വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ മൂന്നാം ദിവസം അവസാനിച്ചപ്പോള്‍ ഏറെ കാലത്തെ കിരീട വരള്‍ച്ചയ്ക്ക് വിരാമമിടാനിരിക്കുകയാണ് സൗത്ത് ആഫ്രിക്ക. 282 റണ്‍സിന്റെ ടാര്‍ഗറ്റാണ് സൗത്ത് ആഫ്രിക്കയ്ക്ക് മുന്നില്‍ ഓസ്ട്രേലിയ പടുത്തുയര്‍ത്തിയത്. രണ്ട് ദിവസം ശേഷിക്കെ 69 റണ്‍സ് കൂടി നേടാന്‍ സാധിച്ചാല്‍ സൗത്ത് ആഫ്രിക്കയ്ക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടമണിയാം. നിലവില്‍ 56 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് പ്രോട്ടിയാസ് നേടിയത്.
159 പന്തില്‍ 102 റണ്‍സുമായി ഓപ്പണര്‍ ഏയ്ഡന്‍ മര്‍ക്രവും 121 പന്തില്‍ 65 റണ്‍സുമായി ക്യാപ്റ്റന്‍ തെംബ ബാവുമയും ക്രീസില്‍ തുടരുകയാണ്. മൂന്നാം ഓവറില്‍ റിയാന്‍ റിക്കെല്‍ട്ടനെ ആറ് റണ്‍സിനും 17ാം ഓവറില്‍ വിയാന്‍ മുള്‍ഡറെ 27 റണ്‍സിനും മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കിയപ്പോള്‍ ടീമിനെ വിജയതീരത്തെത്തിക്കാന്‍ കച്ചകെട്ടി ഇറങ്ങുകയായിരുന്നു ഓപ്പണര്‍ ഏയ്ഡന്‍ മാര്‍ക്രവും ക്യാപ്റ്റനും.
മികച്ച ഇന്നിങ്‌സില്‍ സെഞ്ച്വറിയടിച്ച് നിര്‍ണായക പങ്കാണ് മാര്‍ക്രം പ്രോട്ടിയാസിന് വേണ്ടി വഹിച്ചത്. ബാവുമയുടെ അര്‍ധസെഞ്ച്വറിയും വലിയ പ്രാധാന്യമാണ് ഇന്നിങ്‌സില്‍ കൊണ്ടുവന്നത്. ഇതോടെ 143 റണ്‍സിന്റെ പാര്‍ടണര്‍ഷിപ്പ് നേടാനും മാര്‍ക്രം-ബാവുമ സഖ്യത്തിന് സാധിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ ഒരു റെക്കോഡ് ലിസ്റ്റില്‍ ഇടം നേടാനും താരത്തിന് ഇരുതാരങ്ങള്‍ക്ക് സാധിച്ചു. ഐ.സി.സി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പാര്‍ട്ണര്‍ഷിപ്പ് നേടാനാണ് ക്യാപ്റ്റനും മാര്‍ക്രമിനും സാധിച്ചത്.
ട്രാവിസ് ഹെഡ്ഡ് & സ്റ്റീവ് സ്മിത്ത്, 285 റണ്‍സ് – ഇന്ത്യ – 2023
ഏയ്ഡന്‍ മാര്‍ക്രം & തെംബ ബാവുമ, 143 റണ്‍സ് – ഓസ്‌ട്രേലിയ – 2025
അജിന്‍ക്യ രഹാനെ & ഷാര്‍ദുല്‍ താക്കൂര്‍, 109 – ഓസ്‌ട്രേലിയ – 2023
മത്സരത്തിലെ ആദ്യ ഇന്നിങ്സില്‍ കങ്കാരുപ്പടയെ 212 റണ്‍സിന് ഓള്‍ ഔട്ട് ചെയ്താണ് പ്രോട്ടിയാസ് തങ്ങളുടെ കരുത്ത് കാണിച്ചത്. കഗീസോ റബാദയുടെ ഫൈഫര്‍ നേട്ടമാണ് പ്രോട്ടിയാസിന് തുണയായത്. ആദ്യ ഇന്നിങ്സില്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ പ്രോട്ടിയാസിനെ ഓള്‍ ഔട്ട് ചെയ്ത് മികച്ച തിരിച്ചുവരവാണ് ഓസ്ട്രേലിയയും കാഴ്ചവെച്ചത്.
കങ്കാരുപ്പടയുടെ ബൗളിങ് അറ്റാക്കില്‍ 138 റണ്‍സ് മാത്രമാണ് സൗത്ത് ആഫ്രിക്കയ്ക്ക് നേടാന്‍ സാധിച്ചത്. പാറ്റ് കമ്മിന്‍സ് നേടിയ ആറ് വിക്കറ്റായിരുന്നു ഇന്നിങ്സില്‍ നിര്‍ണായകമായത്. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയയെ 207 റണ്‍സിന് തകര്‍ത്താണ് പ്രോട്ടിയാസ് കിരീടം സ്വപ്‌നം കണ്ട് ബാറ്റിങ്ങിന് ഇറങ്ങിയത്.
Content Highlight: WTC Final: Aiden Markram And Temba Bavuma In Great Record Achievement