വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ടോസ് വീഴാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. കിരീടപ്പോരാട്ടത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഓസ്ട്രേലിയ സൗത്ത് ആഫ്രിക്കയെ നേരിടും. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്സാണ് വേദി.
കഴിഞ്ഞ സൈക്കിളില്‍ ഇന്ത്യയെ പരാജയപ്പെടുത്തി തങ്ങളുടെ ട്രോഫി ക്യാബിനെറ്റ് സമ്പൂര്‍ണമാക്കിയ ഓസ്ട്രേലിയ ആ കിരീടം ഒരിക്കല്‍ക്കൂടി കങ്കാരുക്കളുടെ മണ്ണിലേക്കെത്തിക്കാന്‍ ഒരുങ്ങുമ്പോള്‍ 1997ന് ശേഷമുള്ള ആദ്യ കിരീടമാണ് പ്രോട്ടിയാസ് ലക്ഷ്യമിടുന്നത്.
ഈ ഫൈനലോടെ ഒരു ചരിത്ര റെക്കോഡിലേക്കാണ് ഓസ്‌ട്രേലിയ കാലെടുത്ത് വെക്കുന്നത്. ഏറ്റവുമധികം ഐ.സി.സി ഫൈനലുകള്‍ കളിക്കുന്ന ടീം എന്ന ചരിത്ര റെക്കോഡാണ് കങ്കാരുക്കള്‍ തങ്ങളുടെ പേരില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്.
ലോര്‍ഡ്‌സില്‍ തങ്ങളുടെ 14ാം ഐ.സി.സി ഫൈനലിനാണ് കങ്കാരുക്കള്‍ കളത്തിലിറങ്ങുന്നത്. 14 ഫൈനലുകളുമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയ്‌ക്കൊപ്പമാണ് ഇപ്പോള്‍ ഓസ്‌ട്രേലിയ സ്ഥാനമുറപ്പിച്ചിരിക്കുന്നത്.
അതേസമയം, സൗത്ത് ആഫ്രിക്കയാകട്ടെ തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ മൂന്നാം ഐ.സി.സി ഫൈനലിനാണ് തയ്യാറെടുക്കുന്നത്.
(ടീം – ഫൈനല്‍ എന്നീ ക്രമത്തില്‍)
ഓസ്‌ട്രേലിയ – 14*
ഇന്ത്യ – 14
ഇംഗ്ലണ്ട് – 9
ശ്രീലങ്ക – 7
ന്യൂസിലാന്‍ഡ് – 7
പാകിസ്ഥാന്‍ – 6
സൗത്ത് ആഫ്രിക്ക – 3
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിന്റെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തോടെയാണ് ഈ നൂറ്റാണ്ടിലെ ആദ്യ ഐ.സി.സി കിരീടം പ്രോട്ടിയാസ് സ്വപ്നം കാണുന്നത്.
12 മത്സരത്തില്‍ നിന്നും എട്ട് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമായി 69.44 പോയിന്റ് ശതമാനത്തോടെയാണ് സൗത്ത് ആഫ്രിക്ക പോയിന്റ് ടേബിളില്‍ ഒന്നാമതെത്തിയത്.
ഫൈനലില്‍ നിലവിലെ ടെസ്റ്റ് രാജാക്കന്‍മാരായ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി സൗത്ത് ആഫ്രിക്ക കിരീടം ചൂടുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ക്രിക്കറ്റ് ലോകമൊന്നാകെ കളിയാക്കി വിളിക്കുന്ന ചോക്കേഴ്സ് എന്ന പേര് പഴങ്കഥയാക്കാന്‍ ബാവുമയ്ക്ക് സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഓസ്‌ട്രേലിയന്‍ പ്ലെയിങ് ഇലവന്‍
ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷാന്‍, കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്സ്റ്റര്‍, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹെയ്‌സല്‍വുഡ്.
സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍
തെംബ ബാവുമ (ക്യാപ്റ്റന്‍), ഏയ്ഡന്‍ മര്‍ക്രം, റിയാന്‍ റിക്കല്‍ടണ്‍, വിയാന്‍ മുള്‍ഡര്‍, ട്രിസ്റ്റണ്‍ സ്റ്റബ്സ്, ഡേവിഡ് ബെഡ്ഡിങ്ഹാം, കൈല്‍ വെരായ്നെ, മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, കഗീസോ റബാദ, ലുങ്കി എന്‍ഗിഡി
Content highlight: WTC 2025: Australia tops in the list of most ICC Finals played by a team