| Sunday, 16th August 2026, 12:12 pm

‘ഞാൻ ഒരു കിസ്സ് പോലും ചെയ്തിട്ടില്ല’; ‘ടോക്സികിലെ ഇന്റിമേറ്റ് രംഗങ്ങളിലെ വിമർശനങ്ങൾക്ക് യാഷിന്റെ മറുപടി

അജ്മല്‍ കെ

റിലീസിന് ഒരുങ്ങുന്നതിനിടെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യാഷ് നായകനാകുന്ന ടോക്സിക്. ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളെച്ചൊല്ലിയും നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു.

പ്രത്യേകിച്ച് യാഷും കിയാര അദ്വാനിയും ഒന്നിച്ചെത്തുന്ന ‘തബാഹി ’ ഗാനത്തിലെ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളെച്ചൊല്ലിയുള്ള വിമർശനങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് യാഷ്.

‘ആപ് കി അദാലത്ത്’ എന്ന പരിപാടിയിൽ ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചുള്ള വിമർശനത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് യാഷിന്റെ പ്രതികരണം. ‘അശ്ലീലത തെറ്റാണ്. ഞാൻ ഒരു കിസ് പോലും ചെയ്തിട്ടില്ല, നിങ്ങൾ കണ്ടതല്ലേ,’ എന്നായിരുന്നു യാഷ് പറഞ്ഞത്.

ചിത്രത്തിൽ അശ്ലീലതയില്ലെന്നാണ് യാഷിന്റെ നിലപാട്. ഇത്തരം രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ഒരു പരിധിയുണ്ടെന്നും അത് തങ്ങൾക്കറിയാമെന്നും താരം പറഞ്ഞു. ‘ഒരു പരിധിയുണ്ട്, അത് ഞങ്ങൾക്കറിയാം. ഇത്തരം രംഗങ്ങൾ ഭംഗിയായും കലാപരമായും ചിത്രീകരിക്കണം. അത് കണ്ടുകഴിഞ്ഞ് പ്രേക്ഷകന് എന്താണ് അനുഭവപ്പെടുന്നത് എന്നതാണ് സിനിമയുടെ സ്വാധീനം. അതാണ് ഒരു നിർമാതാവിന്റെ കാഴ്ചപ്പാട്,’ യാഷ് പറഞ്ഞു.

അതേസമയം, ‘തബാഹി’ ഗാനത്തിലെ രംഗങ്ങളും ചിത്രത്തിന്റെ ട്രെയ്ലർ രംഗങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഗാനത്തിലെ രംഗങ്ങളെ ചിലർ ‘കോണ്ടം പരസ്യം’ പോലെയാണെന്നും പരിഹസിച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് തമാശ കലർന്ന മറുപടിയാണ് യാഷ് നൽകിയത്. ‘കോണ്ടം പരസ്യം ചെയ്യണമെങ്കിൽ പണം വാങ്ങി ചെയ്യും. ഇങ്ങനെ വെറുതെ സൗജന്യമായി ചെയ്യില്ല,’ എന്നായിരുന്നു യാഷിന്റെ പ്രതികരണം.

യാഷ് .കിയാര അദ്വാവാനി . Photo: Screebgrab/ Youtube.com

‘ടോക്സിക്’ ഒരു പ്രത്യേക ലക്ഷ്യത്തോടെയാണ് ഒരുക്കിയിരിക്കുന്നതെന്നും യാഷ് വ്യക്തമാക്കി. ‘ടോക്സിക്’ പ്രധാനമായും ജെൻ-സി തലമുറയെ മുന്നിൽ കണ്ടുള്ള സിനിമയാണ്. അവർ നേരിടുന്ന പ്രശ്നങ്ങളും മുതിർന്ന തലമുറയുമായുള്ള അവരുടെ അഭിപ്രായ വ്യത്യാസങ്ങളുമാണ് സിനിമ ചർച്ച ചെയ്യുന്നത്. എന്തുകൊണ്ടാണ് ചില കാര്യങ്ങൾക്ക് ഇങ്ങനെ കൃത്യമായ നിയമങ്ങൾ ഉള്ളത്, എന്തുകൊണ്ടാണ് എല്ലാം ഒരു പ്രത്യേക രീതിയിൽ തന്നെ ചെയ്യേണ്ടത് തുടങ്ങിയ ജെൻ- സിന്റെ ചോദ്യങ്ങളാണ് സിനിമയുടെ പ്രധാന പ്രമേയം,’ യാഷ് പറഞ്ഞു.

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ ഓഗസ്റ്റ് 26നാണ് തിയേറ്ററുകളിലെത്തുന്നത്. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Content Highlight: Yash responds to social media criticism of Toxic

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more