| Thursday, 10th September 2026, 7:01 pm

അയ്യർയുഗത്തിൽ അയ്യരുടെ വജ്രായുധം ഇന്ത്യൻ ടീമിൽ; അഫ്ഗാനെതിരെ സീൻ മാറും!

സുദേവ് എ

അഫ്ഗാനിസ്ഥാനെതിരെയുള്ള ടി-20 പരമ്പരയിൽ നിന്നും പരിക്കേറ്റ പുറത്തായ പേസർ ഹർഷിത് റാണയുടെ പകരക്കാരനെ പ്രഖ്യാപിച്ചു. പഞ്ചാബ് കിങ്‌സ് പേസർ യാഷ് ഠാക്കൂറാണ് ടീമിൽ ഇടം നേടിയിരിക്കുന്നത്.

സിംബാബ്‌വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലാണ് യാഷ് ഠാക്കൂർ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചത്. രണ്ട് മത്സരങ്ങളിൽ താരം കളത്തിലിറങ്ങുകയും ചെയ്തിരുന്നു. നാല് വിക്കറ്റുകളാണ്‌ താരത്തിന്റെ സമ്പാദ്യം.

ഐ.പി.എല്ലിൽ 27 മത്സരങ്ങളിൽ നിന്നും 22 വിക്കറ്റുകളാണ്‌ താരം നേടിയിട്ടുള്ളത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 50 മത്സരങ്ങളിൽ നിന്നും 81 വിക്കറ്റും താരം വീഴ്ത്തിയിട്ടുണ്ട്. 2026 ഐ.പി.എല്ലിൽ പഞ്ചാബിന് വേണ്ടി രണ്ട് വിക്കറ്റുകളാണ്‌ ഠാക്കൂർ നേടിയത്.

പഞ്ചാബ് കിങ്‌സിൽ ശ്രേയസ് അയ്യരുടെ കീഴിൽ കളിച്ച യാഷിന് ഇന്ത്യൻ ടീമിൽ വീണ്ടും അതേ ക്യാപ്റ്റന്റെ കീഴിൽ കളിക്കാനുള്ള അവസരമാണ് വന്നെത്തിയിരിക്കുന്നത്.

ബി.സി.സി.ഐ സെന്റർ ഓഫ് എക്‌സലൻസിൽ പുനരധിവാസത്തിലായിരുന്ന ഹർഷിത് റാണ സെപ്റ്റംബർ ഏഴിന് നടന്ന മാച്ച് സിമുലേഷനിൽ പന്തെറിയുന്നതിനിടെ വീണ്ടും പരിക്കേൽക്കുകയായിരുന്നു. ഇതോടെയാണ് താരം ഈ പരമ്പരയിൽ നിന്നും പുറത്തായത്.

അതേസമയം സെപ്റ്റംബർ 13നാണ് അഫ്ഗാനെതിരെയുള്ള മൂന്ന് മത്സരങ്ങൾ അടങ്ങുന്ന പരമ്പരക്ക് തുടക്കമാവുക. രണ്ടാം മത്സരം സെപ്റ്റംബർ 15നും അവസാന മത്സരം 17നും നടക്കും.

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള പുതുക്കിയ ഇന്ത്യൻ ടീം

ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ (വൈസ് ക്യാപ്റ്റൻ), ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്‌സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, യാഷ് ഠാക്കൂർ.

Content Highlight: Yash Takur include Indian team against Afghanistan

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more