കേരളത്തിലെ പ്രോ റെസ്‌ലിങ് ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് അര്‍ജുന്‍ അശോകന്‍ നായകനാകുന്ന ചത്താ പച്ച. നവാഗതനായ അദ്വൈത് നായരിന്റെ സംവിധാനത്തില്‍ ഡബ്ല്യൂ.ഡബ്ല്യൂ.ഇയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
കഴിഞ്ഞ ദിവസം രാത്രിയോടെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നിരുന്നു. ഒട്ടേറെ ഡബ്ല്യൂ.ഡബ്ല്യൂ.ഇ റഫറന്‍സുകളുള്ള ചിത്രം ആരാധകര്‍ ഏറെ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. ഡബ്ല്യൂ.ഡബ്ല്യൂ.ഇയുടെ കെട്ടും മട്ടും ഒന്നിച്ചുചേര്‍ക്കുന്നതിനൊപ്പം തന്നെ പല പ്രോ റെസ്‌ലിങ് ഫിനിഷറുകളും പല താരങ്ങളുടെ സിഗ്നേച്ചച്ചര്‍ മൂവുകളും ട്രെയ്‌ലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കെവിന്‍ നാഷും ബറ്റീസ്റ്റയും അനശ്വരമാക്കിയ പവര്‍ ബോംബ്, ലെജന്‍ഡറി ലൂച്ചഡോര്‍ റേ മിസ്റ്റീരിയോ ജൂനിയറിന്റെ 619, റാന്‍ഡി ഓര്‍ട്ടണിന്റെ ആര്‍.കെ.ഒ, എഡി ഗുറേറോ റോബ് വാന്‍ ഡാം എന്നിവരുടെ എക്കോണിക് ഫിനിഷറായ ഫ്രോഗ് സ്പ്ലാഷ്, ക്രിസ് ബെന്‍വയുടെ ഫ്‌ളൈയിങ് ഹെഡ് ബട്ട് തുടങ്ങിയ ഫിനിഷിങ് മൂവുകള്‍ ട്രെയ്‌ലറിലുണ്ട്.
മൂണ്‍സോള്‍ട്ട്, സൂപ്പര്‍ പ്ലെക്‌സ്, പവര്‍സ്ലാം, ഹറികെയ്ന്റാന, ക്ലാസിക് ചെയര്‍ ഷോട്‌സ്, ടേബിള്‍ ബ്രേക്ക് തുടങ്ങിയ ഡബ്ല്യൂ.ഡബ്ല്യൂ.ഇയുടെ ആവേശ നിമിഷങ്ങളും രണ്ട് മിനിട്ടും അഞ്ച് സൈക്കന്‍ഡും ദൈര്‍ഘ്യമുള്ള ട്രെയ്‌ലറിനെ പ്രോ റെസ് ലിങ് ആരാധകരുമായി ചേര്‍ത്തുവെക്കുന്നു.
ട്രെയ്‌ലറിലെ ബറ്റീസ്റ്റയുടെ ഐക്കോണിക് റോപ്പ് ഷേക്കിങ് ടോണ്ടും, ജോണ്‍ സീനയുടെ യൂ കാണ്‍ട് സീ മിയുമെല്ലാം ചിത്രത്തിനായി ഡബ്ല്യൂ.ഡബ്ല്യൂ.ഇ ആരാധകരെ കാത്തിരിപ്പിക്കുമെന്നുറപ്പാണ്.
ഫ്രൈഡേ ഫൈറ്റ് നൈറ്റ് എന്നാണ് ഇവരുടെ റെസ് ലിങ് ഷോയുടെ പേര്. ഡബ്ല്യൂ.ഡബ്ല്യൂ.ഇയുടെ ഫ്‌ളാഗ്ഷിപ്പ് ഷോയായ ഫ്രൈഡേ നൈറ്റ് സ്മാക് ഡൗണിന്റെ റഫറന്‍സായും ഇതിനെ വിലയിരുത്താന്‍ സാധിക്കും.
Photo: Screengrab from trailer/ YouTube
നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറിനും മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ക്യാമറയ്ക്ക് മുമ്പിലും പിന്നിലും അണിനിരക്കുന്ന ഗംഭീര ടീമും ചിത്രത്തിനായുള്ള പ്രതീക്ഷകളുയര്‍ത്തുന്നതാണ്.
അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ അതിഥി വേഷവും ചിത്രത്തിന്റെ ഹൈപ്പ് വര്‍ധിപ്പിക്കുന്നു.
Photo: Screengrab from trailer/ YouTube
ഇന്ത്യന്‍ സിനിമയിലെ മുന്‍നിര സംഗീത സംവിധായകരായ ശങ്കര്‍- എഹ്സാന്‍- ലോയ് കോമ്പോയാണ് ചത്താ പച്ചയുടെ സംഗീതം. ഇതാദ്യമായാണ് ഈ കോമ്പോ മലയാളത്തില്‍ ഒരു സിനിമക്കായി പ്രവര്‍ത്തിക്കുന്നത്. കിഷ്‌കിന്ധാ കാണ്ഡത്തിലൂടെ ഞെട്ടിച്ച മുജീബ് മജീദാണ് ചിത്രത്തിന്റെ ബി.ജി.എം കൈകാര്യം ചെയ്യുന്നത്.
പ്രേമം, ആനന്ദം, ഭീഷ്മ പര്‍വം എന്നീ സിനിമകള്‍ക്കായി ക്യാമറ ചലിപ്പിച്ച ആനന്ദ് സി. ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സ്പോര്‍ട്സ് ആക്ഷന്‍ ഴോണറിലൊരുങ്ങുന്ന സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ് ആക്ഷന്‍ രംഗങ്ങള്‍ തന്നെയാകും. മാര്‍ക്കോയിലൂടെ ഞെട്ടിച്ച കലൈ കിങ്സനാണ് ചത്താ പച്ചയുടെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
Photo: Screengrab from trailer/ YouTube
റീല്‍ വേള്‍ഡ് എന്റര്‍ടൈന്മെന്റാണ് ചത്താ പച്ചയുടെ നിര്‍മാതാക്കള്‍. പാന്‍ ഇന്ത്യന്‍ റിലീസ് പ്ലാന്‍ ചെയ്യുന്ന ചിത്രത്തിന്റെ അന്യഭാഷാ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് വമ്പന്മാരാണ്. ധര്‍മ എന്റര്‍ടൈന്മെന്റ്സ്, മൈത്രി മൂവി മേക്കേഴ്സ്, വേഫറര്‍ ഫിലിംസ് എന്നിവരാണ് ചത്താ പച്ചയുടെ വിതരണക്കാര്‍. ടീ സീരീസാണ് ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്സ് നേടിയത്. 2026 ജനുവരി 22ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: WWE reference in Chatha Pacha trailer