| Thursday, 7th May 2026, 10:21 pm

സൈലം പി.എസ്.സി ക്ലാസുകൾ വഴി ഇടത് വിരുദ്ധത പ്രചരിപ്പിക്കുന്നു; 10 വർഷത്തെ നിയമനം എണ്ണിപ്പറഞ്ഞ് ഡി.വൈ.എഫ്.ഐ നേതാവ്

മുഹമ്മദ് നബീല്‍

കോഴിക്കോട്: കേരളത്തിലെ പ്രമുഖ ഓൺലൈൻ പരിശീലന പ്ലാറ്റ്‌ഫോമായ സൈലം പി.എസ്.സി ക്ലാസുകൾ വഴി ഇടത് വിരുദ്ധത പ്രചരിപ്പിച്ചെന്ന് ഡി.വൈ.ഐ.ഐ നേതാവ്. ‘ഉദ്യോഗാർത്ഥികൾ പറഞ്ഞു കടക്ക് പുറത്ത്’ എന്ന തലക്കെട്ടോടെ സൈലം യൂട്യൂബ് ചാനൽ പുറത്തുവിട്ട വീഡിയോയിൽ എൽ.ഡി.എഫ് സർക്കാർ പി.എസ്.സി നിയമനങ്ങൾ നടത്തിയില്ലെന്ന് പ്രചരിപ്പിച്ചെന്നാണ് ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി അതുൽ പന്നിയങ്കരയുടെ വിമർശനം.

ഒരു സ്വകാര്യ സ്ഥാപനത്തിന് ഏത് പ്ലാറ്റ്ഫോമിലും രാഷ്ട്രീയം പറയാം എന്നാൽ അധ്യാപകരെന്ന മുഖംമൂടി ധരിച്ച് ബോധപൂർവ്വം ഇടതുപക്ഷത്തെ തകർക്കാൻ നടത്തുന്ന വ്യാജപ്രചരണം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് അതുൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. 10 നിയമനം നടത്താത്ത സർക്കാരായിരുന്നു ഉണ്ടായിരുന്നതെന്ന് പറയുന്ന വീഡിയോയ്ക്ക് മറുപടിയായി അതുൽ കഴിഞ്ഞ പത്തുവർഷകാലം നടന്ന നിയമനങ്ങൾ എണ്ണിപറഞ്ഞു.

കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ നിയമനം നടത്തിയ ഗവൺമെന്റാണ് കഴിഞ്ഞ 10 വർഷക്കാലം കേരളം ഭരിച്ച പിണറായി വിജയൻ ഗവൺമെന്റെന്നും യുവജനങ്ങളെ മുന്നോട്ടു നയിക്കുക എന്ന രാഷ്ട്രീയമാണ് സർക്കാർ ഉയർത്തിപിടിച്ചതെന്നും അതുൽ തന്റെ പോസ്റ്റിൽ പറഞ്ഞു.

കേരളത്തേക്കാൾ വലിയ സംസ്ഥാനങ്ങളിൽ പി.എസ്.സി നോക്കുകുത്തിയായി നിൽക്കുമ്പോഴാണ് രാജ്യത്ത് ഏറ്റവും കൂടുതൽ നിയമനം നടത്തിയ പി.എസ്‌.സിയായി കേരളത്തിലെ പി.എസ്‌.സി മാറുന്നതെന്നും ഇതെല്ലാമറിഞ്ഞിട്ടും വ്യാജ പ്രചരണങ്ങൾ നടത്തുന്ന സൈലത്തെ എങ്ങനെയാണ് ഇവിടെയുള്ള യുവജനങ്ങൾ വിശ്വസിക്കുകയെന്നും ഡി.വൈ.എഫ്.ഐ നേതാവ് ചോദിച്ചു.

‘പി.എസ്‌.സി മുഖാന്തരം മൂന്ന് ലക്ഷത്തോളം ആളുകൾക്കാണ് കഴിഞ്ഞ 10 വർഷത്തിനിടയിൽ കേരളത്തിൽ നിയമനം ലഭിച്ചിട്ടുള്ളത്. ഇന്ത്യയിലെ മൊത്തം പി.എസ്‌.സികൾ മുഖാന്തരം ജോലി ലഭിച്ചതിൽ 80 ശതമാനവും കേരളത്തിൽ നിന്നാണ്. രാജ്യത്തെമ്പാടും തസ്തികകൾ വെട്ടി കുറയ്ക്കുമ്പോൾ 32000 തസ്തികകളാണ് ഇടതുപക്ഷ ഗവൺമെന്റ് പുതുതായി കൊണ്ടുവന്നത്,’ അതുൽ പറഞ്ഞു.

വസ്തുതകൾ മനസിലാകുന്ന ഉദ്യോഗാർത്ഥികൾ സൈലത്തോട് കടക്കു പുറത്ത് എന്നു പറയുന്ന കാലം വിദൂരമല്ലെന്ന് പറഞ്ഞ അതുൽ സൈലം മാനേജ്‍മെന്റ് തീർത്തും തൊഴിലാളി വിരുദ്ധമായാണ് പ്രവൃത്തിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

നിരവധി ജീവനക്കാർ സൈലത്തിനെ തൊഴിലാളി വിരുദ്ധ സമീപനത്തിൽ സ്ഥാപനം വിട്ടുപോയെന്നും, സൈലം മറ്റു സ്ഥാപനത്തിൽ പഠിച്ച് വിജയികളായവർ തങ്ങളുടെ സ്ഥാപനത്തിലെ ഉദ്യോഗാർത്ഥികളാണെന്ന് പ്രചരിപ്പിച്ചെന്നും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ആരോപിച്ചു.

അതേസമയം സൈലം പി.എസ്.സി യൂട്യൂബ് വീഡിയോ ഇതിനോടകം പിൻവലിച്ചിട്ടുണ്ട്.

Content Highlight: Xylem PSC is spreading anti-Left sentiment through classes; DYFI leader cites 10-year appointment

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more