| Sunday, 15th June 2025, 10:15 am

മാർക്രമിന്റെയോ ബാവുമയുടെയോ ഇന്നിങ്‌സുകളല്ല, ഇതാണ് സൗത്ത് ആഫ്രിക്കയുടെ വിജയത്തിൽ വഴിത്തിരിവായത്; തുറന്നുപറഞ്ഞ് ഹെയ്ഡൻ

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ സൗത്ത് ആഫ്രിക്ക കഴിഞ്ഞ ദിവസം ജേതാക്കളായിരുന്നു. ലോക വേദികളിൽ കരുത്ത് തെളിയിച്ച ഓസ്ട്രലിയൻ ടീമിനെ അഞ്ച് വിക്കറ്റിന് തറപറ്റിച്ചാണ് പ്രോട്ടിയാസ് ലോകത്തിന്റെ നെറുകൈയിലെത്തിയത്‌.

വിജയത്തോടെ തങ്ങളുടെ 26 വർഷങ്ങളുടെ കാത്തിരിപ്പിനും കണ്ണീരിനും കൂടിയായിരുന്നു പ്രോട്ടിയാസ് വിരാമം കുറിച്ചത്. ഒപ്പം ഐ.സി.സി ഇവന്റുകളിൽ നോക്ക്ഔട്ടിൽ സ്ഥിരമായി പുറത്തായി നേടിയ ചോക്കഴ്സ് എന്ന ചീത്തപേരും മാറ്റിയെടുത്തു ബാവുമയുടെ സംഘം.

സെഞ്ച്വറി പ്രകടനവുമായി ക്രീസിൽ ഉറച്ച് നിന്ന ഏയ്ഡന്‍ മര്‍ക്രമിന്റെയും ക്യാപ്റ്റൻ ബാവുമയുടെയും കരുത്തിലാണ് പ്രോട്ടിയാസ് തങ്ങളുടെ സ്വപ്നം സഫലീകരിച്ചത്. നീണ്ട വർഷങ്ങളുടെ കിരീട വരൾച്ചയ്ക്ക് പ്രോട്ടിയാസ് വിരാമമിട്ടത് ക്രിക്കറ്റിന്റെ മക്കയായ ലോർഡ്‌സിലാണെന്നത് ചരിത്രനിയോഗമാണ്.

ഇപ്പോൾ സൗത്ത് ആഫ്രിക്കയുടെ വിജയത്തെ കുറിച്ച് സംസാരിക്കുകയാണ് ഓസ്‌ട്രേലിയൻ ഇതിഹാസം മാത്യു ഹെയ്ഡൻ. ലോർഡ്‌സിൽ അവിശ്വസനീയമായ ട്രാക്ക് റെക്കോഡുണ്ടായിരുന്ന ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി നേടിയ താരതമ്യേന അനുഭവപരിചയമില്ലാത്ത ഈ ദക്ഷിണാഫ്രിക്കൻ ടീമിന്റെ ഈ ഫലം അസാധാരണമാണെന്ന് അദ്ദേഹം പറഞ്ഞു.

ലുങ്കി എൻഗിഡി സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയത് മത്സരത്തിലെ ഒരു വലിയ നിമിഷമായിരുന്നുവെന്നും ഓസ്‌ട്രേലിയൻ ഇതിഹാസം കൂട്ടിച്ചേർത്തു. ജിയോ സ്റ്റാറിൽ സംസാരിക്കുകയായിരുന്നു മാത്യു ഹെയ്ഡൻ.

‘ലോർഡ്‌സിൽ ഓസ്‌ട്രേലിയ ഒരു ക്രിക്കറ്റ് മത്സരം തോറ്റിട്ട് വളരെ നാളായി. അവർക്ക് ഇവിടെ അവിശ്വസനീയമായ ട്രാക്ക് റെക്കോഡാണ് ഉണ്ടായിരുന്നത്, പ്രത്യേകിച്ച് പ്രധാന അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റുകളിൽ. 22 വർഷത്തെ ആധിപത്യമാണ് അവസാനിച്ചത്.

ഓസ്‌ട്രേലിയയുമായി താരതമ്യപ്പെടുത്തുമ്പോൾ താരതമ്യേന അനുഭവപരിചയമില്ലാത്ത ഈ ദക്ഷിണാഫ്രിക്കൻ ടീമിന്റെ ഈ ഫലം അസാധാരണമാണ്. ലുങ്കി എൻഗിഡിയെക്കുറിച്ച് ചിന്തിക്കുക. കളിയുടെ ആദ്യ ഭാഗത്ത് അദ്ദേഹം അവിശ്വസനീയമായിരുന്നു. പിന്നീട് അദ്ദേഹം സ്റ്റീവ് സ്മിത്തിനെ പുറത്താക്കി. അത് ഒരു വലിയ നിമിഷമായിരുന്നു. സ്മിത് ഓസ്‌ട്രേലിയൻ ടീമിലെ പ്രധാന സാന്നിധ്യമാണ്.

അവിടെ നിന്ന്, ദക്ഷിണാഫ്രിക്ക മുന്നേറിക്കൊണ്ടിരുന്നു. വലിയ ഫൈനൽ ഗെയിമുകൾ അതാണ് – വിജയിക്കാനുള്ള വഴി കണ്ടെത്തുക,’ ഹെയ്ഡൻ പറഞ്ഞു.

മത്സരത്തിൽ ലുങ്കി എൻഗിഡി സൗത്ത് ആഫ്രിക്കക്കായി മികച്ച പ്രകടനം കാഴ്ചവെച്ചത്. ഒന്നാം ഇന്നിങ്സിൽ വിക്കറ്റുകൾ വീഴ്ത്താനായില്ലെങ്കിലും രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റുകൾ നേടിയിരുന്നു. ഇരു ഇന്നിങ്‌സിലുമായി 21 ഓവറുകൾ എറിഞ്ഞ് 83 റൺസാണ് വിട്ടുകൊടുത്തത്. കൂടാതെ രണ്ട് ഇന്നിങ്ങ്സുകളിയായി ഒമ്പത് വിക്കറ്റെടുത്ത് റബാദയും കരുത്ത് തെളിയിച്ചു.

ബാറ്റിങ്ങിൽ ടീമിനായി രണ്ടാം ഇന്നിങ്സിൽ മാർക്രം – ബാവുമ സഖ്യം മികച്ച പ്രകടനമാണ് നടത്തിയത്. ഇരുവരും പടുത്തുയർത്തിയ 147 റൺസിന്റെ കൂട്ടുകെട്ടാണ് പ്രോട്ടിയാസിന് സ്വപ്ന കിരീടം സമ്മാനിച്ചത്.

ഓപ്പണർ ഏയ്ഡന്‍ മാർക്രം 207 പന്തിൽ 14 ഫോറുകൾ അടിച്ച് 136 റൺസ് അടിച്ച് തകർപ്പൻ പ്രകടനം കാഴ്‌ച വെച്ചു. കൂടാതെ ക്യാപ്റ്റൻ ബാവുമ 134 പന്തിൽ 66 റൺസെടുത്തു.

Content Highlight: WTC: Mathew Hayden praises South African team for winning World Test Championship and says Lungi Ngidi dismissing Steve Smith is the key moment in match

We use cookies to give you the best possible experience. Learn more