| Saturday, 11th October 2025, 3:14 pm

കഥകള്‍ പിറക്കുന്ന വഴികളിലൂടെ ഒരു യാത്ര; വരുന്നു യാനം ഫെസ്റ്റിവല്‍

ജിൻസി വി ഡേവിഡ്

യാത്ര പോകാത്തവരായി ആരാണുള്ളത്? യാത്രയെ പ്രണയിക്കാത്തവരും വളരെ കുറവ് തന്നെ. നമ്മുടെ എല്ലാ യാത്രകള്‍ക്കും ചിലപ്പോള്‍ ഒരു ലക്ഷ്യമുണ്ടാകണമെന്നില്ല. യാത്ര തന്നെ ലക്ഷ്യമായിത്തീരുന്ന നിമിഷമാണതെന്ന് പറയാം. യാത്രയോടുള്ള പ്രണയമെന്നോ മറ്റോ നമുക്കതിനെ ചെല്ലപ്പേരിട്ട് വിളിക്കുകയും ചെയ്യാം.

പലപ്പോഴും വഴികള്‍ തന്നെയാണ് അത്തരം യാത്രകളില്‍ കഥ പറയുന്നത്. കേരളത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ പച്ചപ്പും, മഴത്തുള്ളികളും, കടലിന്റെ വിളിയും മലകളുടെ ശാന്തതയുമെല്ലാം നമ്മെ തേടി വരാറുണ്ട്.

ലോകോത്തര നിലവാരമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് കേരളത്തില്‍ ഉള്ളത്. യാത്രയെ പ്രണയിച്ച് കേരളത്തിലെത്തുന്ന ആരും നിരാശപ്പെടില്ലെന്ന് സാരം. ഇപ്പോഴിതാ യാത്രകള്‍ക്കും സഞ്ചാര സാഹിത്യത്തിനും മുന്‍തൂക്കം നല്‍കിക്കൊണ്ട് ലോകത്ത് ആദ്യമായി ഒരു ഫെസ്റ്റിവല്‍ സംഘടിപ്പിക്കുകയാണ് കേരള ടൂറിസം വകുപ്പ്.

കേരള സര്‍ക്കാര്‍ ഒരുക്കുന്ന യാനം ഫെസ്റ്റിവലിലൂടെ പ്രകൃതി മാത്രമല്ല സഞ്ചാരികളിലേക്കെത്തുന്നത്. മറിച്ച് കലയും സാഹിത്യവും സംഗീതവും ഭക്ഷണവും എല്ലാമെത്തും. ചുരുക്കത്തില്‍ കേരളത്തിന്റെ പ്രകൃതിഭംഗിയും സാംസ്‌കാരിക സത്തയും ലോകത്തിന് മുന്നിലെത്തിക്കാന്‍ കേരളം ടൂറിസം വകുപ്പ് ശ്രമിക്കുകയാണ്.

ആ ശ്രമത്തിന്റെ ഭാഗമാണ് ലോകത്തില്‍ മറ്റെവിടെയും ഇതുവരെ പരീക്ഷിക്കാത്ത ഒരാശയവുമായി കേരള ടൂറിസം വകുപ്പ് എത്തിയിരിക്കുന്നത്.

(രജിസ്റ്റർ ചെയ്യാന്‍ ഇവിടെ ക്ലിക്ചെയ്യുക)

യാനം എന്ന് പേരിട്ടിരിക്കുന്ന ഈ ഫെസ്റ്റിവല്‍ കേരള ടൂറിസത്തിന്റെ മുഖഛായ തന്നെ മാറ്റാനൊരുങ്ങുകയാണ്. യാനം എന്ന വാക്ക് കേള്‍ക്കാത്ത മലയാളികളുണ്ടോ? ചുരുക്കമാകും. യാനം എന്ന വാക്കിന് മലയാളത്തില്‍ ‘യാത്ര’, ‘സഞ്ചാരം’ അല്ലെങ്കില്‍ ‘പ്രയാണം’ എന്നാണര്‍ത്ഥം.

