| Thursday, 19th May 2016, 12:17 pm

വടകരയില്‍ സി.കെ നാണു ജയിച്ചു; രമയ്ക്ക് തോല്‍വി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വടകര മണ്ഡലത്തില്‍ എല്‍.ഡി.എഫിന്റെ സി.കെ നാണു ജയിച്ചു. 49211 വോട്ടുകളാണ് നാണുവിന് ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള യു.ഡി.എഫിന്റെ മനയത്ത് ചന്ദ്രനേക്കാള്‍ 9511 വോട്ടിന്റെ ഭൂരിപക്ഷമാണ് നാണുവിന് ലഭിച്ചത്. 39700 വോട്ടുകളാണ് കന്നിക്കാരനായ മനയത്തിന് ലഭിച്ചത്. ജയിക്കുമെന്ന് പ്രതീക്ഷിച്ച രമയ്ക്ക് മൂന്നാം സ്ഥാനം മാത്രമാണ് കിട്ടിയത്. 20504 വോട്ടുകളാണ് രമയ്ക്ക് ലഭിച്ചത്.ബി.ജെ.പിയുടെ രാജേഷ് കുമാറിന് 13937 വോട്ടുകളാണ് ലഭിച്ചത്. എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ക്ക് 2673 വോട്ടുകള്‍ ലഭിച്ചു.

ആര്‍.എം.പി സ്ഥാനാര്‍ത്ഥിയായി ടി.പി ചന്ദ്രശേഖരന്റെ വിധവ കെ.കെ രമ മത്സരത്തിനെത്തുന്നു എന്നതാണ് വടകരയെ ഇത്തവണ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. ടി.പിയുടെ മരണത്തോടെ ആര്‍.എം.പി ഉണ്ടാക്കിയ സ്വാധീനം വോട്ടായി മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് രമക്കും കൂട്ടര്‍ക്കുമുണ്ടായിരുന്നത്. രമയുടെ സ്ഥാനാര്‍ത്ഥിത്വം മറ്റുള്ളവരില്‍ പേടി ജനിപ്പിച്ചിട്ടുണ്ടെന്നതിന്റെ ഒന്നാന്തരം തെളിവാണ് അപരന്‍മാരുടെ സാന്നിധ്യം. രണ്ട് അപര രമമാരെയാണ് രംഗത്ത് ഇറക്കിയത്.

കഴിഞ്ഞ തവണ എസ്.ജെ.ഡിയുടെ എം.കെ പ്രേംനാഥിനെ കേവലം 847 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയ സി.കെ നാണുവിനെ തന്നെയാണ് ഇത്തവണയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാല്‍ കന്നി പോരാട്ടത്തിനിറങ്ങുന്ന മനയത്ത് ചന്ദ്രനാണ് യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി. ബി.ജെ.പിയുടെ വടകര മണ്ഡലം പ്രസിഡന്റായിരുന്ന എം. രാജേഷ് കുമാറിനെയാണ് ബി.ജെ.പി നിര്‍ത്തിയത്.

സോഷ്യലിസ്റ്റ് മണ്ഡലമായ വടകരയുടെ മണ്ണില്‍ ചതുഷ്‌കോണ മത്സരമാണ് ഇത്തവണ. ഒന്നര ലക്ഷത്തിലേറെ വോട്ടുണ്ട് മണ്ഡലത്തില്‍. ഒന്നേകാല്‍ ലക്ഷമെങ്കിലും  40,000 വോട്ടിലേറെ നേടിയാല്‍ ജയിക്കാമെന്നുള്ള സ്ഥിതിയാണ്. കഴിഞ്ഞ തവണ പ്രേംനാഥിനെ തോല്‍പ്പിച്ച നാണുവിന് ലഭിച്ചത് 46912 വോട്ടുകളാണ്. പ്രേംനാഥിന് 46065 ഉം. ആര്‍.എം.പിയുടെ എന്‍. വേണുവിന് 10098 വോട്ടുകളാണ് ലഭിച്ചത്.

എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥിതി വ്യത്യസ്തമായിരുന്നു. ലോക്‌സഭയില്‍ നിന്ന മുല്ലപള്ളിക്ക് 15341 വോട്ടിന്റെ ഭൂരിപക്ഷം കിട്ടുന്ന അവസ്ഥയായി മാറി. ആര്‍.എം.പിക്ക് 2011ല്‍ ലഭിച്ചതിനേക്കാള്‍ കുറവ് വോട്ടുകളാണ് 2014ല്‍ ലഭിച്ചത്. ബി.ജെ.പിയേക്കാള്‍ കുറവായിരുന്നു ഇത്.

എ.എന്‍ ഷംസീറിന് 42315 വോട്ടും ബി.ജെപിയുടെ വി.കെ സജീവന് 9061 വോട്ടും ലഭിച്ചപ്പോള്‍ ആര്‍.എം.പിയുടെ പി. കുമാരന്‍ കുട്ടിക്ക് ലഭിച്ചത് 7570 വോട്ടുകളാണ്.

വടകര നഗരസഭയും ചോറോട്, ഏറാമല, ഒഞ്ചിയം, അഴിയൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് വടകര നിയമസഭാമണ്ഡലം. ഇനി പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ ഒഞ്ചിയത്ത് ലീഗ് പിന്തുണയോടെ ആര്‍.എം.പിയും  ചോറോട് ആര്‍.എം.പിയുടെ പിന്തുണയോടെ യു.ഡി.എഫ് ഭരിക്കുന്ന സ്ഥിതിയാണുള്ളത്. അഴിയൂരും ഏറാമലയിലും യു.ഡി.എഫിന് ഒറ്റക്ക് ഭൂരിപക്ഷമുണ്ട്. ഇവിടെ വടകര നഗരസഭയില്‍ മാത്രമാണ് എല്‍.ഡി.എഫിന് ഭൂരിപക്ഷമുള്ളത്.

അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ (എസ്.ഡി.പി.ഐ) 2673

മടപ്പറമ്പത്ത് ചന്ദ്രന്‍ (സ്വതന്ത്രന്‍) 1648

നോട്ട: 506

കെ.കെ രമ കുനിയില്‍: (സ്വതന്ത്രന്‍) 352

സ്റ്റാലിന്‍ പി.പി (സി.പി.ഐ.എം.എല്‍) റെഡ്സ്റ്റാര്‍: 284

We use cookies to give you the best possible experience. Learn more