| Sunday, 15th June 2025, 2:39 pm

ഒരു സൗത്ത് ആഫ്രിക്കക്കാരന്റെ ഏറ്റവും മികച്ച ഇന്നിങ്‌സ്; സൂപ്പർ താരത്തിന് പ്രശംസയുമായി പീറ്റേഴ്സൺ

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ സൗത്ത് ആഫ്രിക്ക കഴിഞ്ഞ ദിവസം ജേതാക്കളായിരുന്നു. ഫൈനലുകളിൽ കരുത്ത് തെളിയിച്ച ഓസ്ട്രലിയൻ ടീമിനെ അഞ്ച് വിക്കറ്റിന് തറപറ്റിച്ചാണ് പ്രോട്ടിയാസ് ലോകത്തിന്റെ നെറുകെയിലെത്തിയത്‌.

വിജയത്തോടെ തങ്ങളുടെ 27 വർഷങ്ങളുടെ കാത്തിരിപ്പിനും കണ്ണീരിനും കൂടിയായിരുന്നു പ്രോട്ടിയാസ് വിരാമം കുറിച്ചത്. ഒപ്പം ചോക്കഴ്സ് എന്ന ചീത്തപേരും മാറ്റിയെടുത്തു ബാവുമയുടെ സംഘം.

നീണ്ട വർഷങ്ങളുടെ കിരീട വരൾച്ചയ്ക്ക് പ്രോട്ടിയാസ് വിരാമമിട്ടത് ക്രിക്കറ്റിന്റെ മക്കയായ ലോർഡ്‌സിലാണെന്നത് ചരിത്രനിയോഗമാണ്. സെഞ്ച്വറി പ്രകടനവുമായി ക്രീസിൽ ഉറച്ച് നിന്ന ഏയ്ഡന്‍ മര്‍ക്രമിന്റെ കരുത്തിലാണ് പ്രോട്ടിയാസ് തങ്ങളുടെ സ്വപ്നം സഫലീകരിച്ചത്.

ഓപ്പണർ ഏയ്ഡന്‍ മർക്രം രണ്ടാം ഇന്നിങ്സിൽ 207 പന്തിൽ 14 ഫോറുകൾ അടക്കം 136 റൺസ് അടിച്ച് തകർപ്പൻ പ്രകടനമാണ് കാഴ്‌ചവെച്ചത്. കൂടാതെ ക്യാപ്റ്റൻ ബാവുമയ്ക്കൊപ്പം ചേർന്ന് 147 റൺസിന്റെ കൂട്ടുകെട്ടും താരം പടുത്തുയർത്തിയിരുന്നു.

ഇപ്പോൾ താരത്തിന്റെ പ്രകടനത്തെ പ്രശംസിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു സൗത്ത് ആഫ്രിക്കൻ ബാറ്റർ കളിച്ചിട്ടുള്ളതിൽ വെച്ച് മികച്ച ഇന്നിങ്‌സാണ് മാർക്രം കളിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

മർക്രം സമ്മർദത്തിനിടയിലും വളരെ മനോഹരമായി കളിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിയോ ഹോട്ട് സ്റ്റാറിൽ സംസാരിക്കുകയായിരുന്നു കെവിൻ പീറ്റേഴ്സൺ.

‘ടെസ്റ്റ് ക്രിക്കറ്റിൽ ഒരു സൗത്ത് ആഫ്രിക്കൻ ബാറ്റർ കളിച്ചിട്ടുള്ളതിൽ വെച്ച് മികച്ച ഇന്നിങ്‌സാണ് മർക്രം കളിച്ചത്. അവരുടെ ടെസ്റ്റ് ചരിത്രത്തിലേക്ക് നോക്കിയാൽ ഏറ്റവും ആക്രമണാത്മകമോ രസകരമോ ആയ ഇന്നിങ്‌സായിരിക്കില്ല അത്. പ്രതീക്ഷ, ഘട്ടം, സമ്മർദം എന്നിവ കണക്കിലെടുക്കുമ്പോൾ അസാധാരണമാണ്. പ്രതേകിച്ച് ആദ്യ ഇന്നിങ്സിൽ പരാജയപ്പെട്ടതിന് ശേഷമാണെന്നതും ഇതിന്റെ മാറ്റ് കൂട്ടുന്നു.

ഒരു ബാറ്ററോ ബൗളറോ ആകട്ടെ നിങ്ങളുടെ രാജ്യത്തിന് നിങ്ങളുടെ പ്രകടനം ആവശ്യമുള്ളപ്പോൾ, സമ്മർദം വളരെ വലുതാണ്. അവന് തുടക്കത്തിൽ തന്നെ തന്റെ സഹ ഓപ്പണർ റിക്കിൽട്ടനെ നഷ്ടമായി. എന്നിട്ടും മർക്രം മനോഹരമായി കളിച്ചു,’ പീറ്റേഴ്സൺ പറഞ്ഞു.

Content Highlight: WTC: Kevin Pieterson talks about Aiden Markram

Latest Stories

We use cookies to give you the best possible experience. Learn more