| Thursday, 12th March 2026, 8:48 pm

അക്കാര്യത്തില്‍ ഞാന്‍ ആദിത്യയോട് കടപ്പെട്ടിരിക്കുന്നു; അഭിനയം ഇപ്പോഴും ഗൗരവത്തോടെയാണ് കാണുന്നത്: യാമി ഗൗതം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡിലെ അറിയപ്പെടുന്ന നടിയും മോഡലുമാണ് യാമി ഗൗതം. കന്നഡയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച യാമി, തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായെത്തിയ ഹീറോയാണ് താരം അഭിനയിച്ച മലയാള ചിത്രം. ധുരന്ധര്‍, ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ് ആദിത്യ ധറിന്റെ പങ്കാളി കൂടിയാണ് യാമി ഗൗതം.

ഇപ്പോഴിതാ ഗൃഹശോഭയുമായുള്ള അഭിമുഖത്തില്‍ തന്റെ കുടുംബ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് താരം. അഭിനയം തന്റെ അഭിനിവേശമായതിനാല്‍ വിവാഹശേഷവും അഭിനയ ജീവിതത്തെ താന്‍ ഗൗരവമായാണ് കാണുന്നതെന്ന് യാമി ഗൗതം പറയുന്നു.

‘അഭിനയമെന്നത് എപ്പോഴും പ്രചോദനത്തിന്റെ ഉറവിടമായിരുന്നു. അതുകൊണ്ട് ഈ കരിയര്‍ ഒരിക്കലും ഉപേക്ഷിക്കരുതെന്നാണ് എന്റെ തീരുമാനം. അഭിനയം എന്റെ അഭിനിവേശമായതിനാല്‍ വിവാഹശേഷവും അഭിനയ ജീവിതത്തെ ഞാന്‍ ഗൗരവമായാണ് കാണുന്നത്.

വിവാഹശേഷം സ്ത്രീ അമ്മയാകുമ്പോള്‍ കുടുംബത്തിന്റെയും കുട്ടികളുടേയും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുന്നതിനാല്‍ അവള്‍ക്ക് പലപ്പോഴും തന്റേതായ പല സ്വപ്നങ്ങളും ഇഷ്ടങ്ങളും ത്യജിക്കേണ്ടി വരും. പക്ഷേ അക്കാര്യത്തതില്‍ ഞാന്‍ ആദിത്യയോട് നന്ദി പറയുകയാണ്. പൂര്‍ണ്ണമായും മനസര്‍പ്പിച്ചു എനിക്ക് എന്റെ ജോലി ചെയ്യാന്‍ സാധിക്കുന്നുണ്ട്,’ യാമി ഗൗതം പറയുന്നു.

ഇതിന് പിന്നിലെ പ്രധാന കാരണം ആദിത്യയുടേയും തന്റെയും കുടുംബം തരുന്ന ശക്തമായ പിന്തുണയാണെന്നും ഷൂട്ടിംഗിന് പോകുമ്പോഴോ വീട്ടില്‍ മകനെ ഒറ്റയ്ക്ക് നിര്‍ത്തുമ്പോഴോ താനില്ലാതെ മകന്‍ എങ്ങനെ കഴിയുമെന്നോര്‍ത്ത് തനിക്ക് ഒരിക്കലും വിഷമിക്കേണ്ടി വന്നിട്ടില്ലെന്നും നടി പറഞ്ഞു. എന്റെ അമ്മ അതൊക്കെ ഭംഗിയായി കൈകാര്യം ചെയ്യും,’ യാമി ഗൗതം പറയുന്നു.

മകന്‍ വേദ് വിദിന്റെ ജനനത്തിന് ശേഷം കുടുംബത്തിന്റെ പിന്തുണ ഉള്ളതുകൊണ്ട് തനിക്ക് ഒരു ടെന്‍ഷനും നേരിടേണ്ടി വന്നിട്ടില്ലെന്നും കരിയറിനും മാതൃത്വത്തിനുമിടയില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സാധിച്ചുവെന്നും നടി പറഞ്ഞു. അമ്മയായതിന് ശേഷവും സിനിമകളില്‍ ഭാഗമാകാന്‍ കഴിഞ്ഞുവെന്നും യാമി കൂട്ടിച്ചേര്‍ത്തു.

ഹഖാണ് യാമിയുടേതായി ഒടുവില്‍ തിയേറ്ററുകൡലെത്തിയ ചിത്രം. വിവാഹമോചിതരായ മുസ്‌ലീം സ്ത്രീകള്‍ക്ക് ജീവനാംശത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധി സമ്പാദിച്ച ഷബാനു ബീഗത്തിന്റെ ജീവിതത്തെയും നിയമപോരാട്ടത്തെയും ആസ്പാദമാക്കിയാണ് ഹഖ് അണിയിച്ചൊരുക്കിയത്. സുപര്‍ണ്‍ വര്‍മ സംവിധാനം ചെയ്ത ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മിയും പ്രധാനവേഷത്തിലെത്തുന്നു.

Content Highlight: Yami Gautam talks about Aditya Dhar

We use cookies to give you the best possible experience. Learn more