യാനം എന്നത് വെറും ദൂരങ്ങള്‍ കടന്നുപോകലല്ല. അതൊരു അനുഭവത്തിന്റെ യാത്രയാണ്. യാത്രകള്‍ക്കായൊരുക്കുന്ന ഫെസ്റ്റിവലിന് യാനം എന്നതിലും മികച്ചൊരു പേര് കണ്ടെത്തുക പ്രയാസമാകും.

‘മനുഷ്യന്റെ ജീവിതയാത്രയിലുടനീളം സഞ്ചാരത്തിന് എന്നും ഒരു പ്രത്യേക സ്ഥാനമുണ്ട്. മനുഷ്യര്‍ എന്നും യാത്ര ചെയ്യുന്നവരായിരുന്നു. കച്ചവടത്തിനായോ, കൗതുകത്തിനായോ ആത്മാന്വേഷണത്തിനായോ പല തരത്തിലുള്ള യാത്രകള്‍ മനുഷ്യന്‍ നടത്തിക്കൊണ്ടേയിരുന്നു. ഇപ്പോഴും അവര്‍ യാത്ര ചെയ്തുകൊണ്ടേയിരിക്കുന്നു.

പണ്ടുകാലത്താകട്ടെ പലപ്പോഴും ആ യാത്രകള്‍ സമ്പന്നര്‍ കൈയടക്കി വെച്ചിരുന്നു. മധ്യവര്‍ഗത്തിന് യാത്ര പോവുക എന്നത് ഒരു സ്വപനം മാത്രമായൊരുന്നു. ഇന്ന് ആ യാത്രാസ്വപ്നം സമ്പന്നരുടെ ആഡംബര പട്ടികയില്‍ നിന്ന് ഇറങ്ങി മധ്യവര്‍ഗത്തിന്റെ കുടുംബബജറ്റിലേക്കും എത്തിയിരിക്കുകയാണ്.

ലോകം കാണാനുള്ള ആഗ്രഹം ഇനി ആരുടെയും കുത്തകാവകാശമല്ല. സാധാരണക്കാരന്റെ കേവലമൊരു സ്വപ്നം എന്നതിലുപരി യാഥാര്‍ഥ്യമായി യാത്രകള്‍ മാറിയിരിക്കുന്നു.

ഇത്തരത്തില്‍ യാത്രകള്‍ സാധാരണ ജനങ്ങളുടെ ജനജീവിതത്തിന്റെ ഭാഗമായപ്പോള്‍ ആ യാത്രകളുടെ കഥകളും അനുഭവങ്ങളും സാഹിത്യത്തിന്റെ മനോഹരമായ ശാഖയായ യാത്രാരചനയായി രൂപം കൊള്ളുകയും ചെയ്തു. അതിനെ വെറുമൊരു യാത്ര വിവരണം എന്ന് വിളിച്ചാല്‍ പോരാ.

മനുഷ്യന്റെ അനുഭവങ്ങള്‍, ഭൂമിയുടെ ഗന്ധം, വിവിധ ഭാഷകള്‍, സാംസ്‌കാരം എന്നിവയെല്ലാം ചേര്‍ന്ന ഒരാശയസുന്ദരമായ സാഹിത്യ രൂപമാണ് യാത്രാ കുറിപ്പുകള്‍. സഞ്ചാര മേഖലയിലെ എഴുത്തുകാരെ കൂട്ടിയിണക്കി ഒരുക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ ഫെസ്റ്റിവല്‍ ആണ് യാനം ഫെസ്റ്റിവല്‍.

