| Sunday, 24th May 2026, 5:12 pm

വന്നു അടിച്ചു കീഴടക്കി; രോഹിത്തിനെ വെട്ടി ചരിത്രത്തില്‍ ഒന്നാമനായി ജെയ്സ്വാള്‍

Sudev A

ഐ.പി.എല്ലിലെ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെ നേരിടുകയാണ്. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല.

പവര്‍ പ്ലേയില്‍ തന്നെ മൂന്ന് വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. വൈഭവ് സൂര്യവംശി, യശ്വസി ജെയ്സ്വാള്‍, ക്യാപ്റ്റന്‍ റിയാന്‍ പരാഗ് എന്നിവരെയാണ് തുടക്കത്തില്‍ റോയല്‍സിന് നഷ്ടമായത്. 17 പന്തില്‍ 27 റണ്‍സ് നേടിയാണ് ജെയ്സ്വാള്‍ മടങ്ങിയത്. ഒരു ഫോറും മൂന്ന് സിക്‌സുകളുമാണ് ജെയ്സ്വാള്‍ സ്വന്തമാക്കിയത്.

മത്സരത്തില്‍ നേടിയ മൂന്ന് സിക്‌സുകള്‍ക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ജെയ്സ്വാള്‍ കൈപ്പിടിയിലാക്കി. ഐ.പി.എല്ലില്‍ ആദ്യ ഓവറില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമായാണ് ജെയ്സ്വാള്‍ മാറിയത്. 14 സിക്‌സുകളാണ് ജെയ്സ്വാള്‍ ഇതുവരെ ആദ്യ ഓവറില്‍ നേടിയിട്ടുള്ളത്. 13 സിക്‌സുകള്‍ നേടിയ മുന്‍ മുംബൈ നായകന്‍ രോഹിത് ശര്‍മയെ മറികടന്നാണ് രാജസ്ഥാന്‍ താരത്തിന്റെ മുന്നേറ്റം.

ഐ.പി.എല്ലില്‍ ആദ്യ ഓവറില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരം, സിക്‌സുകളുടെ എണ്ണം

യശ്വസി ജെയ്സ്വാള്‍-14

രോഹിത് ശര്‍മ-13

വീരേന്ദര്‍ സെവാഗ്-12

വിരാട് കോഹ്ലി-12

ക്രിസ് ഗെയ്ല്‍-12

സുനില്‍ നരെയ്ന്‍-11

ബ്രെണ്ടന്‍ മക്കല്ലം-10

കെ.എല്‍ രാഹുല്‍-9

ശുഭ്മന്‍ ഗില്‍-9

പ്രിയാന്‍ഷ് ആര്യ-9

വൈഭവ് സൂര്യവംശി-9

അതേസമയം ഈ മത്സരം രാജസ്ഥാന് അതിനിര്‍ണായകമാണ്. ഇന്ന് വിജയിക്കാനായാല്‍ രാജസ്ഥാന് പ്ലേ ഓഫിലേക്ക് കടക്കാനാവും. നിലവില്‍ 14 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് പരാഗും സംഘവും. ഇന്ന് മുംബൈയെ വീഴ്ത്തിയാല്‍ പഞ്ചാബിനെ മറികടന്നുകൊണ്ട് ടോപ് ഫോറിലേക്ക് മുന്നേറാന്‍ രാജസ്ഥാന് സാധിക്കും. എന്നാല്‍ ടൂര്‍ണമെന്റില്‍ നിന്നും നേരത്തെ പുറത്തായ മുംബൈ അവസാന മത്സരം വിജയിച്ചുകൊണ്ട് മടങ്ങാനാവും ലക്ഷ്യം വെക്കുക.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ്

റയാന്‍ റിക്കെല്‍ട്ടണ്‍ (വിക്കറ്റ് കീപ്പര്‍) നമന്‍ ധിര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), വില്‍ ജാക്‌സ്, കോര്‍ബിന്‍ ബോഷ്, ദീപക് ചാഹര്‍, ഷാര്‍ദുല്‍ താക്കൂര്‍, അല്ലാഹ് ഗസന്‍ഫര്‍, രഘു ശര്‍മ.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെസ്വാള്‍, വൈഭവ് സൂര്യവംശി, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ഡോണോവന്‍ ഫെരേര, ശുഭം ദുബെ, ദസുന്‍ ഷനക, ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രേ ബര്‍ഗര്‍, യാഷ് രാജ് പുഞ്ച, ബ്രിജേഷ് ശര്‍മ.

Content Highlight: Yashasvi Jaiswal create a historical record in ipl

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more