| Monday, 9th June 2025, 8:24 pm

നൂറ് ശതമാനത്തോട് പാട്രിക് കമ്മിന്‍സ് ഇറങ്ങുന്നത് മൂന്നാം ഫൈനലിന്; ചരിത്രമെഴുതാന്‍ ക്യാപ്റ്റന്‍ കങ്കാരു ലോര്‍ഡ്‌സിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ജൂണ്‍ 11 മുതല്‍ 15 വരെ വിശ്വപ്രസിദ്ധമായ ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഓസ്ട്രേലിയ സൗത്ത് ആഫ്രിക്കയെ നേരിടും.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ഫൈനലില്‍ കങ്കാരുക്കള്‍ തങ്ങളുടെ രണ്ടാം കിരീടം ലക്ഷ്യമിടുമ്പോള്‍ രണ്ടര പതിറ്റാണ്ടിലധികം നീണ്ടുനില്‍ക്കുന്ന കിരീടവരള്‍ച്ചയ്ക്ക് അന്ത്യമിടാനാണ് പ്രോട്ടിയാസ് ഒരുങ്ങുന്നത്.

പാറ്റ് കമ്മിന്‍സ് എന്ന ക്യാപ്റ്റനില്‍ തന്നെയാണ് ആരാധകര്‍ പ്രതീക്ഷ വെക്കുന്നത്. ആറാം ലോകകപ്പും ആദ്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ആഷസും ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയും സമ്മാനിച്ച നായകന്‍ ഒരിക്കല്‍ക്കൂടി ഓസ്‌ട്രേലിയന്‍ ടീമിനെ ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിലെത്തുമെന്ന് തന്നെയാണ് അവരുടെ വിശ്വാസം.

തന്റെ ക്യാപ്റ്റന്‍സി കരിയറില്‍ ഇത് മൂന്നാം ഐ.സി.സി ഫൈനലിലാണ് കമ്മിന്‍സ് ഓസ്‌ട്രേലിയയെ നയിക്കുന്നത്. ഇതിന് മുമ്പ് നയിച്ച രണ്ട് ഫൈനലിലും ഓസ്‌ട്രേലിയ കപ്പുയര്‍ത്തിയിരുന്നു.

2021-23 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ച് ഐ.സി.സിയുടെ എല്ലാ കിരീടവും സ്വന്തമാക്കുന്ന ടീമായി ഓസ്‌ട്രേലിയയെ മാറ്റിയ കമ്മിന്‍സ് അതേ വര്‍ഷം അതേ ഇന്ത്യയെ ഒരിക്കല്‍ക്കൂടി നിരാശരാക്കി. ഒരുലക്ഷത്തിലധികം വരുന്ന ഇന്ത്യന്‍ ആരാധകരെ നിശബ്ദമാക്കി ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ കമ്മിന്‍സിന്റെ കങ്കാരുപ്പട ആറാം ലോകകപ്പ് ഏറ്റുവാങ്ങി.

ഇപ്പോള്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഓസീസിനെ നയിക്കുന്നതോടെ ഒരു എലീറ്റ് ലിസ്റ്റിലും കമ്മിന്‍സ് ഇടം നേടും.

ഏറ്റവുമധികം ഐ.സി.സി ഫൈനലുകളില്‍ ടീമിനെ നയിച്ച ക്യാപ്റ്റന്‍ എന്ന റെക്കോഡില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിക്കാന്‍ ഒരുങ്ങുകയാണ് കമ്മിന്‍സ്. ജൂണ്‍ 11ന് ആരംഭിക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ക്യാപ്റ്റന്‍ കമ്മിന്‍സിന്റെ മൂന്നാം കിരീടപ്പോരാട്ടമാണ്.