ചുരുക്കത്തില്‍ യാനം ഫെസ്റ്റിവല്‍ എന്നത് യാത്രയും സാഹിത്യവും സംസ്‌കാരവുമെല്ലാം ഒരുമിച്ച് ആഘോഷിക്കുന്ന ഒരു വേദിയാണ്. യാത്രയെ മനുഷ്യജീവിതത്തിന്റെ ഭാഗമാക്കി കാണുന്ന പുതിയ കാലഘട്ടത്തിന്റെ ഒരു പ്രതിഫലനം എന്നും നമുക്കിതിനെ വിളിക്കാം,’ യാനം ഫെസ്റ്റിവലിന്റെ ക്യൂറേറ്ററായ സെബിന്‍ മാലിക് വാചാലനായി.

കൂടുതലറിയാന്‍ ഇവിടെ ക്ലിക്ചെയ്യാം

യാനം മതാചാരങ്ങളൊന്നുമില്ലാത്തൊരു സാംസ്‌കാരിക വേദിയാണ്. സാഹിത്യോത്സവത്തിന്റെ ഭാവുകത്വവും കലാപ്രകടനങ്ങളുടെ നിറങ്ങളും ചേര്‍ന്ന് രൂപപ്പെടുന്നൊരു അനുഭവം. അന്തരീക്ഷത്തിലുയരുന്ന കവിതകളുടെ ഈണവും കഥകള്‍ പങ്കുവെക്കുന്ന എഴുത്തുകാരുടെ വാക്കുകളും സംഗീതത്തിന്റെ മാധുര്യവും ചിത്രകലയുടെ സ്പര്‍ശവുമെല്ലാം ഇവിടെ ഒരുമിക്കും. യാത്ര സ്വയം ഒരു ആഘോഷമായി മാറുകയാണിവിടെ.

ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ആന്‍ഡ് മൈസ് ടൂറിസം കോണ്‍ക്ലേവ്, ഉത്തരവാദിത്ത ടൂറിസം കോണ്‍ക്ലേവ് തുടങ്ങി വ്യത്യസ്തമായ ഫെസ്റ്റിവലുകള്‍ നടത്തി വിജയിച്ച സംസ്ഥാന ടൂറിസം വകുപ്പ് ഒരുക്കുന്ന പുതിയ പദ്ധതിയാണ് യാനം ഫെസ്റ്റിവല്‍.

വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായുള്ള കേരള ടൂറിസത്തിന്റെ വിവിധ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടൂറിസം മേഖല കേന്ദ്രീകരിച്ച് ‘യാനം’ എന്ന പേരില്‍ ട്രാവല്‍-ലിറ്റററി ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചത് സെപ്റ്റംബര്‍ 25നായിരുന്നു.

യാനത്തിന്റെ ആദ്യ പതിപ്പ് ഒക്ടോബര്‍ 17, 18, 19 തീയതികളില്‍ വര്‍ക്കല ക്ലിഫിലെ രംഗ കലാകേന്ദ്രത്തിലായിരിക്കും നടക്കുക. സഞ്ചാര മേഖലയിലെ എഴുത്തുകാരെയും പ്രൊഫഷണലുകളെയും കോര്‍ത്തിണക്കിയാണ് കേരളം പുതിയ ഉദ്യമത്തിന് തുടക്കമിടുന്നത്. ലോകത്താകെയുള്ള സഞ്ചാരസാഹിത്യ മേഖലയിലേക്ക് കേരളത്തെ കൂടുതല്‍ അടയാളപ്പെടുത്തുവാനാണ് ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിലൂടെ ഉദ്ദേശിക്കുന്നത്.

യാത്രകളെ വ്യത്യസ്ത രീതിയില്‍ അടയാളപ്പെടുത്തിയ ലോകോത്തര പ്രതിഭകളുടെ സംഗമം ആയിരിക്കും ഈ പരിപാടി. എഴുത്തുകാര്‍, കലാകാരന്‍മാര്‍, ഫോട്ടോഗ്രാഫര്‍മാര്‍, സാഹസിക യാത്രികര്‍, യാത്ര ഡോക്യൂമെന്ററി സംവിധായകര്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ ഉള്ളവര്‍ യാനത്തിന്റെ ഭാഗമാകും.

