ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനാണ് ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയും സൗത്ത് ആഫ്രിക്കയുമാണ് മൂന്നാം ടെസ്റ്റ് ചാമ്പ്യൻസ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ക്രിക്കറ്റിന്റെ മക്കയായ ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സില്‍ ജൂൺ 11നാണ് ഫൈനൽ അങ്കത്തിന് തുടക്കമാവുക.
തുടര്‍ച്ചയായ രണ്ടാം ഫൈനലില്‍ തങ്ങളുടെ പതിനൊന്നാം കിരീടം തേടിയാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. ഡബ്ല്യു.ടി.സിയിലെ കിരീടം നിലനിർത്തുകയെന്നതും കങ്കാരുക്കളുടെ ലക്ഷ്യമാണ്.
അതേസമയം, ലോക വേദികളിലെ ആദ്യ കിരീടമാണ് സൗത്ത് ആഫ്രിക്കയുടെ ഉന്നം. പലപ്പോഴും ഐ.സി.സി ടൂർണമെന്റിന്റെ ഫൈനലിൽ എത്തിയിട്ടുണ്ടെങ്കിലും കിരീടത്തിനരികിൽ കാലിടറിയ ടീമാണ് സൗത്ത് ആഫ്രിക്ക. ചോക്കേഴ്സ് എന്ന വിളിപ്പേര് മാറ്റാനാണ് ടീം ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇറങ്ങുന്നത്.
ഇപ്പോൾ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിന്റെ വിജയികളെ പ്രവചിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഡബ്ല്യു.ടി.സിയിലെ ഫേവറേറ്റുകൾ ഓസ്‌ട്രേലിയയാണെന്നും നിലവാരം, പാരമ്പര്യം എന്നിവ കൊണ്ടെല്ലാം മികച്ച ടീമാണെന്നും അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയയ്ക്ക് എങ്ങനെ വലിയ മത്സരങ്ങളിൽ വിജയിക്കണമെന്ന് അറിയാമെന്നും ഒരു ഫൈനലിലും തോൽക്കാത്ത ജോഷ് ഹേസൽവുഡും അവർക്കൊപ്പമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര.
‘ആരാണ് ചാമ്പ്യൻഷിപ്പിലെ ഫേവറേറ്റ്സ്? തീർച്ചയായും അത് ഓസ്‌ട്രേലിയയാണ്. അവർ ഒരു മികച്ച ടീമാണ്. നിലവാരം, പാരമ്പര്യം എന്നിവയിലും ഓസ്‌ട്രേലിയ മുന്നിട്ട് നിൽക്കുന്നു.
അതുപോലെ അവർക്ക് എങ്ങനെ വലിയ മത്സരങ്ങളിൽ വിജയിക്കണമെന്ന് അറിയാം. കൂടാതെ, ഒരു ഫൈനലിലും തോൽക്കാത്ത ജോഷ് ഹേസൽവുഡും അവർക്കൊപ്പമുണ്ട്. അവർ ഫേവറേറ്റുകളായി ഫൈനലിൽ കളിക്കും,’ ചോപ്ര പറഞ്ഞു.
19 മത്സരത്തിൽ നിന്നും 13 വിജയത്തോടെ 67.54 എന്ന പോയിന്റ് പേർസെന്റേജോടെയാണ് ഓസ്ട്രേലിയ ഫൈനലിന് യോഗ്യത നേടിയത്. പാറ്റ് കമ്മിൻസിന്റെ ക്യാപ്റ്റൻസിയിൽ ടെസ്റ്റ് ഫോർമാറ്റിലെ രാജപദവി നിലനിർത്താനാണ് ഓസ്ട്രേലിയ ഒരുങ്ങുന്നത്.
അതേസമയം, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയാണ് സൗത്ത് ആഫ്രിക്ക കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. 12 മത്സരത്തിൽ നിന്നും എട്ട് ജയവും മൂന്ന് തോൽവിയും ഒരു സമനിലയുമായി 100 പോയിന്റാണ് പ്രോട്ടിയാസിനുണ്ടായിരുന്നത്. 69.44 പോയിന്റ് ശതമാനത്തോടെയാണ് സൗത്ത് ആഫ്രിക്ക പോയിന്റ് ടേബിളിൽ ഒന്നാമതെത്തിയത്.
ഓസ്‌ട്രേലിയ സ്‌ക്വാഡ്
പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, കാമറൂൺ ഗ്രീൻ, ജോഷ് ഹെയ്‌സൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാൻ ഖവാജ, സാം കോൺസ്റ്റസ്, മാറ്റ് കുൻമാൻ, മാർനസ് ലബുഷാൻ, നഥാൻ ലിയോൺ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, ബ്യൂ വെബ്സ്റ്റർ.
ട്രാവലിങ് റിസർവ്: ബ്രണ്ടൻ ഡോഗെറ്റ്
സൗത്ത് ആഫ്രിക്ക സ്‌ക്വാഡ്
തെംബ ബാവുമ (ക്യാപ്റ്റൻ), ഡേവിഡ് ബെഡ്ഡിങ്ഹാം, ടോണി ഡി സോർസി, മാർകോ യാൻസെൻ, കേശവ് മഹാരാജ്, ഏയ്ഡൻ മർക്രം, വിയാൻ മുൾഡർ, എസ്. മുത്തുസ്വാമി, ലുങ്കി എൻഗിഡി, ഡെയ്ൻ പാറ്റേഴ്സൺ, കഗീസോ റബാദ, റിയാൻ റിക്കൽടൺ, ട്രിസ്റ്റൺ സ്റ്റബ്സ്, കൈൽ വെരായ്നെ.
Content Highlight: WTC: Akash Chopra Select Australia as favorites in World Test Championship 2023- 2025