| Wednesday, 11th June 2025, 1:08 pm

ഒരു ജയമകലെ രണ്ട് കങ്കാരുക്കള്‍ ഒന്നാം സ്ഥാനത്തേക്ക്; രണ്ട് ലോകകകപ്പുയര്‍ത്തിയ ക്യാപ്റ്റന് കൂട്ടാകാന്‍ സൂപ്പര്‍ താരങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ടോസ് വീഴാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. കിരീടപ്പോരാട്ടത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഓസ്ട്രേലിയ സൗത്ത് ആഫ്രിക്കയെ നേരിടും. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്സാണ് വേദി.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ഫൈനലില്‍ കങ്കാരുക്കള്‍ തങ്ങളുടെ രണ്ടാം കിരീടം ലക്ഷ്യമിടുമ്പോള്‍ രണ്ടര പതിറ്റാണ്ടിലധികം നീണ്ടുനില്‍ക്കുന്ന കിരീടവരള്‍ച്ചയ്ക്ക് അന്ത്യമിടാനാണ് പ്രോട്ടിയാസ് ഒരുങ്ങുന്നത്.

ഈ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരങ്ങളായ മിച്ചല്‍ സ്റ്റാര്‍ക്കിനും സ്റ്റീവ് സ്മിത്തിനും ഒരു ഐതിഹാസിക നേട്ടത്തിലേക്ക് കാലെടുത്ത് വെക്കാനുള്ള അവസരവുമുണ്ട്. ഏറ്റവുമധികം ഐ.സി.സി സീനിയര്‍ ട്രോഫികള്‍ സ്വന്തമാക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനാണ് ഇരുവരും ഒരുങ്ങുന്നത്.

നാല് ഐ.സി.സി സീനിയര്‍ കിരീടങ്ങളാണ് ഇരുവരും നേടിയിട്ടുള്ളത്. 2015 ഏകദിന ലോകകപ്പ്, 2021 ടി-20 ലോകകപ്പ്, 2023 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, 2023 ഏകദിന ലോകകപ്പ് എന്നീ കിരീടങ്ങളാണ് ഇരുവരും തങ്ങളുടെ പോര്‍ട്‌ഫോളിലോയിലേക്ക് ചേര്‍ത്തുവെച്ചത്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 കിരീടവും സ്വന്തമാക്കാന്‍ സാധിച്ചാല്‍ അഞ്ച് ഐ.സി.സി കിരീടങ്ങള്‍ നേടിയ ഓസ്‌ട്രേലിയന്‍ ഇതിഹാസ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിനൊപ്പമെത്താനും ഇരുവര്‍ക്കും സാധിക്കും.

ഏറ്റവുമധികം ഐ.സി.സി സീനിയര്‍ കിരീടങ്ങള്‍ നേടിയ താരങ്ങള്‍

(താരം – ടീം – കിരീടം എന്നീ ക്രമത്തില്‍)

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 5

ആദം ഗില്‍ക്രിസ്റ്റ് – ഓസ്‌ട്രേലിയ – 4

ഗ്ലെന്‍ മക്ഗ്രാത് – ഓസ്‌ട്രേലിയ – 4

ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ – 4

ഷെയ്ന്‍ വാട്‌സണ്‍ – ഓസ്‌ട്രേലിയ – 4

സ്റ്റീവ് സ്മിത് – ഓസ്‌ട്രേലിയ – 4*

മിച്ചല്‍ സ്റ്റാര്‍ക് – ഓസ്‌ട്രേലിയ – 4*

വിരാട് കോഹ്‌ലി – ഇന്ത്യ – 4

രോഹിത് ശര്‍മ – ഇന്ത്യ – 4

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളില്‍ മികച്ച പ്രകടനമാണ് സ്മിത്തും സ്റ്റാര്‍ക്കും പുറത്തെടുക്കുന്നത്. കങ്കാരുക്കള്‍ക്കായി കളത്തിലിറങ്ങിയ 19 മത്സരത്തില്‍ 41.37 ശരാശരിയില്‍ 1177 റണ്‍സാണ് സ്മിത് ഇതുവരെ സ്വന്തമാക്കിയത്. അഞ്ച് സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും താരം തന്റെ പേരിന് നേരെ കുറിച്ചിട്ടുണ്ട്.

18 മത്സരത്തില്‍ നിന്നും 72 വിക്കറ്റുമായി ഈ സൈക്കിളിലെ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാമനാണ് സ്റ്റാര്‍ക്. ഒന്നുമതുള്ള ജസ്പ്രീത് ബുംറയേക്കാള്‍ അഞ്ച് വിക്കറ്റ് മാത്രമാണ് സ്റ്റാര്‍ക്കിന് കുറവുള്ളത്.

27.27 ശരാശരിയിലും 42.52 സ്‌ട്രൈക്ക് റേറ്റിലും പന്തെറിയുന്ന താരം നാല് ഫോര്‍ഫറും രണ്ട് ഫൈഫറും സ്വന്തമാക്കിയിട്ടുണ്ട്.

ഓസ്ട്രേലിയന്‍ പ്ലെയിങ് ഇലവന്‍

ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷാന്‍, കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്സ്റ്റര്‍, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹെയ്സല്‍വുഡ്.

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

തെംബ ബാവുമ (ക്യാപ്റ്റന്‍), ഏയ്ഡന്‍ മര്‍ക്രം, റിയാന്‍ റിക്കല്‍ടണ്‍, വിയാന്‍ മുള്‍ഡര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഡേവിഡ് ബെഡ്ഡിങ്ഹാം, കൈല്‍ വെരായ്‌നെ, മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, കഗീസോ റബാദ, ലുങ്കി എന്‍ഗിഡി

Content Highlight: WTC 2025: Mitchell Starc and Steve Smith to top the elite list of most ICC Trophies Won

Latest Stories

We use cookies to give you the best possible experience. Learn more