| Friday, 6th November 2026, 5:26 pm

ടോക്സിക്കിന്റെ ക്ഷീണമങ്ങ് തീര്‍ത്തു; രാമായണയില്‍ രാവണനായി തകര്‍ത്ത് യഷ്

അശ്വിന്‍ രാജേന്ദ്രന്‍

വലിയ പ്രതീക്ഷയുമായി കഴിഞ്ഞ ദിവസം തിയേറ്ററുകളിലേക്കെത്തിയ ചിത്രമായിരുന്നു നിതിഷ് തിവാരി സംവിധാനം ചെയ്ത രാമായണ. ഇന്ത്യയിലെ ഏറ്റവും വലിയ മുതല്‍മുടക്കില്‍ പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയോടെ തിയേറ്ററുകളിലെത്തിയ രാമായണ രണ്ട് ഭാഗങ്ങളിലായാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. ചിത്രം അനൗണ്‍സ് ചെയ്തത് മുതലുള്ള ഹൈപ്പിനോട് നീതി പുലര്‍ത്തുന്ന വിധത്തില്‍ മികച്ച ദൃശ്യവിസ്മയമായാണ് രാമായണ പാര്‍ട്ട് വണ്‍ അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.

രാമായണ. Photo: District

പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ആദി പുരുഷ് നല്‍കിയ ട്രോമ മനസിലുണ്ടായതിനാല്‍ തന്നെ രാമായണയിലും പ്രതീക്ഷ വെച്ചവര്‍ കുറവായിരുന്നു. എന്നാല്‍ 3Dയില്‍ മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സ് നല്‍കി കൊണ്ട് രാമായണത്തിന്റെ മികച്ച ദൃശ്യാവിഷ്‌കാരമായിരുന്നു സംവിധായകന്‍ ഒരുക്കിയത്. രാമനായി രണ്‍ബീര്‍ കപൂറും, സീതയായി സായ് പല്ലവിയും എത്തിയപ്പോള്‍ രാവണനായി വേഷമിട്ടത് റോക്കി ഭായിയായി പാന്‍ ഇന്ത്യന്‍ തലത്തില്‍ ആരാധകരെ സ്വന്തമാക്കിയ യഷ് ആയിരുന്നു.

കെ.ജി.എഫ് പാര്‍ട്ട് വണ്ണിലൂടെയും ടുവിലൂടെയും വലിയ വിജയം സ്വന്തമാക്കിയ യഷ് രണ്ടേ രണ്ട് ചിത്രങ്ങളില്‍ മാത്രമായിരുന്നു ഇതിന് ശേഷം ഭാഗമായത്. രാമായണയ്ക്ക് പുറമെ മലയാളിയായ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ടോക്‌സിക്കായിരുന്നു മറ്റൊന്ന്. അച്ഛനായും മകനായും ടോക്‌സിക്കില്‍ വേഷമിട്ട താരം ടോക്‌സിക്കിന്റെ നിര്‍മാതാക്കളിലൊരാള്‍ കൂടിയായിരുന്നു. ചിത്രത്തില്‍ യഷ് മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ബോക്‌സ് ഓഫീസില്‍ ടോക്‌സിക്ക് തകര്‍ന്നടിയുന്ന കാഴ്ചയ്ക്കായിരുന്നു പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്.

ഇന്ത്യന്‍ സിനിമയിലെ സമീപകാലത്തെ ഏറ്റവും വലിയ നഷ്ടമായും ചിത്രം മാറിയിരുന്നു. ഇതോടെ തന്റെ കരിയറിന്റെ പ്രധാനപ്പെട്ട സമയം ടോക്‌സിക്ക് പോലൊരു ചിത്രത്തിന് വേണ്ടി നഷ്ടപ്പെടുത്തിയതിന് യഷിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ ടോക്‌സിക്കിലൂടെ താരത്തിനേറ്റ എല്ലാ ക്ഷീണവും തീര്‍ത്തുകൊണ്ടായിരുന്നു രാമായണയിലെ രാവണനായി യഷ് പ്രേക്ഷകര്‍ക്ക് മുമ്പിലേക്കെത്തിയത്. പുരാണ കഥകളിലെ ഏറ്റവും ക്രൂരനായ കഥാപാത്രത്തെ ഏത് വിധത്തിലായിരിക്കും ചിത്രത്തില്‍ അവതരിപ്പിക്കുക എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം താരം തന്റെ പ്രകടനത്തിലൂടെ നല്‍കുകയായിരുന്നു.

രാമായണ. Photo: District

കടുത്ത ശിവഭക്തനായ രാവണന്‍ തന്റെ ഇഷ്ടദൈവത്തിന് വേണ്ടി നൃത്തം ചെയ്യുന്ന രാവണ താണ്ഡവവും ത്രിലോകങ്ങളുടെ അധിപനായ രാവണന്റെ സ്വാഗും യഷില്‍ ഭദ്രമായിരുന്നു. ചിത്രത്തിന്റെ സിംഹഭാഗവും രാവണനിലൂടെ കഥ പറയുന്ന ചിത്രത്തില്‍ ഒരിടത്ത് പോലും താരത്തിന്റെ കാസ്റ്റിങ് ചോദ്യം ചെയ്യപ്പെടുന്നില്ല എന്ന് മാത്രമല്ല, ഈ റോളിലേക്ക് ഇനി മറ്റാരെയും സങ്കല്പിക്കാന്‍ സാധിക്കാത്ത വിധത്തിലാണ് യഷ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

Content Highlight: Yash’s performance in Ramayana Part one as Ravana

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more