| Sunday, 15th June 2025, 7:11 am

മൈറ്റി മൈറ്റി ബാവുമ; നിങ്ങളെ അക്ഷരം തെറ്റാതെ വിളിക്കാം ഇതിഹാസമെന്ന്!

സ്പോര്‍ട്സ് ഡെസ്‌ക്

വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ സൗത്ത് ആഫ്രിക്ക കരുത്തരായ ഓസ്ട്രേലിയയെ തോൽപ്പിച്ച് കഴിഞ്ഞ ദിവസം ജേതാക്കളായിരുന്നു. 26 വർഷങ്ങളുടെ കിരീട വരൾച്ചയ്ക്ക് വിരാമമിട്ടാണ് പ്രോട്ടിയാസ് ആദ്യ കിരീടത്തിൽ മുത്തമിട്ടത്.

ആവേശം നിറഞ്ഞ മത്സരത്തിൽ ക്രിക്കറ്റിൽ മക്കയായ ലോർഡ്‌സിൽ അഞ്ച് വിക്കറ്റിന്റെ വിജയമാണ് സൗത്ത് ആഫ്രിക്ക നേടിയെടുത്തത്. സെഞ്ച്വറി പ്രകടനവുമായി ക്രീസിൽ ഉറച്ച് നിന്ന ഏയ്ഡന്‍ മര്‍ക്രമിന്റെയും ക്യാപ്റ്റൻ ബാവുമയുടെയും കരുത്തിലാണ് പ്രോട്ടിയാസ് തങ്ങളുടെ നീണ്ട വർഷങ്ങളുടെ സ്വപ്നം സഫലീകരിച്ചത്. വിജയത്തോടെ ചോക്കേഴ്സ് എന്ന വിളിപ്പേരിനെ പടിക്ക് പുറത്താക്കാനും ബാവുമയുടെ സംഘത്തിനായി.

സൗത്ത് ആഫ്രിക്കയ്ക്ക് ആദ്യ കിരീടം സമ്മാനിച്ചതോടെ ക്യാപ്റ്റൻ തെംബ ബാവുമ ഒരു ചരിത്ര നേട്ടം കുറിക്കുകയും ചെയ്തു. അപരാജിതനായി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ഉയർത്തുന്ന ആദ്യ ക്യാപ്റ്റൻ എന്ന സൂപ്പർ നേട്ടമാണ് ബാവുമയ്ക്ക് സ്വന്തമാക്കാനായത്.

ബാവുമ ഡബ്ല്യു.ടി.സി 2023 – 25 സൈക്കിളിൽ സൗത്ത് ആഫ്രിക്കയെ എട്ട് മത്സരങ്ങളിലാണ് നയിച്ചത്. അതിൽ ഏഴിലും വിജയിച്ചപ്പോൾ ഒരു മത്സരം സമനിലയിലാവുകയായിരുന്നു. അതുമാത്രമല്ല, ടെസ്റ്റിൽ ഒമ്പത് വിജയവും ഒരു സമനിലയുമായി അപരാജിത കുതിപ്പ് നടത്തുകയാണ് ക്യാപ്റ്റൻ ബാവുമ.

കഴിഞ്ഞ ദിവസം ഫൈനലിൽ കൂടെ വിജയിച്ചതോടെ ടെസ്റ്റിലെ സൗത്ത് ആഫ്രിക്കയുടെ വിന്നിങ് സ്ട്രീക് എട്ടായി ഉയർത്താനും ബാവുമ എന്ന നായകനായി. 2002 – 03 കാലത്ത് മാത്രമാണ് ഇതിന് മുമ്പ് കൂടുതൽ മത്സരങ്ങളിൽ തുടർച്ചയായി വിജയങ്ങൾ നേടിയിട്ടുള്ളത്.

ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ദൈർഘ്യമേറിയ ടെസ്റ്റ് വിജയ പരമ്പര, വർഷം

9 -2002/03

8* – 2024/

6 – 2012 /13

ലോർഡ്‌സിൽ ഫൈനലിൽ ബാവുമ ഒരു അതിഹാസിക പ്രകടനമാണ് പുറത്തെടുത്തത്. പരിക്ക് പറ്റിയിട്ടും താരം ഓപ്പണർ ഏയ്ഡന്‍ മാർക്ര മിനൊപ്പം ക്രീസിൽ ഉറച്ച് നിന്നു. ഇരുവരും പടുത്തുയർത്തിയ 147 റൺസിന്റെ കൂട്ടുകെട്ടാണ് പ്രോട്ടിയാസിന് സ്വപ്ന കിരീടത്തിനുള്ള അടിത്തറ പാകിയത്. ക്യാപ്റ്റൻ ബാവുമ 134 പന്തിൽ 66 റൺസെടുത്തപ്പോൾ മാർക്രം 207 പന്തിൽ 14 ഫോറുകൾ അടിച്ച് 136 റൺസ് അടിച്ച് തകർപ്പൻ പ്രകടനം കാഴ്‌ച വെച്ചു.

ബൗളിങ്ങിൽ കാഗിസോ റബാദയാണ് പ്രോട്ടിയാസിനായി മിന്നും പ്രകടനം പുറത്തെടുത്തത്. താരം ഇരു ഇന്നിങ്‌സിലുമായി ഒമ്പത് വിക്കറ്റുകളാണ്‌ നേടിയാണ് കങ്കാരുപ്പടയുടെ നടുവൊടിച്ചത്.

Content Highlight: WTC: Temba Bavuma became the first captain to win World Test Championship mace as unbeaten

We use cookies to give you the best possible experience. Learn more