ഐ.സി.സി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിന്റെ ഫൈനലിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. ജൂണ്‍ 11ന് ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ നടക്കുന്ന ഫൈനലിനുള്ള സ്‌ക്വാഡിനെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. സൗത്ത് ആഫ്രിക്കയാണ് ഫൈനലില്‍ കങ്കാരുക്കളുടെ എതിരാളികള്‍.
പാറ്റ് കമ്മിന്‍സിനെ നായകനാക്കിയും സ്റ്റീവ് സ്മിത്തിനെ കമ്മിന്‍സിന്റെ ഡെപ്യൂട്ടിയായും ചുമതലപ്പെടുത്തിയാണ് ഓസ്‌ട്രേലിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്താനൊരുങ്ങുന്നത്.
ടൂര്‍ണമെന്റിന്റെ 2021-23 സൈക്കിളില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ഓസ്‌ട്രേലിയ ടെസ്റ്റ് മെയ്‌സ് സ്വന്തമാക്കിയത്. ഇതോടെ പുരുഷ ക്രിക്കറ്റിലെ എല്ലാ കിരീടങ്ങളും നേടുന്ന ആദ്യ ടീമായും ഏക ടീമായും ഓസ്‌ട്രേലിയ മാറിയിരുന്നു.
ഏറെ നാള്‍ പരിക്കിന്റെ പിടയിലായിരുന്ന സൂപ്പര്‍ താരം കാമറൂണ്‍ ഗ്രീന്‍ മടങ്ങിയെത്തുന്നു എന്നതാണ് ഓസ്‌ട്രേലിയന്‍ ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തുന്നത്.
കാമറൂണ്‍ ഗ്രീന്‍
ഷെഫീല്‍ഡ് ഷീല്‍ഡ് പ്ലെയര്‍ ഓഫ് ദി ഫൈനലായി തെരഞ്ഞെടുത്ത ബ്രണ്ടന്‍ ഡോഗെറ്റിനെ ട്രാവലിങ് റിസര്‍വായും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബ്രണ്ടന്‍ ഡോഗെറ്റ്
ഇന്ത്യയെ 3-1ന് പരാജയപ്പെടുത്തി ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി നേടിയ സ്‌ക്വാഡില്‍ നിന്നും ശ്രീലങ്കയെ 2-0ന് തകര്‍ത്ത് വോണ്‍ – മുരളീധരന്‍ ട്രോഫി നിലനിര്‍ത്തിയ സ്‌ക്വാഡില്‍ നിന്നും കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഓസ്‌ട്രേലിയ കലാശപ്പോരാട്ടത്തിനുള്ള സ്‌ക്വാഡും ഒരുക്കിയിരിക്കുന്നത്.
പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റസ്, മാറ്റ് കുന്‍മാന്‍, മാര്‍നസ് ലബുഷാന്‍, നഥാന്‍ ലിയോണ്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ബ്യൂ വെബ്സ്റ്റര്‍.
ട്രാവലിങ് റിസര്‍വ്: ബ്രണ്ടന്‍ ഡോഗെറ്റ്
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയതോടെയാണ് ഓസ്‌ട്രേലിയ ഫൈനലിന് ടിക്കറ്റെടുത്തത്. 19 മത്സരത്തില്‍ നിന്നും 13 വിജയത്തോടെ 67.54 എന്ന പോയിന്റ് പേര്‍സെന്റേജോടെയാണ് ഓസ്‌ട്രേലിയ ഫൈനലിന് യോഗ്യത നേടിയത്.
ഇന്ത്യയ്ക്ക് ശേഷം തുടര്‍ച്ചയായ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുന്ന ടീം എന്ന റെക്കോഡിലേക്കാണ് ഓസ്‌ട്രേലിയ നടന്നുകയറാനൊരുങ്ങുന്നത്. എന്നാല്‍ ഇന്ത്യയ്ക്ക് നേടാന്‍ സാധിക്കാത്ത കിരീടം സ്വന്തമാക്കി ചരിത്രമെഴുതിയ കങ്കാരുക്കള്‍, ആ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീം എന്ന റെക്കോഡിലേക്കും കണ്ണുവെക്കുന്നുണ്ട്.
Content Highlight: WTC Final 2025: Australia announces WTC final squad