ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലാണ് ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്നത്. സൗത്ത് ആഫ്രിക്കയും ഓസ്‌ട്രേലിയയുമാണ് മൂന്നാം ടെസ്റ്റ് ചാമ്പ്യൻസ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഇംഗ്ലണ്ടിലെ ലോർഡ്‌സ് സ്റ്റേഡിയത്തിൽ ജൂൺ 11നാണ് ഫൈനൽ അങ്കം നടക്കുക.
ഇപ്പോൾ സൗത്ത് ആഫ്രിക്കൻ ടീമിനെ കുറിച്ച് സംസാരിക്കുകയാണ് മുൻ പ്രോട്ടിയാസ് ബാറ്ററും പരിശീലകനുമായ മാർക്ക് ബൗച്ചർ. ഞങ്ങൾ ഒരു ട്രോഫിക്ക് വേണ്ടിയാണ് പോരാടുന്നതെന്നും ടെസ്റ്റ് ക്രിക്കറ്റിന് വ്യത്യസ്തമായ വൈബാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങൾ ഒരു ട്രോഫി നേടുന്നത് വരെ ‘ചോക്കേഴ്സ്’ എന്നാൽ ലേബൽ ഉണ്ടാവുമെന്നും ടീമിലെ യുവതാരങ്ങൾ പഴയ നിരാശയുടെ ഭാരം ചുമക്കുന്നത് പോലെ തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇ.എസ്.പി.എൻ ക്രിക് ഇൻഫോയിൽ സംസാരിക്കുകയായിരുന്നു മാർക്ക് ബൗച്ചർ.
‘ഞങ്ങൾ ഒരു ട്രോഫിക്ക് വേണ്ടിയാണ് പോരാടുന്നത്. ഒരുപാട് പേര് ഞങ്ങൾക്ക് അതിന് കഴിയുമോയെന്ന് സംശയിക്കുന്നുണ്ടാവും. ടെസ്റ്റ് ക്രിക്കറ്റിന് വ്യത്യസ്തമായ വൈബാണെന്ന് ഞാൻ വിശ്വസിക്കുന്നു. അത് ഒരുപാട് സമയത്തേക്കാണ് കളിക്കുന്നത്. ഒരു നിർണായക നിമിഷത്തിൽ വിജയിക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത്.
ഞങ്ങൾ ഒരു ട്രോഫി നേടുന്നത് വരെ ‘ചോക്കേഴ്സ്’ എന്ന ലേബൽ ഉണ്ടാവും. ആ ടാഗ് വളരെ പെട്ടെന്നു ഒഴിവാക്കാനാവില്ല. യുവതാരങ്ങൾ അത് അർഹിക്കുന്നുണ്ടോ? ഒരിക്കലുമില്ല. അവർ പഴയ നിരാശയുടെ ഭാരം ചുമക്കുന്നത് പോലെ തോന്നുന്നു. അത് എപ്പോഴും ബുദ്ധിമുട്ടാണ്. പക്ഷേ, അവരുടെ ഭാവി അവർ തന്നെയാണ് നിയന്ത്രിക്കുന്നത്,’ ബൗച്ചർ പറഞ്ഞു.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയാണ് സൗത്ത് ആഫ്രിക്ക കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. 12 മത്സരത്തില്‍ നിന്നും എട്ട് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമായി 100 പോയിന്റാണ് പ്രോട്ടിയാസിനുണ്ടായിരുന്നത്. 69.44 പോയിന്റ് ശതമാനത്തോടെയാണ് സൗത്ത് ആഫ്രിക്ക പോയിന്റ് ടേബിളില്‍ ഒന്നാമതെത്തിയത്.
19 മത്സരത്തില്‍ നിന്നും 13 വിജയത്തോടെ 67.54 എന്ന പോയിന്റ് പേര്‍സെന്റേജോടെയാണ് ഓസ്ട്രേലിയ ഫൈനലിന് യോഗ്യത നേടിയത്.
ക്യാപ്റ്റന്‍ തെംബ ബാവുമയ്ക്കൊപ്പം റിയാന്‍ റിക്കല്‍ടണ്‍, മാര്‍ക്കോ യാന്‍സെന്‍, കഗീസോ റബാദ തുടങ്ങി മികച്ച താരനിരയാണ് സൗത്ത് ആഫ്രിക്കയ്ക്കൊപ്പമുള്ളത്. അതേസമയം ഓസ്ട്രേലിയയാകട്ടെ പാറ്റ് കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സിയില്‍ ടെസ്റ്റ് ഫോര്‍മാറ്റിലെ രാജപദവി നിലനിര്‍ത്താനാണ് ഒരുങ്ങുന്നത്.
സൗത്ത് ആഫ്രിക്ക സ്‌ക്വാഡ്
തെംബ ബാവുമ (ക്യാപ്റ്റന്‍), ഡേവിഡ് ബെഡ്ഡിങ്ഹാം, ടോണി ഡി സോര്‍സി, മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, ഏയ്ഡന്‍ മര്‍ക്രം, വിയാന്‍ മുള്‍ഡര്‍, എസ്. മുത്തുസ്വാമി, ലുങ്കി എന്‍ഗിഡി, ഡെയ്ന്‍ പാറ്റേഴ്സണ്‍, കഗീസോ റബാദ, റിയാന്‍ റിക്കല്‍ടണ്‍, ട്രിസ്റ്റണ്‍ സ്റ്റബ്സ്, കൈല്‍ വെരായ്നെ.
ഓസ്‌ട്രേലിയ സ്‌ക്വാഡ്
പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റസ്, മാറ്റ് കുന്‍മാന്‍, മാര്‍നസ് ലബുഷാന്‍, നഥാന്‍ ലിയോണ്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ബ്യൂ വെബ്സ്റ്റര്‍.
ട്രാവലിങ് റിസര്‍വ്: ബ്രണ്ടന്‍ ഡോഗെറ്റ്
Content Highlight: WTC: Mark Boucher talks about South African Team