| Thursday, 12th June 2025, 6:50 pm

ലോഡ്‌സിന്റെ രാജകുമാരന്‍ ഇനി സ്മിത്ത്; ഇതിഹാസങ്ങളെ വെട്ടി റെക്കോഡിടുന്നത് ഇവന്റെ ഒരു ഹോബി!

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലോഡ്‌സില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ കങ്കാരുപ്പടയെ 212 റണ്‍സിന് ഓള്‍ ഔട്ട് ചെയ്താണ് പ്രോട്ടിയാസ് തങ്ങളുടെ കരുത്ത് കാണിച്ചത്.

ഓസീസന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് ബ്യൂ വെബ്സ്റ്ററാണ്. 92 പന്തില്‍ നിന്നാണ് താരം 72 റണ്‍സ് നേടി നിര്‍ണായക ഘട്ടത്തില്‍ ഓസീസിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. 66 റണ്‍സ് നേടി പുറത്തായ സ്റ്റീവ് സ്മിത്തും ബാറ്റിങ്ങില്‍ പ്രധാന പങ്കാണ് വഹിച്ചത്. നേടിയ അര്‍ധ സെഞ്ച്വറിക്ക് പുറമെ ഒരു സൂപ്പര്‍ നേട്ടമാണ് താരം സ്വന്തമാക്കിയത്. ക്രിക്കറ്റിന്റെ മക്കയായ ലോഡ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വിസിറ്റിങ് ബാറ്റര്‍ എന്ന റെക്കോഡാണ് സ്മിത് സ്വന്തമാക്കിയത്. ഈ ലിസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന്റെയും ഓസീസിന്റെയും ഇതിഹാസ താരങ്ങളെ മറികടന്നാണ് താരം റെക്കോഡ് സൃഷ്ടിച്ചത്.

ലോഡ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വിസിറ്റിങ് ബാറ്റര്‍, റണ്‍സ് (ഇന്നിങ്‌സ്)

സ്റ്റീവ് സ്മിത്ത് (ഓസ്‌ട്രേലിയ) – 591 (10)

വാറണ്‍ ബാര്‍ട്‌സ്‌ലി (ഓസ്‌ട്രേലിയ) – 575 (7)

സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് (വെസ്റ്റ് ഇന്‍ഡീസ്) – 571 (9)

സര്‍ ഡോണ്‍ ബ്രാഡ്മാന്‍ (ഓസ്‌ട്രേലിയ) – 551 (8)

ഷിവ്‌നരെയ്ന്‍ ചന്ദ്രപോള്‍ (വെസ്റ്റ് ഇന്‍ഡീസ്) – 512 (9)

നിലവില്‍ മത്സരത്തിലെ രണ്ടാം ദിനം പുരോഗമിക്കുമ്പോള്‍ 56 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സാണ് പ്രോട്ടിയാസിന് നേടാന്‍ സാധിച്ചത്. അഞ്ച് വിക്കറ്റ് നേടി മിന്നും പ്രകടനമാണ് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് കാഴ്ചവെക്കുന്നത്.

ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് വമ്പന്‍ തിരിച്ചടി നല്‍കി തന്നെയാണ് ഓസ്‌ട്രേലിയ ബൗളിങ് തുടങ്ങിയത്. ആദ്യ ഓവറിനെത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് ഓപ്പണര്‍ ഏയ്ഡന്‍ മാര്‍ക്രമിനെ പൂജ്യം റണ്‍സിന് പുറത്താക്കിയാണ് റിവഞ്ച് എടുത്തത്. തുടര്‍ന്ന് റിയാന്‍ റിക്കില്‍ടണെ 16 റണ്‍സിന് കൂടാരം കയറ്റി സ്റ്റാര്‍ട്ട് വീണ്ടും വിക്കറ്റ് നേടി. മൂന്നാമനായി ഇറങ്ങിയ വിയാന്‍ മുള്‍ഡര്‍ പ്രതീക്ഷയ്ക്ക് ഉയരാതെ ആറ് റണ്‍സിനാണ് പുറത്തായത്. സ്റ്റാര്‍ക്കിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആവുകയായിരുന്നു താരം.

പിന്നീട് ഗ്രീസില്‍ എത്തിയ സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംമ്പ ബാവുമയാണ് ടീമിനെ തകര്‍ച്ചയില്‍ നിന്നും മുന്നോട്ടു കൊണ്ടുപോയത്. 86 പന്തുകള്‍ കളിച്ച താരത്തെ 36 റണ്‍സിന് മടക്കി അയച്ചാണ് ക്യാപ്റ്റന്‍ കമ്മിന്‍സ് കങ്കാരുപ്പടക്ക് വീണ്ടും ഒരു ബ്രേക്ക് ത്രൂ നല്‍കിയത്. അഞ്ചാമനായി ഇറങ്ങിയ ട്രിസ്റ്റന്‍ സ്റ്റബ്‌സ് വെറും രണ്ട് റണ്‍സിന് മടങ്ങി പ്രോട്ടിയ സഖ്യത്തെ നിരാശപ്പെടുത്തി. ജോഷ് ഹേസല്‍വുഡാണ് താരത്തെ കൂടാരത്തിലേക്ക് മടക്കിയത്.

പ്രോട്ടിയാസിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ച ഡേവിഡ് ബെഡ്ഡിങ്ഹാമിനെ 45 റണ്‍സിന് പുറത്താക്കി കമ്മിന്‍സ് വീണ്ടും വിക്കറ്റ് വീഴ്ത്തി. മാത്രമല്ല കൈല്‍ വെരെയെന്നെ (13), മാര്‍ക്കോ യാന്‍സന്‍ (0) എന്നിവരേയും കൂടാരത്തിലേക്കയച്ചാണ് കമ്മിന്‍സ് ഫൈഫര്‍ സ്വന്തമാക്കിയത്.

Content Highlight: WTC Final: Steve Smith In Great Record Achievement In Lords

We use cookies to give you the best possible experience. Learn more