| Wednesday, 29th October 2025, 7:27 am

ഷൂട്ട് ചെയ്ത സീനുകളില്‍ മാസ് പോര, ടോക്‌സിക് ചിത്രീകരണം നിര്‍ത്തിവെപ്പിച്ച് യഷ്?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കെ.ജി.എഫ് സീരീസിന് ശേഷം യഷ് നായകനായെത്തുന്ന ചിത്രമാണ് ടോക്‌സിക്. 2023ല്‍ അനൗണ്‍സ് ചെയ്ത ചിത്രം രണ്ട് വര്‍ഷം പിന്നിട്ടിട്ടും തിയേറ്ററുകളിലെത്തിയിട്ടില്ല. 2024ല്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. മൂത്തോന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം പല വിവാദങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്.

കെ.ജി.എഫിന് പിന്നാലെയിറങ്ങുന്ന ടോക്‌സികില്‍ സംവിധായികയും നായകനും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗീതു മോഹന്‍ദാസിനെ മാറ്റുന്നു എന്ന തരത്തില്‍ ഇടക്ക് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും യഷ് അതെല്ലാം വ്യാജമാണെന്ന് അറിയിച്ചു. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ട് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതുവരെ ഷൂട്ട് ചെയ്ത വിശ്വലുകളില്‍ യഷ് ഒട്ടും തൃപ്തനാകാത്തതിനാലാണ് ഷൂട്ട് നിര്‍ത്തി വെച്ചതെന്ന് പാനി പൂരി എന്ന സിനിമാ പേജ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗീതു മോഹന്‍ദാസിന്റെ ഫിലിം മേക്കിങ് രീതിയില്‍ യഷിന് വേണ്ടത്ര മാസ് സീനുകളില്ലെന്നും പാനി പൂരി റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ അനൗണ്‍സ് ചെയ്ത റിലീസ് ഡേറ്റില്‍ ടോക്‌സിക് റിലീസ് ചെയ്യില്ലെന്നും ഈ പേജ് പറയുന്നുണ്ട്.

എന്നാല്‍ ഇതെല്ലാം വ്യാജമാണെന്നും ചിത്രത്തിന്റെ വി.എഫ്.എക്‌സ് വര്‍ക്കുകള്‍ നടക്കുകയാണെന്ന് അവകാശപ്പെട്ടുകൊണ്ട് കമന്റ് ബോക്‌സില്‍ പലരും അഭിപ്രായപ്പെടുന്നു. 95 ശതമാനം ഷൂട്ടും പൂര്‍ത്തിയായെന്നും പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണെന്നും ചിലര്‍ കമന്റ് പങ്കുവെച്ചു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നതുവരെ ഇത്തരം വ്യാജ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കരുതെന്നും കമന്റുകളുണ്ട്.

2025 മാര്‍ച്ചില്‍ ടോക്‌സിക് റിലീസ് ചെയ്യുമെന്നായിരുന്നു ടൈറ്റില്‍ അനൗണ്‍സ്‌മെന്റില്‍ അറിയിച്ചത്. എന്നാല്‍ ഇത് പിന്നീട് മാറ്റുകയായിരുന്നു. കെ.ജി.എഫിന് ശേഷം കരിയറിലെ മൂന്ന് വര്‍ഷം ഒരു സിനിമക്ക് വേണ്ടി മാത്രം മാറ്റിവെച്ച യഷിന്റെ തീരുമാനത്തെ പലരും വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഇതിനെല്ലാമുള്ള മറുപടി റിലീസിന് ശേഷം ലഭിക്കുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

റീഷൂട്ടും സ്‌ക്രിപ്റ്റ് തിരുത്തിയെഴുതലുകളുമായി ടോക്‌സിക്കിന്റെ ബജറ്റ് പറഞ്ഞതിലും കൂടുതലായെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 600 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നയന്‍താര, കിയാര അദ്വാനി, രുക്മിണി വസന്ത്, ഹുമ ഖുറേഷി, സുദേവ് നായര്‍ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. ഹോളിവുഡ് ആക്ഷന്‍ കൊറിയോഗ്രാഫര്‍ ജെ.ജെ പെറിയാണ് ടോക്‌സിക്കിനായി ആക്ഷന്‍ സീനുകള്‍ ഒരുക്കുന്നത്.

Content Highlight: Unconfirmed reports that Toxic movie will delay due to creative difference with Yash and Geethu Mohandas

We use cookies to give you the best possible experience. Learn more