‘Of Tales, Trails And Travel ‘ എന്ന ടാഗ് ലൈനാണ് യാനം ഫെസ്റ്റിവലിന് നല്‍കിയിരിക്കുന്നത്. ഇതിനെ മലയാളത്തില്‍ നമുക്ക് ‘കഥകളുടെയും വഴികളുടെയും യാത്രയുടെ കഥ’ അല്ലെങ്കില്‍ ‘കഥകള്‍ പിറക്കുന്ന വഴികളിലൂടെ ഒരു യാത്ര’ എന്നെല്ലാം പറയാം.

യാനം ഫെസ്റ്റിവല്‍ എല്ലാ വര്‍ഷവും നടത്തപ്പെടും. മാത്രവുമല്ല ഏതെങ്കിലും ഒരു ഇടത്ത് തന്നെയായിരിക്കില്ല യാനം ഫെസ്റ്റിവല്‍ നടത്തുക. ഇത്തവണ വര്‍ക്കലയില്‍ നടത്തപ്പെടുന്നു. അടുത്ത വര്‍ഷം അത് മറ്റെവിടെയെങ്കിലും ആയിരിക്കും. വര്‍ഷം തോറും വ്യത്യസ്ത സ്ഥലങ്ങളിലേക്ക് സഞ്ചരിക്കുന്ന ഒരു യാത്രാ ഫെസ്റ്റിവല്‍ ആണ് യാനം.

‘യാത്രയെ വിവിധ കാഴ്ചപ്പാടുകളില്‍ നിന്ന് കാണുക എന്നതാണ് ഈ ഫെസ്റ്റിവലിന്റെ മുഖ്യ ആശയം. അതുകൊണ്ടാണ് ‘Of Tales, Trails And Travel’ എന്ന ടാഗ്‌ലൈന്‍ പോലും നല്‍കിയിരിക്കുന്നത്. അതായത്, യാത്രയുടെ കഥകള്‍ കേള്‍ക്കുകയും വഴികളിലൂടെ സഞ്ചരിക്കുകയും യാത്രയുടെ ആത്മാവിനെ ആഘോഷിക്കുകയും ചെയ്യുക എന്നതാണ് യാനത്തിന്റെ ഉദ്ദേശം,’ സെബിന്‍ മാലിക് പറയുന്നു.

ബുക്കര്‍ സമ്മാന ജേതാവ് ഷെഹാന്‍ കരുണതിലക, ഗ്രാമി അവാര്‍ഡ് ജേതാവായ സംഗീതജ്ഞന്‍ പ്രകാശ് സോണ്‍തെക്ക, പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ പല്ലവി അയ്യര്‍, ഗ്രാഷ്യന്‍ അവാര്‍ഡ് നേടിയ ശ്രീലങ്കന്‍ എഴുത്തുകാരന്‍ ആന്‍ഡ്രൂ ഫിഡല്‍ ഫെര്‍ണാണ്ടോ, വര്‍ത്തമാനകാല ഓര്‍ഫ്യൂസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കവി പ്രൊഫ. നതാലി ഹാന്‍ഡല്‍ എന്നിവരുള്‍പ്പെടുന്ന ചര്‍ച്ച യാനം ഫെസ്റ്റിവലിനെ ശ്രദ്ധേയമാക്കും.

കൂടാതെ ടിബറ്റന്‍ കവി ടെന്‍സിന്‍ സുണ്ടു, പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ സുദീപ് ചക്രവര്‍ത്തി, ഫോട്ടോഗ്രാഫര്‍ ആശ ഥാദാനി, ആറ് രാജ്യങ്ങളിലൂടെ ബൈക്കിങ് നടത്തിയ സാഹസിക യാത്രിക പിയാ ബഹാദൂര്‍ എന്നിവരും ഈ വേദിയിലെത്തും.

