യാറാണെന്ന് യശസ്വി ജെയ്‌സ്വാള്‍. നേരത്തെ ഗോവയ്ക്ക് വേണ്ടി കളിക്കാന്‍ ജയ്‌സ്വാള്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) ആവശ്യപ്പെട്ടിരുന്നു. 23കാരനായ താരം ഇപ്പോള്‍ തന്റെ അഭ്യര്‍ത്ഥന പിന്‍വലിക്കാന്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന് ഒരു ഇമെയില്‍ അയച്ചിട്ടുണ്ട്. മാത്രമല്ല ആഭ്യന്തര ടൂര്‍ണമെന്റുകള്‍ക്ക് മുംബൈയുടെ കൂടെ ഉണ്ടാകുമെന്നും താരം ഇമെയ്‌ലില്‍ പറഞ്ഞു.

‘ഗോവയിലേക്ക് മാറാനുള്ള എന്റെ തീരുമാനത്തില്‍ ലഭിച്ച എന്‍.ഒ.സി പിന്‍വലിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ സീസണില്‍ മുംബൈയ്ക്ക് വേണ്ടി കളിക്കാന്‍ എന്നെ അനുവദിക്കണമെന്ന് ഞാന്‍ എം.സി.എയോട് അഭ്യര്‍ത്ഥിക്കുന്നു. ബി.സി.സി.ഐയ്ക്കും ഗോവ ക്രിക്കറ്റ് അസോസിയേഷനും ഞാന്‍ എന്‍.ഒ.സി സമര്‍പ്പിച്ചിട്ടില്ല,’ ജയ്സ്വാള്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന് അയച്ച ഇമെയിലില്‍ എഴുതി.

ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 66 ഇന്നിങ്‌സില്‍ നിന്ന് 3712 റണ്‍സാണ് താരം നേടിയത്. 265 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം നേടിയിട്ടുണ്ട്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 33 ഇന്നിങ്‌സില്‍ നിന്ന് 1526 റണ്‍സും ജെയ്‌സ്വാള്‍ നേടി.

അതേസമയം ഐ.പി.എല്‍ 2025 സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ റദ്ധാക്കിയിരിക്കുകയാണ്. ഇന്ത്യാ- പാകിസ്ഥാന്‍ സംഘര്‍ഷാവസ്ഥയെ തുടര്‍ന്നാണ് മത്സരങ്ങള്‍ റദ്ധാക്കിയത്. താരങ്ങളുടെയും കാണികളുടെയും സുരക്ഷാ കണക്കിലെടുത്താണ് ഈ തീരുമാനം.

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ദല്‍ഹി ക്യാപ്പിറ്റല്‍സ് – പഞ്ചാബ് കിങ്‌സ് മത്സരവും ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ ഐ.പി.എല്‍ മത്സരങ്ങള്‍ തുടരുമോയെന്ന അനിശ്ചിതാവസ്ഥ നിലനിന്നിരുന്നു. ഇന്ന് നടക്കാനിരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് പോരാട്ടം ഉപേക്ഷിക്കുകയും പഞ്ചാബ് കിങ്‌സുമായുള്ള മുംബൈ ഇന്ത്യന്‍സ് മത്സരത്തിന്റെ വേദി അഹമ്മദാബാദിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ഇതേ തുടര്‍ന്ന് ഓസ്ട്രേലിയ നിന്ന് അടക്കമുള്ള വിദേശ താരങ്ങള്‍ ഐ.പി.എല്‍ വിടാനൊരുങ്ങുന്നുവെന്ന് ദി സിഡിനി മോര്‍ണിങ്ങ് ഹെറാള്‍ഡാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് താരങ്ങളുടെ സുരക്ഷയെ കുറിച്ച് ബി.സി.സി.ഐയുമായി ബന്ധപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് ഐ.പി.എല്‍ പൂര്‍ണമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. പി.ടി.ഐ ബി.സി.സി.ഐ വൃത്തത്തെ ഉദ്ധരിച്ചാണ് ഐ.പി.എല്‍ നിര്‍ത്തിവെച്ചത് റിപ്പോര്‍ട്ട് ചെയ്തത്.

Content Highlight: Yashasvi Jaiswal Is ready to play for Mumbai in domestic cricket

We use cookies to give you the best possible experience. Learn more