| Saturday, 23rd May 2026, 11:08 am

യമുനാ നദി മലിനീകരണം; പാറ്റയുടെ വേഷത്തിലെത്തി പ്രതിഷേധിച്ച് സാമൂഹിക പ്രവര്‍ത്തകന്‍; സി.ജെ.പി എഫക്ട്

നിഷാന. വി.വി

മഥുര: യമുനാ നദിയിലെ മലിനീകരണത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പാറ്റയുടെ വേഷത്തിലെത്തി പ്രതിഷേധിച്ച് സാമൂഹിക പ്രവര്‍ത്തകന്‍.

പാറ്റയെ പോലെ വേഷം ധരിച്ച് പാട്ടും നൃത്തവുമായി മഥുരയിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസിലെത്തിയായിരുന്നു സാമൂഹിക പ്രവര്‍ത്തകനായ ദീപക് ശര്‍മയുടെ പ്രതിഷേധം.

യമുന നദിയിലെ മലിനീകരണത്തിനും നഗരത്തിലെ വ്യാപകമായ മാലിന്യ പ്രശ്‌നങ്ങള്‍ക്കും നേരെ കണ്ണടച്ചിരിക്കുന്ന കഴിവില്ലാത്ത ഉദ്യോഗസ്ഥരുടെ കണ്ണുതുറപ്പിക്കാന്‍ വേണ്ടിയാണ് താന്‍ പാറ്റയുടെ വേഷം ധരിച്ചെത്തിയതെന്നും ശര്‍മ പറഞ്ഞു.

‘ബ്രജ് നിവാസികളായ ഞങ്ങള്‍ യമുനയില്‍ നിന്ന് വെള്ളം കുടിക്കുന്ന ആച്ചമന്‍ എന്ന ആചാരം അനുഷ്ടിക്കുന്നു. നദിയിലെ മലിനജലം ശുദ്ധീകരിക്കുമെന്ന് വര്‍ഷങ്ങളായി വാഗ്ദാനം ചെയ്തിട്ടും ഇതുവരെ ചെയ്തിട്ടില്ല. മഥുരയിലായാലും വൃദ്ധാവനിലായാലും മലിന ജലം പരസ്യമായി നദിയിലേക്ക് ഒഴുകുന്നത് കാണാം. എന്നിട്ടും ഉദ്യോഗസ്ഥര്‍ നിസംഗത പാലിക്കുകയും പ്രശ്‌നത്തിന് നേരെ കണ്ണടക്കുകയും ചെയ്യുന്നു,’ ശര്‍മ പറഞ്ഞു.

ജല മലിനീകരണ പ്രതിരോധ, നിയന്ത്രണ നിയമത്തെ ഉദ്ധരിച്ചുകൊണ്ട് നദികളെ മലിനീകരണത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനാണ് ഈ നിയമം പ്രത്യേകമായി കൊണ്ടുവന്നതെന്നും മലിന ജലം നദിയിലേക്ക് ഒഴുക്കി വിടുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് അതില്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മലിനജലവും ഡ്രെയിനേജ് വെള്ളവും നേരിട്ട് നദികളിലേക്ക് ഒഴുക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് സുപ്രീം കോടതിയും ദേശീയ ഹരിത ട്രൈബ്യൂണലും വ്യക്തമാക്കിയിട്ടുണ്ട്.

നിയമങ്ങള്‍ പാലിക്കുന്നതിനുപകരം അവ ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുന്നതില്‍ പൊതുജനങ്ങള്‍എന്നോടൊപ്പം ചേരണം,’ ശര്‍മ അഭ്യര്‍ത്ഥിച്ചു.

എന്നാല്‍ വിഷയത്തില്‍ മുന്‍സിപ്പല്‍ ഓഫീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിട്ടില്ല. കോക്രോച്ച് ജനതാ പാര്‍ട്ടി ( സി.ജെ.പി) സോഷ്യല്‍ മിഡീയയില്‍ വലിയ ജനപ്രീതി നേടി മുന്നേറുന്ന സാഹചര്യത്തിലാണ് പാറ്റയുടെ രൂപത്തിലുള്ള പ്രതിഷേധമെന്നതും ശ്രദ്ധേയമാണ്.

Content Highlight: Yamuna River Pollution; Social activist dressed as a cockroach to protest; CJP Effect

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more