ഓസ്‌ട്രേലിയയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ക്രിക്കറ്റിന്റെ മക്കയായ ലോർഡ്‌സിൽ നടന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ രണ്ടാം ദിവസം അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തിട്ടുണ്ട്. ഒന്നാം ഇന്നിങ്സിലെ ലീഡിന്റെ കരുത്തിൽ മത്സരത്തിൽ 218 റൺസിന് മുന്നിട്ട് നിൽക്കുകയാണ് കങ്കാരുക്കൾ.
രണ്ടാം ദിവസം അവസാനിച്ചതിന് ശേഷം സൗത്ത് ആഫ്രിക്കയുടെ പ്രതീക്ഷകളെ കുറിച്ച് ലുങ്കി എൻഗിഡി സംസാരിച്ചിരുന്നു. തങ്ങൾ ഇപ്പോൾ നല്ല നിലയിലാണെന്നും 230ന് താഴെയുള്ള ഏതൊരു സ്കോറും പിന്തുടരുന്നത് ഓസ്‌ട്രേലിയയുടെ ശക്തമായ ബൗളിങ് നിരയ്ക്ക് മുന്നിൽ എളുപ്പമാകില്ല എന്നും താരം പറഞ്ഞു.
‘തീർച്ചയായും, ഞങ്ങൾ ഇപ്പോൾ വളരെ നല്ല നിലയിലാണ്. അവരുടെ ശേഷിക്കുന്ന വിക്കറ്റുകൾ വീഴ്ത്താൻ രണ്ട് പന്തുകൾ മതിയാവും. 230 ന് താഴെയുള്ള ഏതൊരു സ്കോറും പിന്തുടരുകയാണെങ്കിൽ, അവരുടെ ശക്തമായ ബൗളിങ് നിരയ്ക്ക് മുന്നിൽ അത് എളുപ്പമാകില്ല, പക്ഷേ അതിനുള്ള ഏറ്റവും മികച്ച അവസരം ഞങ്ങൾ സ്വയം നൽകാൻ ആഗ്രഹിക്കുന്നു,’ എൻഗിഡി പറഞ്ഞു.
ലുങ്കി എൻഗിഡിയുടെയും കഗീസോ റബാദയുടെയും മികച്ച ബൗളിങ് പ്രകടനത്തിന്റെ മികവിലാണ് കങ്കാരുപ്പടയുടെ വിക്കറ്റുകള്‍ പെട്ടെന്ന് വീഴ്ത്താന്‍ സാധിച്ചത്. ഇരുവരും ഓസ്‌ട്രേലിയയുടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.
മാര്‍ക്കോ യാന്‍സന്‍ വിയാന്‍ മുള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നിലവില്‍ നേടിയിട്ടുണ്ട്.
രണ്ടാം ഇന്നിങ്സിൽ ഓസ്‌ട്രേലിയക്കായി വിക്കറ്റ് കീപ്പർ ബാറ്റർ അലക്സ് കാരിയാണ് മികച്ച പ്രകടനം നടത്തിയത്. താരം 50 പന്തുകൾ നേരിട്ട് 43 റൺസാണ് നേടിയത്. കാരിയ്ക്ക് പുറമെ, ഓപ്പണർ മാര്‍നസ് ലബുഷാൻ 64 പന്തിൽ 22 റൺസെടുത്ത് ഭേദപ്പെട്ട പ്രകടനം നടത്തി. നിലവിൽ ഓസ്‌ട്രേലിയയ്ക്കായി ക്രീസിലുള്ളത് 47 പന്തിൽ 16 റൺസെടുത്ത മിച്ചൽ സ്റ്റാർക്കും ഒരു പന്തിൽ 4 റൺസ് നേടിയ നഥാൻ ലിയോണുമാണ്.
മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ കങ്കാരുപ്പടയെ 212 റണ്‍സിന് ഓള്‍ ഔട്ട് ചെയ്താണ് പ്രോട്ടിയാസ് തങ്ങളുടെ കരുത്ത് കാണിച്ചത്.
ആദ്യ ഇന്നിങ്‌സില്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ പ്രോട്ടിയാസിനെ ഓള്‍ ഔട്ട് ചെയ്ത് ഓസ്‌ട്രേലിയ മികച്ച തിരിച്ചുവരവാണ് ഓസ്‌ട്രേലിയയും കാഴ്ചവെച്ചത്. കങ്കാരുപ്പടയുടെ ബൗളിങ് അറ്റാക്കില്‍ 138 റണ്‍സ് മാത്രമാണ് സൗത്ത് ആഫ്രിക്കയ്ക്ക് നേടാന്‍ സാധിച്ചത്.
ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നേടി ഓസീസിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സായിരുന്നു. 18.1 ഓവര്‍ എറിഞ്ഞ് 28 റണ്‍സ് വഴങ്ങി 1.80 എന്ന എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.
Content Highlight: WTC Final 2025: Lungi Ngidi says that chasing a score under 230 would not be easy before Australian strong bowling attack