| Monday, 16th February 2026, 9:10 pm

എക്‌സ് വീണ്ടും പണിമുടക്കി; 25,000ത്തിലധികം പരാതികള്‍, ഇന്ത്യയിലും തടസപ്പെട്ടു

രാഗേന്ദു. പി.ആര്‍

ടെക്‌സസ്: ഇലോണ്‍ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് പണിമുടക്കി. എക്‌സിന്റെ പ്രവര്‍ത്തനം ആഗോള തലത്തില്‍ തന്നെ കാര്യമായി തടസപ്പെട്ടുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്ക, ബ്രിട്ടന്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് പ്രധാനമായും എക്‌സ് സേവനങ്ങള്‍ പണിമുടക്കിയത്. ഇന്ത്യയിലെ ബെംഗളൂരു, ചെന്നൈ, ദല്‍ഹി, മുംബൈ, ഹൈദരാബാദ്, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലാണ് എക്‌സ് തടസപ്പെട്ടത്.

പ്ലാറ്റ്‌ഫോം ആക്‌സസ് ചെയ്യാനാകുന്നില്ലെന്നും പോസ്റ്റുകള്‍ ലോഡ് ചെയ്യാന്‍ കഴിയുന്നില്ലെന്നുമാണ് ഭൂരിഭാഗം പരാതികളും. നിലവില്‍ ഏകദേശം 25,000ത്തിലധികം പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായാണ് വിവരം.

സേവനം തടസപ്പെട്ടതില്‍ എക്‌സുമായി ബന്ധപ്പെട്ടവര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ന് (തിങ്കള്‍) വൈകുന്നേരം ഏഴ് മണിയോടെയാണ് ഭൂരിഭാഗം സ്ഥലങ്ങളിലും എക്‌സ് ഡൗണായി കണ്ടുതുടങ്ങിയത്. എന്നാല്‍ കഴിഞ്ഞ 72 മണിക്കൂറായി എക്‌സ് ലഭ്യമല്ലെന്ന പരാതികളുമുണ്ട്.

എക്‌സ് പണിമുടക്കിയതോടെ ട്വിറ്ററില്‍ ഇലോണ്‍ മസ്‌ക്കും അദ്ദേഹത്തിന്റെ ഭാവി പദ്ധതികളും ട്രെന്‍ഡിങ്ങിലെത്തി. മസ്‌ക്കിനെ പരിഹസിച്ചുകൊണ്ടുള്ള വീഡിയോകളും കാര്‍ട്ടൂണുകളും പോസ്റ്റുകളുമാണ് എക്സില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

മസ്‌ക് ചന്ദ്രനിലേക്കുള്ള യാത്ര പ്ലാന്‍ ചെയ്യുകയായിരിക്കും, ഒന്നല്ല ഒരുപാടായി, ഇതെല്ലാം എങ്ങനെ സാധിക്കുന്നു, മസ്‌ക് മൗനം വെടിയൂ തുടങ്ങിയ കമന്റുകളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

കൂടാതെ ഇലോണ്‍ മസ്‌ക്കിനേയും അമേരിക്കയിലെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ ദ്വീപിനെയും ബന്ധപ്പെടുത്തിയുള്ള വിമര്‍ശനങ്ങളുമുണ്ട്.

Content Highlight: X.com outage; 25,000 complaints

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more