| Wednesday, 26th August 2026, 11:15 am

മൂന്നര മണിക്കൂര്‍ ടോര്‍ച്ചര്‍; ഫസ്റ്റ് ഷോയ്ക്ക് പിന്നാലെ മോശം പ്രതികരണവുമായി യഷിന്റെ ടോക്‌സിക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ ചിത്രമായിരുന്നു യഷ് നായകനായി ഇന്ന് തിയേറ്ററുകളിലേക്കെത്തിയ ടോക്‌സിക്ക്. മലയാളി സംവിധായിക ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയില്‍ ഒരുങ്ങിയ ചിത്രത്തില്‍ രണ്ട് ഗെറ്റപ്പിലായിരുന്നു യഷ് എത്തിയത്. കെ.ജി.എഫ് എന്ന കന്നട ഫിലിം ഇന്‍ഡസ്ട്രിയുടെ തലവര മാറ്റിമറിച്ച ചിത്രത്തിന് ശേഷം നാല് വര്‍ഷത്തോളം സമയമെടുത്ത് യഷ് ചെയ്ത ചിത്രമെന്ന നിലയിലും നയന്‍താര, കിയാറ അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വാസന്ത് തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രമെന്ന നിലയിലും ടോക്‌സിക്കിന് വലിയ ഹൈപ്പായിരുന്നു ലഭിച്ചത്.

ടോക്‌സിക്ക്. Photo: District

എന്നാല്‍ പ്രതീക്ഷകളുടെ പകുതി പോലും ടോക്‌സിക്കിന് നിറവേറ്റാന്‍ സാധിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ സിനിമാപേജുകളില്‍ നിറയുന്നത്. മൂന്നരമണിക്കൂറോളമുള്ള ചിത്രത്തിന്റെ ദൈര്‍ഘ്യമാണ് പ്രധാന വില്ലനെന്നും തിയേറ്ററുകളില്‍ ടോക്‌സിക്ക് ഒരു ടോര്‍ച്ചറായി അനുഭവപ്പെട്ടു എന്നുമാണ് പലരും അഭപ്രായപ്പെടുന്നത്. ടോക്‌സിക്കില്‍ സ്‌റ്റൈലിഷ് ലുക്കിലാണ് യഷ് പ്രത്യക്ഷപ്പെടുന്നതെങ്കിലും അതിനപ്പുറത്തേക്ക് പ്രേക്ഷകനെ പിടിച്ചിരുത്തുന്ന കാര്യമായ ഒന്നും തന്നെ ചിത്രത്തിലില്ലെന്ന് പലരും അഭിപ്രായപ്പെടുന്നു.

പല രംഗങ്ങളും അനാവശ്യമായി തോന്നിയെന്നും കൈ വെട്ടലും കാല്‍ വെട്ടലും അടക്കം പല വയലന്‍സ് രംഗങ്ങളും കുത്തിക്കയറ്റിയത് അരോചകരമായെന്നും റെസ്‌പോണ്‍സുകളുണ്ട്. ചിത്രത്തില്‍ സ്ത്രീകളെ ഒബ്‌ജെക്ടിഫൈ ചെയ്തതിനെതിരെയും കമന്റുകളുണ്ട്. കെ.ജി.എഫിന്റെ ഹാങ് ഓവറിലാണ് യഷെന്നും ചിത്രത്തില്‍ അനാവശ്യമായി സ്ലോ മോഷനില്‍ വന്ന് ആളുകളെ ഒരു കാരണവുമില്ലാതെ കൊല്ലുകയാണെന്നും പ്രതികരിക്കുന്നവരുമുണ്ട്.

ടോക്‌സിക്ക്. Photo: District

നേരത്തേ ധുരന്ധര്‍ 2വിനൊപ്പമായിരുന്നു ടോക്‌സിക്ക് ആദ്യം റിലീസ് നിശ്ചയിച്ചിരുന്നത്. ഇത് മാറ്റിയത് നന്നായെന്നും വലിയൊരു നാണക്കേടില്‍ നിന്നുമാണ് യഷ് രക്ഷപ്പെട്ടതെന്നും കമന്റുകളുണ്ട്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന് ആദ്യ ഷോയ്ക്ക് പിന്നാലെ മോശം പ്രതികരണങ്ങള്‍ വന്നതോടെ ചിത്രത്തിന്റെ വിജയം അനിശ്ചിതത്ത്വത്തിലായിരിക്കുകയാണ്.

Content Highlight: yash starring  Toxic gets negative review after first show

We use cookies to give you the best possible experience. Learn more