| Sunday, 8th June 2025, 2:22 pm

ക്രിക്കറ്റിന്റെ മക്കയില്‍ ചരിത്രം തിരുത്തിയെഴുതാന്‍ സ്മിത്; സോബേഴ്‌സ് മുതല്‍ ബ്രാഡ്മാന്‍ വരെ ഇതിഹാസങ്ങള്‍ പടിയിറങ്ങും

സ്പോര്‍ട്സ് ഡെസ്‌ക്

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ജൂണ്‍ 11 മുതല്‍ 15 വരെ വിശ്വപ്രസിദ്ധമായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ സൗത്ത് ആഫ്രിക്കയെ നേരിടും.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ഫൈനലില്‍ കങ്കാരുക്കള്‍ തങ്ങളുടെ രണ്ടാം കിരീടം ലക്ഷ്യമിടുമ്പോള്‍ രണ്ടര പതിറ്റാണ്ടിലധികം നീണ്ടുനില്‍ക്കുന്ന കിരീടവരള്‍ച്ചയ്ക്ക് അന്ത്യമിടാനാണ് പ്രോട്ടിയാസ് ഒരുങ്ങുന്നത്.

ടെസ്റ്റ് മെയ്‌സ് വീണ്ടും ഓസ്ട്രലിയന്‍ മണ്ണിലെത്തിക്കാന്‍ ഒരുങ്ങുന്ന ഓസ്‌ട്രേലിയന്‍ ടീമില്‍ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ചരിത്രവും തിരുത്തിക്കുറിക്കാന്‍ സാധ്യതയുള്ള ഒരാളുണ്ട്. ഫാബ് ഫോറിലെ കരുത്തന്‍ സ്റ്റീവ് സ്മിത്. ലോര്‍ഡ്‌സില്‍ ഏറ്റവുമധികം റണ്‍സ് സ്വന്തമാക്കുന്ന വിസിറ്റിങ് ബാറ്റര്‍ (നോണ്‍ ഇംഗ്ലണ്ട് ബാറ്റര്‍) എന്ന റെക്കോഡാണ് സ്മിത്തിന് മുമ്പിലുള്ളത്.

ഈ പട്ടികയില്‍ നിലവില്‍ നാലാമനാണ് ഓസ്ട്രലിയന്‍ കങ്കാരു. ലോര്‍ഡ്‌സില്‍ കളിച്ച അഞ്ച് മത്സരത്തിലെ ഒമ്പത് ഇന്നിങ്‌സില്‍ നിന്നുമായി 58.33 ശരാശരിയില്‍ 525 റണ്‍സാണ് സ്മിത്തിന്റെ പേരിലുള്ളത്. രണ്ട് വീതം സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും ഗ്രൗണ്ടില്‍ താരം സ്വന്തമാക്കിയിട്ടുണ്ട്.

പ്രോട്ടിയാസിനെതിരെ 51 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചാല്‍ ഈ റെക്കോഡില്‍ ഓസ്‌ട്രേലിയന്‍ ലെജന്‍ഡ് വാറന്‍ ബാര്‍ഡ്സ്ലിയെ മറികടന്നുകൊണ്ടാണ് സ്മിത്ത് ഒന്നാം സ്ഥാനത്തെത്തുക. ഇതിനൊപ്പം ഗാരി സോബേഴ്‌സ്, ഡൊണാള്‍ഡ് ബ്രാഡ്മാന്‍ തുടങ്ങിയ ഇതിഹാസങ്ങളെയും സ്മഡ്ജ് മറികടക്കും.

ലോര്‍ഡ്‌സില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന വിസിറ്റിങ് ബാറ്റര്‍

(താരം – ടീം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)

വാറന്‍ ബാര്‍ഡ്സ്ലി – ഓസ്‌ട്രേലിയ – 7 – 575

ഗാരി സോബേഴ്‌സ് – വെസ്റ്റ് ഇന്‍ഡീസ് – 9 – 571

ഡൊണാള്‍ഡ് ബ്രാഡ്മാന്‍ – ഓസ്‌ട്രേലിയ – 8 – 551

സ്റ്റീസ് സ്മിത് – ഓസ്‌ട്രേലിയ – 9 – 525*

ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ – വെസ്റ്റ് ഇന്‍ഡീസ് – 9 – 512

ദിലീപ് വെങ്‌സര്‍ക്കര്‍ – ഇന്ത്യ – 8 – 508

അലന്‍ ബോര്‍ഡര്‍ – ഓസ്‌ട്രേലിയ – 9 – 503

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയതോടെയാണ് ഓസീസ് തുടര്‍ച്ചയായ രണ്ടാം ഫൈനലിന് ടിക്കറ്റെടുത്തത്. ഒന്നാം സ്ഥാനത്തെത്തിയാണ് പ്രോട്ടിയാസ് തങ്ങളുടെ ആദ്യ ഫൈനലിനിറങ്ങുന്നത്.

12 മത്സരത്തില്‍ നിന്നും എട്ട് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമായി 69.44 പോയിന്റ് ശതമാനത്തോടെയാണ് സൗത്ത് ആഫ്രിക്ക പോയിന്റ് ടേബിളില്‍ ഒന്നാമതെത്തിയത്. 19 മത്സരത്തില്‍ നിന്നും 13 വിജയത്തോടെ 67.54 എന്ന പോയിന്റ് ശതമാനത്തോടെയാണ് ഓസ്‌ട്രേലിയ ഫൈനലിന് യോഗ്യത നേടിയത്.

ക്യാപ്റ്റന്‍ തെംബ ബാവുമയ്‌ക്കൊപ്പം റിയാന്‍ റിക്കല്‍ടണ്‍, മാര്‍ക്കോ യാന്‍സെന്‍, കഗീസോ റബാദ തുടങ്ങി മികച്ച താരനിരയാണ് സൗത്ത് ആഫ്രിക്കയ്‌ക്കൊപ്പമുള്ളത്. അതേസമയം ഓസ്‌ട്രേലിയയാകട്ടെ പാറ്റ് കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സിയില്‍ ടെസ്റ്റ് ഫോര്‍മാറ്റിലെ രാജപദവി നിലനിര്‍ത്താനാണ് ഒരുങ്ങുന്നത്.

സൗത്ത് ആഫ്രിക്ക സ്‌ക്വാഡ്

തെംബ ബാവുമ (ക്യാപ്റ്റന്‍), ഡേവിഡ് ബെഡ്ഡിങ്ഹാം, ടോണി ഡി സോര്‍സി, മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, ഏയ്ഡന്‍ മര്‍ക്രം, വിയാന്‍ മുള്‍ഡര്‍, എസ്. മുത്തുസ്വാമി, ലുങ്കി എന്‍ഗിഡി, ഡെയ്ന്‍ പാറ്റേഴ്‌സണ്‍, കഗീസോ റബാദ, റിയാന്‍ റിക്കല്‍ടണ്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, കൈല്‍ വെരായ്‌നെ.

ഓസ്ട്രേലിയ സ്‌ക്വാഡ്

പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, അലക്സ് കാരി, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹെയ്സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റസ്, മാറ്റ് കുന്‍മാന്‍, മാര്‍നസ് ലബുഷാന്‍, നഥാന്‍ ലിയോണ്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ബ്യൂ വെബ്സ്റ്റര്‍.

ട്രാവലിങ് റിസര്‍വ്: ബ്രണ്ടന്‍ ഡോഗെറ്റ്

Content Highlight: WTC 2025: Steve Smith need 51 runs to top the record most runs at Lord’s Cricket Ground by a visiting batter

Latest Stories

We use cookies to give you the best possible experience. Learn more