മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് യദു കൃഷ്ണന്‍. 1986ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത വിവാഹിതരേ ഇതിലെ ഇതിലെ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് അദ്ദേഹം തന്റെ സിനിമാകരിയര്‍ ആരംഭിക്കുന്നത്.
പിന്നീട് നിരവധി ചിത്രങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്യാന്‍ യദുവിന് സാധിച്ചു. സിനിമകള്‍ക്കൊപ്പം തന്നെ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നടന്റെ കരിയറില്‍ ഇന്നും മലയാളികള്‍ ഓര്‍ക്കുന്ന സിനിമയാണ് ശ്രീധരന്റെ ഒന്നാം തിരുമുറിവ്.
അതിലെ ‘ഞങ്ങള്‍ അസ്വസ്ഥരാണ്’ എന്ന ഒരൊറ്റ ഡയലോഗ് കൊണ്ട് തന്നെ യദുവിനെ മലയാളികള്‍ എന്നുമോര്‍ക്കും. ചിത്രത്തില്‍ രാജുവെന്ന കഥാപാത്രമായിട്ടാണ് യദു എത്തിയത്. എന്നാല്‍ ആ കഥാപാത്രത്തിന് ഇത്രയധികം പിന്തുണ കിട്ടുമെന്ന് താന്‍ കരുതിയിരുന്നില്ലെന്ന് പറയുകയാണ് യദു കൃഷ്ണന്‍.
കാലത്തിന് അതീതമായി സഞ്ചരിക്കുന്ന വേഷമാകുമെന്ന് ഒരിക്കലും താന്‍ കരുതിയതല്ലെന്നും അത് താന്‍ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈയിടെ താരസംഘടനയായ AMMAയുടെ മീറ്റിങ്ങിന് പോയപ്പോള്‍ താന്‍ ശ്രീനിവാസനെ കണ്ടിരുന്നുവെന്നും നടന്‍ പറയുന്നു.
സത്യന്‍ അന്തിക്കാടിന്റെ കഥയ്ക്ക് ശ്രീനിവാസന്‍ തിരക്കഥയും സംഭാഷണവുമെഴുതിയ ചിത്രമായിരുന്നു ശ്രീധരന്റെ ഒന്നാം തിരുമുറിവ്. അന്ന് ശ്രീനിവാസനെ കണ്ടപ്പോള്‍ താന്‍ ആ സിനിമയിലെ ഡയലോഗുകളാണ് ഓര്‍ത്തതെന്നും യദു പറഞ്ഞു.
‘ശ്രീനിയേട്ടന്‍ എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിവെച്ച ഡയലോഗാണ് അത്. അതിന്നും പ്രസക്തമാണ് എന്നതാണ് കാര്യം. ‘എല്ലാത്തിനും ഒരു സമയമുണ്ടെടാ ദാസാ’ പോലുള്ള ഡയലോഗുകള്‍ ശ്രീനിയേട്ടന്‍ തന്നെയാണ് എഴുതിയത്.
അദ്ദേഹം അന്ന് എഴുതിവെച്ച ഡയലോഗുകള്‍ ഇന്നും പ്രസക്തമാണ്. ചില ആളുകളുടെ ദീര്‍ഘവീക്ഷണം വളരെ വലുതായിരിക്കും. ഉദാഹരണത്തിന് വയലാര്‍ സാര്‍ എഴുതിയ വരികള്‍ ഓര്‍ത്താല്‍ മതി.
‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു. മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു. മനുഷ്യനും ദൈവങ്ങളും ചേര്‍ന്ന് മണ്ണ് പങ്കുവെച്ചു’ എന്നത് അദ്ദേഹം ആ കാലത്ത് എഴുതിയതാണ്. അത് ഇന്നും നടന്നു കൊണ്ടിരിക്കുന്ന കാര്യമല്ലേ. ചില ആളുകളുടെ ബ്രില്യന്‍സാണ് അതൊക്കെ,’ യദു കൃഷ്ണന്‍ പറഞ്ഞു.
ഇപ്പോഴത്തെ തലമുറയിലെ കുട്ടികള്‍ ഉള്‍പ്പെടെ പറയുന്ന ഡയലോഗാണ് തന്റെ ‘ഞങ്ങള്‍ അസ്വസ്ഥരാണ്’ എന്ന ഡയലോഗെന്നും നടന്‍ പറയുന്നു. ട്രോളുകളില്‍ സ്ഥിരമായി കാണുന്ന ഡയലോഗുകളില്‍ ഒന്നാണതെന്നും ഒരു അഭിനേതാവെന്ന നിലയില്‍ വലിയൊരു അംഗീകാരമാണെന്നും യദു കൂട്ടിച്ചേര്‍ത്തു. അങ്ങനെയുള്ള കഥാപാത്രം ചെയ്യാന്‍ സാധിച്ചത് മഹാഭാഗ്യമാണെന്നും നടന്‍ പറഞ്ഞു.
ശ്രീധരന്റെ ഒന്നാം തിരുമുറിവ്:
സത്യന്‍ അന്തിക്കാടിന്റെ കഥയ്ക്ക് ശ്രീനിവാസന്‍ തിരക്കഥയും സംഭാഷണവുമെഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ശ്രീധരന്റെ ഒന്നാം തിരുമുറിവ്. മമ്മൂട്ടി, നീന കുറുപ്പ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം 1987ലാണ് പുറത്തിറങ്ങിയത്.
യദു കൃഷ്ണന് പുറമെ സുരേഷ് ഗോപി, ഇന്നസെന്റ്, സുകുമാരി, ഗായത്രി അശോകന്‍, ശങ്കരാടി, ശ്രീനിവാസന്‍, ഇടവേള ബാബു, ജനാര്‍ദ്ദനന്‍, മാമുക്കോയ, കെ.ആര്‍. സാവിത്രി, ശാന്തകുമാരി, വിജയന്‍ പെരിങ്ങോട് തുടങ്ങിയവരും ഈ ചിത്രത്തില്‍ വേഷമിട്ടിരുന്നു.
Content Highlight: Yadu Krishnan Talks About Njangal Aswastharaanu Dialogue In Sreedharante Onnam Thirumurivu Movie