| Saturday, 11th October 2025, 8:07 am

സെവാഗ് വാഴുന്ന ലിസ്റ്റില്‍ സ്വന്തം ആശാനെയും വെട്ടി; സൂപ്പര്‍ നേട്ടത്തില്‍ ജെയ്‌സ്വാള്‍

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് മത്സരം അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുകയാണ്. നിലവില്‍ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ആദ്യ ദിനം അവസാനിച്ചപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സാണ് നേടിയത്. ടീമിന് വേണ്ടി മിന്നും പ്രകടനമാണ് ജെയ്‌സ്വാള്‍ കാഴ്ചവെക്കുന്നത്. 253 പന്തില്‍ 22 ഫോര്‍ ഉള്‍പ്പെടെ 173 റണ്‍സാണ് താരം നേടിയത്.

ഇതോടെ ഒരു സൂപ്പര്‍ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ് ജെയ്‌സ്വാള്‍. ഒരു ഇന്ത്യന്‍ ഓപ്പണര്‍ എന്ന നിലയില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ 150 പ്ലസ് റണ്‍സ് നേടുന്ന മൂന്നാമത്തെ താരമാകാനാണ് ജെയ്‌സ്വാളിന് സാധിച്ചത്. ഇന്ത്യയുടെ മുഖ്യ പരിശീലകനും മുന്‍ താരവുമായ ഗൗതം ഗംഭീറിനെ മറികടന്നാണ് ജെയ്‌സ്വാള്‍ ഈ റെക്കോഡ് ലിസ്റ്റില്‍ മൂന്നാമത് എത്തിയത്. തന്റെ 23ാം വയസിലാണ് ജെയ്‌സ്വാള്‍ ഈ നേട്ടം സ്വന്തമാക്കിയതെന്നത് മറ്റൊരു പ്രത്യേകതയാണ്. ഈ നേട്ടത്തില്‍ മുന്നിലുള്ളത് ഇന്ത്യയുടെ വെടിക്കെട്ട് വീരന്‍ വിരേന്ദര്‍ സെവാഗാണ്.

ഒരു ഇന്ത്യന്‍ ഓപ്പണര്‍ എന്ന നിലയില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ 150 പ്ലസ് റണ്‍സ് നേടുന്ന താരം, എണ്ണം എന്ന ക്രമത്തില്‍

വിരേന്ദര്‍ സെവാഗ് – 14

സുനില്‍ ഗവാസ്‌കര്‍ – 11

യശസ്വി ജെയ്‌സ്വാള്‍ – 5

ഗൗതം ഗംഭീര്‍ – 4

മുരളി വിജയ് – 4

മത്സരത്തില്‍ പുറത്താകാതെ ക്രീസില്‍ തന്നെ നിന്നാല്‍ താരത്തിന് തന്റെ മൂന്നാം ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നത് ഉറപ്പാണ്. നേരത്തെ ഇംഗ്ലണ്ടിനെതിരെ 2024ലിലാണ് ജെയ്‌സ്വാള്‍ തന്റെ രണ്ട് ഡബിള്‍സും നേടിയത്. 209, 214 എന്നിങ്ങനെയായിരുന്നു ജെയ്‌സാളിന്റെ സ്‌കോര്‍.

ജെയ്‌സ്വാളിന് പുറമെ യുവ താരം സായി സുദര്‍ശനും ഇന്ത്യക്ക് വേണ്ടി തിളങ്ങിയിരുന്നു. 165 പന്തില്‍ 12 ഫോറുള്‍പ്പെടെ 87 റണ്‍സ് നേടിയാണ് താരം പുറത്തായത്. കെ.എല്‍. രാഹുലും മികച്ച പ്രകടനം നടത്തിയാണ് മടങ്ങിയത്.

54 പന്തില്‍ 38 റണ്‍സ് സ്‌കോര്‍ ചെയ്താണ് തിരികെ നടന്നത്. താരത്തിന്റെ ഇന്നിങ്സില്‍ പിറന്നത് ഒരു സിക്‌സും അഞ്ച് ഫോറുമാണ്. നിലവില്‍ ജെയ്‌സ്വാളിനൊപ്പം ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ 68 പന്തില്‍ 20 റണ്‍സ് നേടി ക്രീസിലുണ്ട്. വിന്‍ഡീസിനായി ജോമല്‍ വാരിക്കനാണ് ബൗളിങ്ങില്‍ തിളങ്ങിയത്. താരത്തിനാണ് മത്സരത്തിലെ രണ്ട് വിക്കറ്റുകളും.  20 ഓവറില്‍ 60 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് വാരിക്കന്റെ ഈ പ്രകടനം.

Content Highlight: Yashasvi Jaiswal In Great Record Achievement

We use cookies to give you the best possible experience. Learn more