ന്യൂദല്‍ഹി: അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ രാജ്യത്തെ എക്‌സ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് വിഷയത്തില്‍ നിര്‍ണായക പ്രതികരണവുമായി എക്‌സ്. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ജൂലായ് മൂന്നിന് അക്കൗണ്ട് വിലക്കിയതെന്നാണ് എക്‌സിന്റെ വെളിപ്പെടുത്തല്‍.
ഇന്ത്യയിലെ മാധ്യമസെന്‍സര്‍ഷിപ്പില്‍ ആശങ്കയുണ്ടെന്നും എക്‌സ് അധികൃതര്‍ പ്രതികരിച്ചു. ഇതിനെതിരെയുള്ള നിയമനടപടികള്‍ക്കുള്ള നിയമസാധുത പരിശോധിക്കുകയാണെന്നും എക്‌സ് ഗ്ലോബല്‍ അഫയേഴ്‌സ് ടീം അറിയിച്ചിട്ടുണ്ട്.
ജൂലായ് മൂന്നിനാണ് റോയിട്ടേഴ്‌സിന്റെ അക്കൗണ്ടടക്കം 2355 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതെന്ന് എക്‌സിന്റെ ഗ്ലോബല്‍ അഫയേഴ്‌സ് ടീം പ്രതികരിച്ചു. റോയിട്ടേഴ്‌സ്, റോയിട്ടേഴ്‌സ് വേള്‍ഡ്, എന്നിവയുള്‍പ്പെടെ വിലക്കാനായിരുന്നു നിര്‍ദേശം.
ഒരു മണിക്കൂറിനുള്ളില്‍ ഈ നിര്‍ദേശം പാലിക്കണമെന്നും ഇല്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആ അക്കൗണ്ടുകള്‍ പുനസ്ഥാപിക്കരുതെന്നും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ പൊതുജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് റോയിട്ടേഴ്‌സിന്റേയും മുമ്പ് സസ്‌പെന്‍ഡ് ചെയ്ത ടി.ആര്‍.ടി വേള്‍ഡിന്റേയും അക്കൗണ്ടുകള്‍ പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.
അതേസമയം കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉന്നയിച്ച വാദത്തിന് നേര്‍വിപരീതമാണ് എക്‌സിന്റെ വെളിപ്പെടുത്തല്‍. അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ലായിരുന്നു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യം പറഞ്ഞിരുന്നത്.
ഒരു സര്‍ക്കാര്‍ ഏജന്‍സിയും റോയിട്ടേഴ്‌സ് ഹാന്‍ഡില്‍ തടഞ്ഞുവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും, പ്രശ്‌നം പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ എക്‌സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ എക്‌സുമായി ബന്ധപ്പെട്ടിരുന്നുവെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.
ജൂലായ് മൂന്ന് രാത്രിയോടെയായിരുന്നു അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്. നിയമപരമായ ഒരു കാരണത്താല്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തുവെന്നാണ് റോയിട്ടേഴ്‌സിന്റെ എക്സ് ഹാന്‍ഡിലില്‍ കാണിച്ചിരുന്നത്. അക്കൗണ്ട് പുനസ്ഥാപിക്കുന്നതിനെക്കുറിച്ച് എക്സോ, റോയിട്ടേഴ്‌സോ ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതിനിധികളോ ഉടന്‍ പ്രതികരിച്ചിരുന്നില്ല.
Content Highlight: X responds Centre asked to suspend Reuters’ account