ലഖ്നൗ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍.സി.ബി) പ്ലെയര്‍ യാഷ് ദയാലിനെതിരായ അറസ്റ്റ് തടഞ്ഞ് അലഹബാദ് ഹൈക്കോടതി. ഗാസിയാബാദ് സ്വദേശിയായ യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍.
സിദ്ധാര്‍ത്ഥ വര്‍മ, അനില്‍ കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന നിര്‍ദേശത്തോട് കൂടിയാണ് അറസ്റ്റ് തടഞ്ഞത്. പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ അറസ്റ്റ് ഉണ്ടാകരുതെന്നാണ് കോടതി നിര്‍ദേശം.
ഗാസിബാദിലെ ഇന്ദിരാപുരം പൊലീസാണ് യാഷ് ദയാലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ബി.എന്‍.എസ് സെക്ഷന്‍ 69 (വഞ്ചനാപരമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ള ലൈംഗിക ബന്ധം) പ്രകാരമായിരുന്നു നടപടി.
യാഷ് ദയാല്‍ വിവാഹ വാഗ്ദാനം നല്‍കി തന്നെ മാനസികമായും ശാരീരികമായും ലൈംഗീകമായും ചൂഷണം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. എന്നാല്‍ പരോക്ഷ ലക്ഷ്യത്തോടെയാണ് യാഷിനെതിരെ യുവതി പരാതി നല്‍കിയതെന്ന് അഭിഭാഷകന്‍ വാദിച്ചു.
എഫ്.ഐ.ആര്‍ പരിശോധിച്ചാല്‍, യുവതിയും യാഷും തമ്മില്‍ അഞ്ച് വര്‍ഷത്തെ പരിചയമുണ്ടെന്ന് മനസിലാകുമെന്നും പരാതി നല്‍കാന്‍ യുവതി ഒരുപാട് വൈകിയെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. യുവതിയെ വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നില്ലെന്നും അഭിഭാഷകന്‍ വാദിച്ചു.
അതേസമയം ദയാലുമായി അഞ്ച് വര്‍ഷമായി പ്രണയത്തിലാണെന്നും വിവാഹ വാഗ്ദാനം നല്‍കി തന്നെ വഞ്ചിച്ചുവെന്നും പിന്നീട് ചൂഷണം ചെയ്യുകയായിരുന്നെന്നുമാണ് യുവതി പറയുന്നത്. ജൂണ്‍ 21ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓണ്‍ലൈന്‍ പരാതി പരിഹാര പോര്‍ട്ടല്‍ വഴി യുവതി പരാതി നല്‍കിയിരുന്നു.
‘വിവാഹ വാഗ്ദാനം നല്‍കി യാഷ് ദയാല്‍ എന്നെ പീഡിപ്പിച്ചു. അയാളുടെ കുടുംബത്തിന് എന്നെ പരിചയപ്പെടുത്തി. എന്നെ അവരുടെ മരുമകളാക്കുമെന്ന് ഉറപ്പ് നല്‍കി. എന്നാല്‍ അയാള്‍ക്ക് മറ്റ് സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നു. ഇത് എനിക്ക് വലിയ മാനസിക ആഘാതം ഉണ്ടാക്കി. മാനസിക ആഘാതത്തില്‍ നിന്നും കരകയറാന്‍ കഴിയാത്തതിനാല്‍ ഞാന്‍ പലതവണ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചു,’ യുവതി പരാതി
മാനസിക സമ്മര്‍ദത്തിന് ചികിത്സ തേടിയിരുന്നതായും പൊലീസിന് നല്‍കിയ മൊഴിയില്‍ യുവതി പറഞ്ഞിരുന്നു.
Content Highlight: Abuse complaint against Yash Dayal; Highcourt stays arrest