| Saturday, 14th June 2025, 2:20 pm

എന്തൊരു അഴകാണ്, കാണാന്‍ എന്തൊരു ആനന്ദമാണ്; ചര്‍ച്ചയായി വിരാട് കോഹ്‌ലിയുടെ പഴയ ട്വീറ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ സൗത്ത് ആഫ്രിക്ക വിജയത്തിന് തൊട്ടരികിലെത്തി നില്‍ക്കുകയാണ്. മത്സരം രണ്ട് ദിവസം ശേഷിക്കെ 69 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ സൗത്ത് ആഫ്രിക്കയ്ക്ക് കിരീടമണിയാം. എട്ട് വിക്കറ്റും ടീമിന്റെ കയ്യിലുണ്ട്.

159 പന്തില്‍ 102 റണ്‍സുമായി ഓപ്പണര്‍ ഏയ്ഡന്‍ മര്‍ക്രവും 121 പന്തില്‍ 65 റണ്‍സുമായി ക്യാപ്റ്റന്‍ തെംബ ബാവുമയും ക്രീസില്‍ തുടരുകയാണ്.

സ്‌കോര്‍ (മൂന്നാം ദിനം അവസാനിക്കുമ്പോള്‍)

ഓസ്ട്രേലിയ: 212 & 207

സൗത്ത് ആഫ്രിക്ക: 138 & 213/2 (56/245) T: 282

തന്റെ കരിയറിലെ എട്ടാം ടെസ്റ്റ് സെഞ്ച്വറിയാണ് മര്‍ക്രം ലോര്‍ഡ്‌സില്‍ കുറിച്ചത്. സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും നിര്‍ണായക മത്സരത്തില്‍, അതും ചെയ്‌സിങ്ങില്‍ താരം സ്വന്തമാക്കിയ സെഞ്ച്വറിയുടെ വില അത്രത്തോളം വലുതാണ്.

ലോകമെമ്പാടുനിന്നുള്ള ക്രിക്കറ്റ് ആരാധകര്‍ മര്‍ക്രമിന്റെ സെഞ്ച്വറിയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഇപ്പോള്‍ മര്‍ക്രമിനെ കുറിച്ചുള്ള വിരാട് കോഹ്‌ലിയുടെ പഴയ പോസ്റ്റ് ചര്‍ച്ചയാവുകയാണ്. 2018ല്‍ വിരാട് തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച പോസ്റ്റാണ് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

മര്‍ക്രമിന്റെ ബാറ്റിങ് കാണുന്നത് തന്നെ സന്തോഷം നല്‍കുന്നതാണ് എന്നാണ് വിരാട് എക്‌സില്‍ കുറിച്ചത്. പഞ്ചാബ് കിങ്‌സ് തങ്ങളുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ഈ പോസ്റ്റ് പങ്കുവെച്ചിട്ടുമുണ്ട്.

അതേസമയം, മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ മികച്ച ലീഡ് സ്വന്തമാക്കിയ കങ്കാരുക്കള്‍ക്ക് രണ്ടാം ഇന്നിങ്സില്‍ ഒരിക്കല്‍ക്കൂടി ബാറ്റിങ്ങില്‍ പിഴച്ചു. ആദ്യ ഇന്നിങ്സിലേതെന്ന പോലെ രണ്ട് താരങ്ങളുടെ മാത്രം ചെറുത്തുനില്‍പ്പിലാണ് ഓസീസ് കരകയറിയത്.

മാര്‍നസ് ലബുഷാന്‍, ഉസ്മാന്‍ ഖവാജ, സ്റ്റീവ് സ്മിത്, കാമറൂണ്‍ ഗ്രീന്‍ തുടങ്ങിയ ടോപ്പ് ഓര്‍ഡര്‍ താരങ്ങളെല്ലാം അമ്പേ പരാജയപ്പെട്ടപ്പോള്‍ സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസിന് തുണയായത്. 136 പന്ത് നേരിട്ട സ്റ്റാര്‍ക് പുറത്താകാതെ 58 റണ്‍സ് നേടി. 50 പന്ത് നേരിട്ട് 43 റണ്‍സിന് പുറത്തായ അലക്സ് കാരിയാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

ഒടുവില്‍ ടീം 207ന് പുറത്താവുകയും 282 റണ്‍സിന്റെ വിജയലക്ഷ്യം പ്രോട്ടിയാസിന് മുമ്പില്‍ വെക്കുകയും ചെയ്തു.

രണ്ടാം ഇന്നിങ്സില്‍ സൗത്ത് ആഫ്രിക്കയ്ക്കായി കഗീസോ റബാദ നാല് വിക്കറ്റ് നേടിയപ്പോള്‍ ലുങ്കി എന്‍ഗിഡി മൂന്ന് വിക്കറ്റും സ്വന്തമാക്കി. വിയാന്‍ മുള്‍ഡര്‍, ഏയ്ഡന്‍ മര്‍ക്രം, മാര്‍കോ യാന്‍സെന്‍ എന്നിവരാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.

282 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് മൂന്നാം ഓവറിലെ ആദ്യ പന്തില്‍ തന്നെ റിയാന്‍ റിക്കല്‍ടണിനെ നഷ്ടമായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് കാരിക്ക് ക്യാച്ച് നല്‍കിയായായിരുന്നു താരത്തിന്റെ മടക്കം.

ടീം സ്‌കോര്‍ 70ല്‍ നില്‍ക്കവെ 50 പന്തില്‍ 27 റണ്‍സുമായി വിയാന്‍ മുള്‍ഡറും പുറത്തായി. മൂന്നാം വിക്കറ്റില്‍ 143 റണ്‍സിന്റെ കൂട്ടുകെട്ടുമായി മര്‍ക്രം – ബാവുമ കൂട്ടുകെട്ട് ടീമിനെ വിജയത്തിലേക്ക് അടുപ്പിക്കുകയാണ്.

Content Highlight: WTC 2025: Final: SA vs AUS: Virat Kohli’s old post about Aiden Markram goes viral

We use cookies to give you the best possible experience. Learn more