| Thursday, 12th June 2025, 6:12 pm

കൊടുങ്കാറ്റായി കമ്മിന്‍സ് ഇടിമിന്നലായി സ്റ്റാര്‍ക്കും; ലോഡ്‌സില്‍ സൗത്ത് ആഫ്രിക്ക പൊരുതുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലോഡ്‌സില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ കങ്കാരുപ്പടയെ 212 റണ്‍സിന് ഓള്‍ ഔട്ട് ചെയ്താണ് പ്രോട്ടിയാസ് തങ്ങളുടെ കരുത്ത് കാണിച്ചത്.

നിലവില്‍ മത്സരത്തിലെ രണ്ടാം ദിനം ലഞ്ച് ബ്രേക്കിന് പിരിഞ്ഞപ്പോള്‍ ബാറ്റ് ചെയ്യുന്ന പ്രോട്ടിയാസ് 49 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് ആണ് നേടിയത്.

ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് വമ്പന്‍ തിരിച്ചടി നല്‍കി തന്നെയാണ് ഓസ്‌ട്രേലിയ ബൗളിങ് തുടങ്ങിയത്. ആദ്യ ഓവറിനെത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് ഓപ്പണര്‍ ഏയ്ഡന്‍ മാര്‍ക്രമിനെ പൂജ്യം റണ്‍സിന് പുറത്താക്കിയാണ് റിവഞ്ച് എടുത്തത്. തുടര്‍ന്ന് റിയാന്‍ റിക്കില്‍ടണെ 16 റണ്‍സിന് കൂടാരം കയറ്റി സ്റ്റാര്‍ട്ട് വീണ്ടും വിക്കറ്റ് നേടി. മൂന്നാമനായി ഇറങ്ങിയ വിയാന്‍ മുള്‍ഡര്‍ പ്രതീക്ഷയ്ക്ക് ഉയരാതെ ആറ് റണ്‍സിനാണ് പുറത്തായത്. സ്റ്റാര്‍ക്കിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആവുകയായിരുന്നു താരം.

പിന്നീട് ഗ്രീസില്‍ എത്തിയ സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംമ്പ ബാവുമയാണ് ടീമിനെ തകര്‍ച്ചയില്‍ നിന്നും മുന്നോട്ടു കൊണ്ടുപോയത്. 86 പന്തുകള്‍ കളിച്ച താരത്തെ 36 റണ്‍സിന് മടക്കി അയച്ചാണ് ക്യാപ്റ്റന്‍ കമ്മിന്‍സ് കങ്കാരുപ്പടക്ക് വീണ്ടും ഒരു ബ്രേക്ക് ത്രൂ നല്‍കിയത്. അഞ്ചാമനായി ഇറങ്ങിയ ട്രിസ്റ്റന്‍ സ്റ്റബ്‌സ് വെറും രണ്ട് റണ്‍സിന് മടങ്ങി പ്രോട്ടിയ സഖ്യത്തെ നിരാശപ്പെടുത്തി. ജോഷ് ഹേസല്‍വുഡാണ് താരത്തെ കൂടാരത്തിലേക്ക് മടക്കിയത്.

നിലവില്‍ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ക്രീസില്‍ ഉള്ളത് ഡേവിഡ് ബെഡ്ഡിങ്ഹാമും (95 പന്തില്‍ 39 റണ്‍സ്) കൈല്‍ വെരെയെന്നെ (30 പന്തില്‍ 11 റണ്‍സ്) എന്നിവരുമാണ്. ആദ്യ ഇന്നിങ്‌സില്‍ ഓളൗട്ടിന് വഴങ്ങാതെ ഓസ്‌ട്രേലിയക്കെതിരെ ലീഡ് ലക്ഷ്യം വെച്ചാണ് പ്രോട്ടിയാസ് ബ്രേക്കിന് ശേഷം കളത്തില്‍ ഇറങ്ങുന്നത്. എന്നാല്‍ കങ്കാരുപ്പടയുടെ ശക്തമായ ബൗളിങ് ആക്രമണത്തെ എത്തരത്തിലാണ് സൗത്ത് ആഫ്രിക്കന്‍ ബാറ്റര്‍മാര്‍ നേരിടുന്നത് എന്ന് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

സൗത്ത് ആഫ്രിക്കയുടെ പ്ലെയിങ് ഇലവന്‍

ഏയ്ഡന്‍ മര്‍ക്രം, റിയാന്‍ റിക്കല്‍ടണ്‍, വിയാന്‍ മുള്‍ഡര്‍, തെംബ ബാവുമ (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഡേവിഡ് ബെഡ്ഡിങ്ഹാം, കൈല്‍ വെരായ്‌നെ (വിക്കറ്റ് കീപ്പര്‍), ടോണി ഡി സോര്‍സി, മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, കഗീസോ റബാദ ലുങ്കി എന്‍ഗിഡി

ഓസ്‌ട്രേലിയയുടെ പ്ലെയിങ് ഇലവന്‍

ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷാന്‍, കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്സ്റ്റര്‍, അലക്‌സ് കാരി, (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹെയ്‌സല്‍വുഡ്‌

Content Highlight: WTC Final: South Africa is fighting against Australia

We use cookies to give you the best possible experience. Learn more