| Thursday, 23rd July 2015, 1:40 pm

വധശിക്ഷ നടപ്പിലാക്കരുതെന്ന ആവശ്യവുമായി യാക്കൂബ് മേമന്‍ വീണ്ടും സുപ്രീംകോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജൂലൈ മുപ്പതിന് നടപ്പാക്കാനിരിക്കുന്ന തന്റെ വധശിക്ഷ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട്  മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്‍ വീണ്ടും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മേമന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ഹര്‍ജി മേമന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ശരിയായ നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള ഈ വിധി നിയമവിരുദ്ധമാണെന്ന് മേമന്റെ ഹര്‍ജിയില്‍ പറയുന്നു. ലഭ്യമായ എല്ലാ നിയമവഴികളും തേടുന്നതിനു മുന്‍പാണ് വധശിക്ഷയ്ക്കുള്ള ഉത്തരവ് പുറത്തിറങ്ങിയതെന്നും ഇത് നിയമവ്യവസ്ഥയ്ക്ക് എതിരാണെന്നും ഇത് നയമവിരുദ്ധമാണ് മേമന്റെ അഭിഭാഷകന്‍ പറയുന്നു.

വധശിക്ഷ ഒഴിവാക്കണമെന്നപേക്ഷിച്ച് മേമന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് ദയാഹര്‍ജി നല്‍കിയിരുന്നു. രാഷ്ട്രപതിക്ക് വീണ്ടും ദയാഹര്‍ജി നല്‍കാനും മേമന്‍ ആലോചിക്കുന്നുണ്ട്. ആദ്യം സമര്‍പ്പിച്ച ഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി കഴിഞ്ഞ വര്‍ഷം തള്ളിയിരുന്നു. അതേസമയം മേമന്റെ ഭാര്യ ഇന്ന് നാഗ്പൂര്‍ ജയിലില്‍ സന്ദര്‍ശിച്ചു.

1993 മാര്‍ച്ച് 12 ന് നടന്ന മുംബൈ സ്‌ഫോടന പരമ്പരയില്‍ 257 പേരാണ് മരിച്ചത്. 700 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യാക്കൂബ് മേമന്റെ സഹോദരനായ ഇബ്രാഹീം മേമന്‍ എന്ന ടൈഗര്‍ മേമനെ ഇത് വരെയും പിടികൂടാനായിട്ടില്ല. ഇയാള്‍ 1993ല്‍ രാജ്യം വിട്ടതായാണ് സൂചന.

Latest Stories

We use cookies to give you the best possible experience. Learn more