ഏറ്റവുമധികം ഐ.സി.സി ഫൈനലുകളില്‍ ടീമിനെ നയിച്ച ക്യാപ്റ്റന്‍മാര്‍

(താരം – ടീം – ഫൈനല്‍ – ഫൈനലിലെ വിജയം എന്നീ ക്രമത്തില്‍)

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 4 – 4

എം.എസ്. ധോണി – ഇന്ത്യ – 4 – 3

രോഹിത് ശര്‍മ – ഇന്ത്യ – 4 – 2

ക്ലൈവ് ലോയ്ഡ് – വെസ്റ്റ് ഇന്‍ഡീസ് – 3 – 2

കെയ്ന്‍ വില്യംസണ്‍ – ന്യൂസിലാന്‍ഡ് – 3 – 1

ബ്രയാന്‍ ലാറ – വെസ്റ്റ് ഇന്‍ഡീസ് – 3 – 1

സൗരവ് ഗാംഗുലി – ഇന്ത്യ – 3 – 0

പാറ്റ് കമ്മിന്‍സ് – ഓസ്‌ട്രേലിയ – 2 – 2 (2025 WTC ഫൈനല്‍ പരിഗണിക്കാതെ)

ഡാരന്‍ സമ്മി – വെസ്റ്റ് ഇന്‍ഡീസ് – 2 – 2

മൈക്കല്‍ ക്ലാര്‍ക് – ഓസ്‌ട്രേലിയ – 2 – 1

ഒയിന്‍ മോര്‍ഗന്‍ – ഇംഗ്ലണ്ട് – 2 – 1

വിരാട് കോഹ്‌ലി – ഇന്ത്യ – 2 – 0

മഹേല ജയവര്‍ധനെ – ശ്രീലങ്ക – 2 – 0

ബ്രണ്ടന്‍ മക്കെല്ലം – ന്യൂസിലാന്‍ഡ് – 2 – 0

കുമാര്‍ സംഗക്കാര – ശ്രീലങ്ക – 2 – 0

താന്‍ നയിച്ച ഐ.സി.സി ഫൈനലില്‍ ഒരിക്കല്‍പ്പോലും ടീം തോറ്റിട്ടില്ല എന്ന ഖ്യാതിയുമായി പാറ്റ് കമ്മിന്‍സ് മൂന്നാം ഫൈനലിനിറങ്ങുമ്പോള്‍, തന്റെ ക്യാപ്റ്റന്‍സിയില്‍ സൗത്ത് ആഫ്രിക്ക ഒറ്റ മത്സരം പോലും തോറ്റിട്ടില്ല എന്ന റെക്കോഡോടെയാണ് തെംബ ബാവുമ സൗത്ത് ആഫ്രിക്കയെ ഫൈനലില്‍ നയിക്കുന്നത്.

ഇവരില്‍ ആരുടെ റെക്കോഡ് തകരുക, അതല്ല രണ്ട് പേരുടെയും റെക്കോഡ് അതുപോലെ നിലനിര്‍ത്തിക്കൊണ്ട് മത്സരം സമനിലയില്‍ അവസാനിക്കുമോ എന്നെല്ലാമാണ് ആരാധകര്‍ ചിന്തിക്കുന്നത്.

ഓസ്‌ട്രേലിയ

പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റസ്, മാറ്റ് കുന്‍മാന്‍, മാര്‍നസ് ലബുഷാന്‍, നഥാന്‍ ലിയോണ്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ബ്യൂ വെബ്സ്റ്റര്‍.

ട്രാവലിങ് റിസര്‍വ്: ബ്രണ്ടന്‍ ഡോഗെറ്റ്

സൗത്ത് ആഫ്രിക്ക

തെംബ ബാവുമ (ക്യാപ്റ്റന്‍), ഡേവിഡ് ബെഡ്ഡിങ്ഹാം, ടോണി ഡി സോര്‍സി, മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, ഏയ്ഡന്‍ മര്‍ക്രം, വിയാന്‍ മുള്‍ഡര്‍, എസ്. മുത്തുസ്വാമി, ലുങ്കി എന്‍ഗിഡി, ഡെയ്ന്‍ പാറ്റേഴ്സണ്‍, കഗീസോ റബാദ, റിയാന്‍ റിക്കല്‍ടണ്‍, ട്രിസ്റ്റണ്‍ സ്റ്റബ്സ്, കൈല്‍ വെരായ്നെ.

Content Highlight: WTC 2025: Pat Cummins to lead Australia in third ICC final

We use cookies to give you the best possible experience. Learn more