ബൗളര്‍മാര്‍ അഴിഞ്ഞാടിയ ദിവസം, അതായിരുന്നു വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ ദിവസം. ഓസ്‌ട്രേലിയയുടെ പത്തും പ്രോട്ടിയാസിന്റെ നാലും അടക്കം 14 വിക്കറ്റുകളാണ് മത്സരത്തിന്റെ ആദ്യ ദിനം തന്നെ വീണത്.
ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 212ന് പുറത്തായപ്പോള്‍ നാല് വിക്കറ്റിന് 43 എന്ന നിലയിലാണ് പ്രോട്ടിയാസ് ഫൈനലിന്റെ ആദ്യ ദിവസം അവസാനിപ്പിച്ചത്.
സ്‌കോര്‍ (ആദ്യ ദിനം)
ഓസ്‌ട്രേലിയ – 212 (56.4)
സൗത്ത് ആഫ്രിക്ക – 43/4 (22)
സ്റ്റാര്‍ പേസര്‍ കഗീസോ റബാദയുടെ ബൗളിങ് മികവിലാണ് സൗത്ത് ആഫ്രിക്ക കങ്കാരുക്കളെ എറിഞ്ഞിട്ടത്. കരിയറിലെ 17ാം ഫൈഫര്‍ പേരിലെഴുതിച്ചേര്‍ത്ത് റബാദ ഫൈനലില്‍ ഓസ്‌ട്രേലിയയുടെ അന്തകനായി. ഉസ്മാന്‍ ഖവാജ, കാമറൂണ്‍ ഗ്രീന്‍, ബ്യൂ വെബ്‌സ്റ്റര്‍, ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക് എന്നിവരെയാണ് റബാദ മടക്കിയത്.
മാര്‍കോ യാന്‍സെന്‍ മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ഏയ്ഡന്‍ മര്‍ക്രം, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
ഈ ഫൈഫറിന് പിന്നാലെ ഒരു ചരിത്ര നേട്ടവും റബാദയുടെ പേരില്‍ കുറിപ്പെട്ടു. ഒരു ഐ.സി.സി ഫൈനലില്‍ ഫൈഫര്‍ സ്വന്തമാക്കുന്ന താരങ്ങളുടെ പട്ടികയിലാണ് റബാദ തന്റെ പേരെഴുതിച്ചേര്‍ത്തത്. ചരിത്രത്തില്‍ ഇത് അഞ്ചാം തവണ മാത്രമാണ് ഐ.സി.സി ടൂര്‍ണമെന്റിന്റെ കിരീടപ്പോരാട്ടത്തില്‍ ഒരു ബൗളര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്നത്.
(താരം – ടീം – എതിരാളികള്‍ – ബൗളിങ് പ്രകടനം – ടൂര്‍ണമെന്റ് എന്നീ ക്രമത്തില്‍)
ഗാരി ഗില്‍മോര്‍ – ഓസ്‌ട്രേലിയ – വെസ്റ്റ് ഇന്‍ഡീസ് – 5/48 – 1975 ലോകകപ്പ്
ജോയല്‍ ഗാര്‍നെര്‍ – വെസ്റ്റ് ഇന്‍ഡീസ് – ഇംഗ്ലണ്ട് – 5/38 – 1979 ലോകകപ്പ്
ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക – വെസ്റ്റ് ഇന്‍ഡീസ് – 5/30 – 1998 ചാമ്പ്യന്‍സ് ട്രോഫി
കൈല്‍ ജാമിസണ്‍ – ന്യൂസിലാന്‍ഡ് – ഇന്ത്യ – 5/31 – വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2021
കഗീസോ റബാദ – സൗത്ത് ആഫ്രിക്ക – ഓസ്‌ട്രേലിയ – 5/51 – വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025*
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് തുടക്കം പാളിയിരുന്നു. 20 റണ്‍സ് കൂട്ടിച്ചേര്‍ക്കും മുമ്പ് തന്നെ രണ്ട് സൂപ്പര്‍ താരങ്ങളുടെ വിക്കറ്റ് നഷ്ടമായി. 50 റണ്‍സിന് മുമ്പ് മൂന്നാമനും കൂടാരം കയറി.
നാലാം നമ്പറിലിറങ്ങിയ സ്റ്റീവ് സ്മിത്തും ആറാമനായി ക്രീസിലെത്തിയ ബ്യൂ വെബ്സ്റ്ററും ചെറുത്തുനിന്നതോടെ കങ്കാരുക്കള്‍ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറി. സ്മിത് 112 പന്തില്‍ 66 റണ്‍സും വെബ്സ്റ്റര്‍ 92 പന്തില്‍ 72 റണ്‍സും സ്വന്തമാക്കി.
31 പന്തില്‍ 23 റണ്‍സടിച്ച അലക്‌സ് കാരിയാണ് ടീമിന്റെ മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസിന് 30 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. ഏയ്ഡന്‍ മര്‍ക്രം (ആറ് പന്തില്‍ പൂജ്യം), റിയാന്‍ റിക്കല്‍ടണ്‍ (23 പന്തില്‍ 16), വിയാന്‍ മുള്‍ഡര്‍ (44 പന്തില്‍ ആറ്), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (13 പന്തില്‍ രണ്ട്) എന്നിവരെയാണ് ഓസ്‌ട്രേലിയ മടക്കിയത്.
37 പന്തില്‍ മൂന്ന് റണ്‍സുമായി ക്യാപ്റ്റന്‍ തെംബ ബാവുമയും ഒമ്പത് പന്തില്‍ എട്ട് റണ്‍സുമായി ഡേവിഡ് ബെഡ്ഡിങ്ഹാമുമാണ് ക്രീസില്‍.
ഓസ്‌ട്രേലിയന്‍ പ്ലെയിങ് ഇലവന്‍
ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷാന്‍, കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്സ്റ്റര്‍, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹെയ്‌സല്‍വുഡ്.
സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍
തെംബ ബാവുമ (ക്യാപ്റ്റന്‍), ഏയ്ഡന്‍ മര്‍ക്രം, റിയാന്‍ റിക്കല്‍ടണ്‍, വിയാന്‍ മുള്‍ഡര്‍, ട്രിസ്റ്റണ്‍ സ്റ്റബ്സ്, ഡേവിഡ് ബെഡ്ഡിങ്ഹാം, കൈല്‍ വെരായ്നെ, മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, കഗീസോ റബാദ, ലുങ്കി എന്‍ഗിഡി
Content highlight: WTC Final 2025: SA vs AUS: Kagiso Rabada enters the elite list of bowlers to pick fifer in ICC Finals