ബോളിവുഡിലെ അറിയപ്പെടുന്ന നടിയും മോഡലുമാണ് യാമി ഗൗതം. കന്നഡയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച യാമി, തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായെത്തിയ ഹീറോയാണ് താരം അഭിനയിച്ച മലയാള ചിത്രം. ധുരന്ധര്‍, ഉറി ദി സര്‍ജിക്കല്‍ സ്ട്രൈക്ക് എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ആദിത്യ ധറിന്റെ പങ്കാളി കൂടിയാണ് യാമി ഗൗതം. ഇപ്പോള്‍ താന്‍ ചെയ്ത പ്രിയപ്പെട്ട സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് യാമി.
‘എന്റെ ഓരോ സിനിമയും എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നവയാണെങ്കിലും ആയുഷ്മാന്‍ ഖുറാനയ്‌ക്കൊപ്പം അഭിനയിച്ച ആദ്യ ചിത്രമായ വിക്കി ഡോണര്‍ എനിക്ക് എന്നും പ്രിയപ്പെട്ടതായിരിക്കും. കാരണം അത് എന്റെ ആദ്യ ഹിന്ദി ചിത്രമായിരുന്നു. അതിനുശേഷം എന്റെ കരിയര്‍ വലിയൊരു കുതിച്ചുചാട്ടം നടന്നു. ഈ സിനിമകള്‍ക്ക് പുറമേ ഒരു അഭിഭാഷകയായി ഞാന്‍ അഭിനയിച്ച ഒ.എം.ജി2, ഹഖ് എന്നീ സിനിമകളുമുണ്ട്.
ഈ സിനിമകള്‍ ഞാന്‍ ഏറെ ആസ്വദിച്ചാണ് ചെയ്തത്. ഈ സിനിമകള്‍ക്ക് പുറമേ, ഹൃത്വിക് റോഷനൊപ്പമുള്ള കാബില്‍, ആദിത്യ ധറിന്റെ ഉറി ദി സര്‍ജിക്കല്‍ സ്‌ട്രെക്ക്, എന്നിവ എന്റെ പ്രിയപ്പെട്ട സിനിമകളില്‍ ഉള്‍പ്പെടുന്നു. നടി എന്ന നിലയില്‍ ഈ സിനിമകള്‍ എനിക്ക് മികച്ച പാഠ പുസ്തകാങ്ങളാണ്,’ യാമി ഗൗതം പറയുന്നു.
സിനിമ കരിയറില്‍ താന്‍ കുറേ സിനിമകളൊന്നും ചെയ്തിട്ടില്ലെന്നും എന്നാല്‍ തന്റെ എല്ലാ സിനിമകളിലേയും കഥാപാത്രങ്ങളെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ടെന്നും യാമി ഗൗതം പറയുന്നു. ശക്തമായ താന്‍ അഭിനയിച്ച സിനിമകള്‍ക്ക് പ്രേക്ഷകര്‍ നല്ല സ്വീകാര്യതയാണ് നല്‍കിയതെന്നും നടി കൂട്ടിച്ചേര്‍ത്തു. സിനിമയിലെ എന്റെ വേഷം ചെറുതും കഥ ശക്തവുമാ ണെങ്കില്‍ ഞാന്‍ ആ വേഷം സ്വീകരിക്കുമെന്നും യാമി പറഞ്ഞു
. അതേസമയം സുപര്‍ണ വര്‍മ സംവിധാനം ചെയ്ത ഹഖാണ് യാമിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇമ്രാന്‍ ഹാഷ്മി, ഷീബ ഛദ്ദ, എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം ജംഗ്ലി പിക്ചേഴ്സ്, ഇന്‍സോമ്നിയ ഫിലിംസ്, ബവേജ സ്റ്റുഡിയോസ് എന്നിവയുടെ ബാനറുകളില്‍ വിനീത് ജെയിന്‍, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മേത്ത എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്.
Content Highlight: Yami gautham about her favorite films