അർജന്റൈൻ ഇതിഹാസം ലയണൽ മെസിയോടൊപ്പം ബാഴ്‌സലോണയിൽ കളിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് സ്പാനിഷ് ഇതിഹാസം സാവി ഹെർണാണ്ടസ്.
മെസിക്കൊപ്പം കളിക്കുമ്പോൾ ചുറ്റുമുള്ള താരങ്ങളെ മികച്ചവരാക്കി അർജന്റൈൻ ഇതിഹാസം മാറ്റുമെന്നാണ് സാവി പറഞ്ഞത്. മെസിയുടെ അടുത്തെങ്ങും മറ്റൊരു താരത്തിനും എത്താൻ സാധിക്കില്ലെന്നും സ്പാനിഷ് ഇതിഹാസം പറഞ്ഞു. റൊമാരിയോ ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് സാവി ഇക്കാര്യം പറഞ്ഞത്.
‘ഉടനെയൊന്നും മെസിയെ പോലൊരു താരം ഫുട്ബോളിൽ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. ഒരുപാട് വർഷം ഞാൻ അവനൊപ്പമുണ്ടായിരുന്നു. എല്ലാ കാര്യത്തിലും അവൻ മികച്ചവനായിരുന്നു. ടെക്നിക്കൽ കാര്യത്തിലും ശാരീരികമായും കരുത്തനായിരുന്നതിനൊപ്പം തന്നെ മത്സരങ്ങളെ മനസിലാക്കുന്നതിലും മെസി മിടുക്കനായിരുന്നു.
അവന്റെ ദുർബലമായ കാലുകൾക്ക് പോലും അവിശ്വസനീയമായ കരുത്തുള്ളതായിരുന്നു. മെസി അജയ്യനായ താരമായിരുന്നു, പ്രതിഭാസവും. നമ്മൾ പന്ത് പാസ് ചെയ്താൽ മെസി കളിയെ മെച്ചപ്പെടുത്തും. കൂടാതെ നമ്മളെയും മികച്ച താരമാക്കി മാറ്റും.
ചില സമയങ്ങളിൽ പന്ത് അവന് പാസ് ചെയ്യാതെ മറ്റാർക്കെങ്കിലും നൽകിയാൽ ദേഷ്യപ്പെടുമായിരുന്നു. എന്താണ് നിങ്ങൾ ചെയ്യുന്നത്? എനിക്ക് പന്ത് തരൂ, എന്റെ അടുത്ത് വന്ന് കളിക്കൂ എന്നാണ് അവൻ പറയുക,’ സാവി പറഞ്ഞു.
ബാഴ്സലോണയിൽ കളിച്ചാണ് മെസി ലോക ഫുട്‌ബോളിൽ തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയത്. 2004 ഒക്ടോബർ 16ന് എസ്പാനിയോളിനെതിരായ മത്സരത്തിലാണ് മെസി ബാഴ്‌സയ്ക്കായി തന്റെ അരങ്ങേറ്റം കുറിച്ചത്. ബാഴ്‌സയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകളും അസിസ്റ്റുകളും നേടിയ താരവും മെസി തന്നെയാണ്.
672 ഗോളുകളും 303 അസിസ്റ്റുകളുമാണ് മെസി സ്പാനിഷ് ടീമിന് വേണ്ടി സ്വന്തമാക്കിയത്. ബാഴ്‌സക്കൊപ്പം ഒരുപിടി കിരീട നേട്ടങ്ങളിലും പങ്കാളിയാവാൻ മെസിക്ക് സാധിച്ചു. 10 ലാലിഗ കിരീടങ്ങൾ, രണ്ട് കോപ്പ കിരീടങ്ങൾ, ഏഴ് കോപ്പ ഡെൽ റേ, നാല് ചാമ്പ്യൻസ് ലീഗ് എന്നീ കിരീടങ്ങളാണ് താരം ബാഴ്‌സയ്‌ക്കൊപ്പം നേടിയത്.
2021ലാണ് മെസി 21 വർഷത്തെ തന്റെ ബാഴ്‌സയിലെ അവിസ്മരണീയമായ കരിയറിന് വിരാമമിട്ടത്. മെസിയുടെ കരാർ അവസാനിക്കുമ്പോൾ ബാഴ്സയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധികാരണം മെസിയുമായി പുതിയ കരാറിൽ ഏർപ്പെടാൻ ബാഴ്‌സയ്ക്ക് കഴിഞ്ഞില്ല.
ബാഴ്‌സയിൽ നിന്നും ഫ്രഞ്ച് വമ്പൻമാരായ പാരീസ് സെയ്ന്റ് ജെർമെയ്നിക്കാണ് മെസി ചേക്കേറിയത്. പി.എസ്.ജിയിൽ നിന്നും 2023ൽ മേജർ ലീഗ് സോക്കർ ടീമായ ഇന്റർ മയാമിയിലേക്കും താരം കൂടുമാറി.
Content Highlight: Xavi Hernández praises Argentina legend Lionel Messi