| Friday, 10th October 2025, 4:23 pm

സെഞ്ചൂറിയന്‍ ജെയ്സ്വാള്‍; ഇനി ഗ്രെയാം സ്മിത്തിനൊപ്പം

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറിയുമായി തിളങ്ങി ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജെയ്സ്വാള്‍. താരത്തിന്റെ കരുത്തില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ മികച്ച സ്‌കോറിലെത്തി. നിലവില്‍ 83 ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റിന് 291 റണ്‍സാണ് എടുത്തിട്ടുള്ളത്.

ജെയ്സ്വാള്‍ ശക്തമായ നിലയില്‍ ബാറ്റിങ് തുടരുകയാണ്. താരം ഇതുവരെ 230 പന്തുകള്‍ നേരിട്ട് 151 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. 19 ഫോറുകളാണ് ഇടം കൈയ്യന്‍ ബാറ്ററുടെ ഇന്നിങ്‌സില്‍ പിറന്നത്.

ഈ സെഞ്ച്വറി പ്രകടനത്തോടെ ഒരു സൂപ്പര്‍ നേട്ടമാണ് താരം സ്വന്തമാക്കിയത്. 23 വയസോ അതില്‍ താഴെയോ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന ഓപ്പണര്‍മാരില്‍ ഒന്നാമാതാവാനാണ് ജെയ്സ്വാളിന് സാധിച്ചത്.

സൗത്ത് ആഫ്രിക്കന്‍ താരം ഗ്രെയാം സ്മിത്തിനൊപ്പമാണ് താരവും ഈ ലിസ്റ്റില്‍ തലപ്പത്തുള്ളത്. ഇരുവര്‍ക്കും ഏഴ് സെഞ്ച്വറികള്‍ വീതമാണുള്ളത്. എന്നാല്‍, സ്മിത്തിനെക്കാള്‍ രണ്ട് ഇന്നിങ്സ് കുറവ് കളിച്ചാണ് താരം ഈ നേട്ടത്തിലെത്തിയത്.

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയുള്ള ഓപ്പണര്‍ (23 വയസോ അതില്‍ താഴെയോയുള്ള താരങ്ങള്‍)

(താരം – ഇന്നിങ്സ് – സെഞ്ച്വറി എന്നീ ക്രമത്തില്‍)

യശസ്വി ജെയ്സ്വാള്‍ – 48 – 7*

ഗ്രെയാം സ്മിത് – 50 – 7

ലെന്‍ ഹട്ടന്‍ – 21 – 5

അലിസ്റ്റര്‍ കുക്ക് – 54 – 5

ജെയ്സ്വാളിനൊപ്പം ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്ലാണ് ക്രീസിലുള്ളത്. താരം 52 പന്തില്‍ 15 റണ്‍സാണ് ഇതുവരെ നേടിയത്. സായ് സുദര്‍ശന്‍, കെ.എല്‍ രാഹുല്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യന്‍ സംഘത്തിന് നഷ്ടമായത്. സുദര്‍ശന്‍ 165 പന്തുകളില്‍ 12 ഫോറടക്കം 87 റണ്‍സാണ് സ്‌കോര്‍ ചെയ്തത്.

ഓപ്പണറായെത്തിയ രാഹുലും മികച്ച സംഭാവന നല്‍കിയാണ് തിരികെ നടന്നത്. താരം 54 പന്തില്‍ 38 റണ്‍സാണ് അടിച്ചെടുത്തത്. അഞ്ച് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

വെസ്റ്റ് ഇന്‍ഡീസിനായി രണ്ട് വിക്കറ്റുകളും വീഴ്ത്തിയത് ജോമല്‍ വാരിക്കനാണ്. താരം 14 ഓവറുകള്‍ എറിഞ്ഞ് 45 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് രണ്ട് വിക്കറ്റുകളും സ്വന്തമാക്കിയത്.

Content Highlight: Yashasvi Jaiswal equals Graeme Smith in most century as a opener in Test in the age of  23 or younger

We use cookies to give you the best possible experience. Learn more