ബീജിങ്: ഇറാനില്‍ അമേരിക്കയും ഇസ്രഈലും സംയുക്തമായി നടത്തിയ ആക്രമണത്തിന് പിന്നാലെ ഉടലെടുത്ത സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍, ലോകം ‘കാട്ടുനീതി’യിലേക്ക് (law of the jungle) മടങ്ങുന്നത് തടയാന്‍ ചൈനയും സ്‌പെയ്‌നും തമ്മിലുള്ള സഹകരണം ശക്തമാക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്.
ബീജിങ്ങില്‍ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഷി തന്റെ നിലപാട് വ്യക്തമാക്കിയത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സ്പാനിഷ് പ്രധാനമന്ത്രി ചൈനയിലെത്തിയത്. അഞ്ച് ദിവസമാണ് പെഡ്രോ സാഞ്ചസ് ചൈനയിലുണ്ടാവുക. അദ്ദേഹം സ്ഥാനമേറ്റെടുത്ത ശേഷമുള്ള നാലാം ചൈന സന്ദര്‍ശനമാണിത്.
‘നിലവില്‍ ലോകം വളരെയധികം പ്രക്ഷുബ്ധമാണ്, നിയമവാഴ്ചയും അധികാര വാഴ്ചയും തമ്മിലുള്ള മത്സരത്തെയാണ് ലോകം അഭിമുഖീകരിക്കുന്നത്. യഥാര്‍ത്ഥ ബഹുധ്രുവതയെ സംയുക്തമായി പ്രതിരോധിക്കാന്‍ മാഡ്രിഡും ബീജിങ്ങും തയ്യാറാകണം,’ അദ്ദേഹം പറഞ്ഞു.
ഈ ഔദ്യോഗിക പ്രതികരണങ്ങളില്‍ അമേരിക്കയെക്കുറിച്ചോ ഇസ്രഈല്‍-ഇറാന്‍ യുദ്ധത്തെക്കുറിച്ചോ ഷി ജിന്‍പിങ് നേരിട്ട് പരാമര്‍ശിച്ചിട്ടില്ല.
അമേരിക്കയും ഇസ്രഈലും ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങളെ ഇരുരാജ്യങ്ങളും കടുത്ത ഭാഷയില്‍ അപലപിച്ചു.
ആ ആക്രമണങ്ങളെ ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും തീര്‍ത്തും നിയമവിരുദ്ധമാണെന്നുമാണ് ചൈനയുടെയും സ്‌പെയ്‌നിന്റെയും നിലപാട്.
അടുത്ത മാസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈന സന്ദര്‍ശിക്കാന്‍ തയ്യാറെടുക്കവെയാണ് ചൈനയും സ്‌പെയ്‌നും ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് സ്പാനിഷ് രാജാവ് ഫിലിപ്പ് ആറാമനും ചൈനയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയിരുന്നു. 18 വര്‍ഷത്തിന് ശേഷം ഒരു സ്പാനിഷ് രാജാവ് നടത്തുന്ന ആദ്യ സന്ദര്‍ശനമായിരുന്നു അത്.
യൂറോപ്യന്‍ യൂണിയന് പുറത്ത് സ്‌പെയിനിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. കഴിഞ്ഞ വര്‍ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 55 ബില്യണ്‍ ഡോളറിലധികം വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
Content Highlight: Xi Jinping calls for stronger cooperation between China and Spain to prevent the world from returning to ‘law of the jungle’