കെ.ജി.എഫ് എന്ന ഒറ്റ ചിത്രത്തിലൂടെ കരിയര്‍ ഗ്രാഫ് കുത്തനെ ഉയര്‍ത്തിയ അഭിനേതാവാണ് യഷ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങിയത് 2022ലായിരുന്നു. ആദ്യ ഭാഗത്തെക്കാള്‍ മികച്ച വിജയം നേടി ഇന്ത്യന്‍ സിനിമയിലെ തന്നെ വന്‍ വിജയങ്ങളിലൊന്നായി ചിത്രം മാറുകയും ചെയ്തിരുന്നു. എന്നാല്‍ കെ.ജി.എഫിന് ശേഷം നാല് വര്‍ഷങ്ങള്‍ കഴിഞ്ഞ് 2026ലായിരുന്നു താരത്തിന്റെ അടുത്ത ചിത്രം തിയേറ്ററുകളിലെത്തിയത്.
ടോക്സിക്ക്. Photo: District
മലയാളിയായ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ടോക്സിക്ക് വലിയ ഹൈപ്പിലാണ് തിയേറ്ററുകളിലെത്തിയതെങ്കിലും യഷിന് നിരാശയായിരുന്നു ഫലം. മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടാതെ തിയേറ്ററില്‍ ചിത്രം തകര്‍ന്നടിയുന്ന കാഴ്ചയ്ക്കായിരുന്നു സിനിമാലോകം സാക്ഷ്യം വഹിച്ചത്. സ്റ്റാര്‍ഡത്തിന്റെ പീക്കില്‍ നിന്ന യഷിന്റെ കരിയറിനും ചിത്രം പരിക്കേല്പിച്ചിരുന്നു. എന്നാല്‍ ദീപാവലി റിലീസായെത്തിയ, നിതിഷ് തിവാരി സംവിധാനം ചെയ്ത രാമായണയിലൂടെ ടോക്‌സിക്കിന്റെ എല്ലാ ക്ഷീണങ്ങളും തീര്‍ത്തുകൊണ്ട് വമ്പന്‍ തിരിച്ചുവരവാണ് യഷ് നടത്തിയിരിക്കുന്നത്.
ബോക്‌സ് ഓഫീസില്‍ 1000 കോടിയും കടന്ന് കുതിക്കുന്ന ചിത്രത്തില്‍ രാവാണനായാണ് യഷ് വേഷമിട്ടത്. റോളിലേക്ക് മറ്റാരെയും സങ്കല്പിക്കാന്‍ സാധിക്കാത്ത വിധത്തില്‍ അതിഗംഭീര പ്രകടനമായിരുന്നു യഷ് ചിത്രത്തില്‍ കാഴ്ചവെച്ചത്. ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാള്‍ കൂടിയായ യഷ് സിനിമാരംഗത്തെ വിജയ പരാജയങ്ങളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമായണ. Photo: X.com
‘ഞാന്‍ ശരിയായ ദിശയിലാണോ സഞ്ചരിക്കുന്നത്, ഞാന്‍ ചെയ്ത് കൊണ്ടിരിക്കുന്ന കാര്യം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയമെടുക്കുമോ എന്നതെല്ലാമാണ് എന്റെ ഭയം. റിസള്‍ട്ട് എന്തായിരിക്കും എന്ന് ഞാന്‍ ശ്രദ്ധിക്കാറില്ല. അത് വളരെ എളുപ്പമുള്ള കാര്യമാണ്. ഒരു പോയന്റിന് ശേഷം മാത്രമേ എല്ലാത്തിന്റെയും റിസള്‍ട്ട് നമ്മുടെ കൈയില്‍ അല്ല എന്നുള്ള കാര്യം നമ്മള്‍ മനസിലാക്കുക. അത് അതിന്റെ വഴിയെ നടക്കും. പക്ഷേ അത് നടന്നോട്ടെ എന്ന് വിചാരിച്ച് നമ്മള്‍ വെറുതെ ഇരിക്കാന്‍ പാടില്ല. നിങ്ങള്‍ നിങ്ങളുടെ ജോലി ഏറ്റവും നന്നായി ചെയ്ത് അതിന് വേണ്ടി ശ്രമിക്കുക എന്നതാണ് ചെയ്യേണ്ടത്,’ യഷ് പറഞ്ഞു.
Content Highlight: Yash talks about wins and failures in cinema and hard work