പ്രസിദ്ധ യാത്രാ ഡോക്യുമെന്ററി നിര്‍മ്മാതാക്കളായ പ്രിയ ഗണപതി, അനുരാഗ് മല്ലിക്, ഫുഡ് ഗുരു കാരെന്‍ ആനന്ദ്, പ്രമുഖ യാത്രാ വ്‌ളോഗര്‍ കൃതിക ഗോയല്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്.

യാത്രാ എഴുത്തുകാരും വിദഗ്ധരും പങ്കെടുക്കുന്ന ചര്‍ച്ചകള്‍, സംവാദങ്ങള്‍, യാത്ര, കഥാചാരണ, ഫോട്ടോഗ്രഫി തുടങ്ങിയ മേഖലകളില്‍ വര്‍ക്‌ഷോപ്പുകള്‍, സംഗീതം, നൃത്തം, കല തുടങ്ങിയ പ്രദേശത്തെ സാംസ്‌കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികള്‍, വര്‍ക്കലയുടെ പ്രശസ്തമായ ക്ലിഫിന്റെ ഭംഗി ആസ്വദിക്കാനായുള്ള അവസരം, ടൂറിസ്റ്റുകള്‍ക്ക് അധികം പരിചിതമല്ലാത്ത ലളിതമായ സ്ഥലങ്ങള്‍ കണ്ടെത്താനുള്ള അവസരം തുടങ്ങിയവയെല്ലാം യാനം ഫെസ്റ്റിവലിനെ വേറിട്ടതാക്കുന്നു.

‘യാനം ഫെസ്റ്റിവല്‍ മറ്റ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലുകളില്‍ നിന്നും വ്യത്യസ്തമാണ്, കാരണം ഇതിന്റെ ഇത് പ്രധാനമായും ലക്ഷ്യം വെക്കുന്നത് സഞ്ചാരത്തെയാണ്.

ലോകസാഹിത്യം നോക്കിയാല്‍, പല മഹത്തായ രചനകളും എപിക് കാവ്യങ്ങളും പ്രശസ്തമായ സാഹിത്യകൃതികളും സമുദ്രയാത്രകളിലെയും സാഹസിക യാത്രകളിലെയും പ്രചോദനത്തില്‍ നിന്നാണ് ജനിച്ചതെന്ന് കാണാം. യാത്ര തന്നെ സൃഷ്ടിപ്രേരണയുടെയും കഥാപ്രവാഹത്തിന്റെയും ഉറവിടമാണ്.

അടുത്തവര്‍ഷം മുതല്‍, പ്രശസ്ത യാത്രാ എഴുത്തുകാരെ യാനത്തില്‍ ക്ഷണിച്ച് അവരുടെ യാത്രാനുഭവങ്ങളും അനുഭവകഥകളും പങ്കുവെയ്ക്കാന്‍ അവസരം ഒരുക്കും,’ സെബിന്‍ മാലിക് കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ ഭാവി മുഖച്ഛായയെ കുറിച്ച് പറയുമ്പോള്‍, യാനം വെറും ഫെസ്റ്റിവല്‍ അല്ല. അത് ഒരു പാലമാണ്. തലമുറകളെ ബന്ധിപ്പിക്കുന്ന, പൈതൃകവും നവീന ആശയങ്ങളും ഒരുമിപ്പിക്കുന്നൊരു പാലം. കേരളം കണ്ട് മറക്കേണ്ട പ്രകൃതിദൃശ്യ മാത്രമല്ല, അനുഭവിച്ച് അറിയേണ്ട ഒരു സംസ്‌കാരം കൂടിയാണെന്ന സന്ദേശം ലോകത്തോട് പറയാനുള്ള കേരള ടൂറിസം വകുപ്പിന്റെ പുതിയ ഉദ്യമമാണ് യാനം ഫെസ്റ്റിവല്‍.

Content Highlight: Yaanam Festival, Kerala Tourism

ജിൻസി വി ഡേവിഡ്

ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more