| Monday, 9th June 2025, 5:36 pm

ഇവന്‍ ക്യാപ്റ്റനായ ഒറ്റ മത്സരത്തിലും സൗത്ത് ആഫ്രിക്ക പരാജയപ്പെട്ടിട്ടില്ല; ഫൈനലില്‍ ഓസ്‌ട്രേലിയയുടെ ഉറക്കം നഷ്ടപ്പെടുത്തുന്ന റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ജൂണ്‍ 11 മുതല്‍ 15 വരെ വിശ്വപ്രസിദ്ധമായ ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഓസ്ട്രേലിയ സൗത്ത് ആഫ്രിക്കയെ നേരിടും.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ഫൈനലില്‍ കങ്കാരുക്കള്‍ തങ്ങളുടെ രണ്ടാം കിരീടം ലക്ഷ്യമിടുമ്പോള്‍ രണ്ടര പതിറ്റാണ്ടിലധികം നീണ്ടുനില്‍ക്കുന്ന കിരീടവരള്‍ച്ചയ്ക്ക് അന്ത്യമിടാനാണ് പ്രോട്ടിയാസ് ഒരുങ്ങുന്നത്.

സൂപ്പര്‍ താരം തെംബ ബാവുമയ്ക്ക് കീഴിലാണ് സൗത്ത് ആഫ്രിക്ക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനിറങ്ങുന്നത്. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തോടെയാണ് ഈ നൂറ്റാണ്ടിലെ ആദ്യ ഐ.സി.സി കിരീടം പ്രോട്ടിയാസ് സ്വപ്‌നം കാണുന്നത്.

12 മത്സരത്തില്‍ നിന്നും എട്ട് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമായി 69.44 പോയിന്റ് ശതമാനത്തോടെയാണ് സൗത്ത് ആഫ്രിക്ക പോയിന്റ് ടേബിളില്‍ ഒന്നാമതെത്തിയത്.

ഫൈനലില്‍ നിലവിലെ ടെസ്റ്റ് രാജാക്കന്‍മാരായ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി സൗത്ത് ആഫ്രിക്ക കിരീടം ചൂടുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ക്രിക്കറ്റ് ലോകമൊന്നാകെ കളിയാക്കി വിളിക്കുന്ന ചോക്കേഴ്‌സ് എന്ന പേര് പഴങ്കഥയാക്കാന്‍ ബാവുമയ്ക്ക് സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ടെസ്റ്റ് ക്യാപ്റ്റന്‍സയില്‍ ബാവുമയുടെ റെക്കോഡ് പരിശോധിക്കുമ്പോള്‍ ആരും ഞെട്ടുന്ന വസ്തുതയുണ്ട്, ഈ കുറിയ മനുഷ്യന് കീഴില്‍ സൗത്ത് ആഫ്രിക്ക ഒരിക്കല്‍പ്പോലും റെഡ് ബോളില്‍ പരാജയപ്പെട്ടിട്ടില്ല!

ഒമ്പത് മത്സരത്തില്‍ ബാവുമ സൗത്ത് ആഫ്രിക്കയെ നയിച്ചു. എട്ടിലും വിജയിച്ചു, അതും തുടര്‍ച്ചയായ ഏഴ് വിജയങ്ങള്‍! ഒരു മത്സരം സമനിലയില്‍ അവസാനിച്ചു. വിജയശതമാനം 88.88!

ക്യാപ്റ്റന്‍സിയേറ്റെടുത്ത ഒറ്റ മത്സരത്തില്‍ പോലും പരാജയപ്പെട്ടിട്ടില്ല എന്ന റെക്കോഡ് ജൂണ്‍ 15ലും അതുപോലെ തുടരുകയാണെങ്കില്‍ ടെസ്റ്റ് മെയ്‌സിന് പുതിയ അവകാശികള്‍ പിറവിയെടുക്കും.

അതേസമയം, ക്യാപ്റ്റന്‍ ബാവുമ ഇത്തവണ പരാജയത്തിന്റെ കയ്പ്പുനീര്‍ കുടിക്കുമെന്ന് വിശ്വസിക്കുന്നവരും കുറവല്ല.

ക്യാപ്റ്റന്‍ തെംബ ബാവുമയ്ക്കൊപ്പം റിയാന്‍ റിക്കല്‍ടണ്‍, മാര്‍ക്കോ യാന്‍സെന്‍, കഗീസോ റബാദ തുടങ്ങി മികച്ച താരനിരയാണ് സൗത്ത് ആഫ്രിക്കയ്ക്കൊപ്പമുള്ളത്. അതേസമയം ഓസ്ട്രേലിയയാകട്ടെ പാറ്റ് കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സിയില്‍ ടെസ്റ്റ് ഫോര്‍മാറ്റിലെ രാജപദവി നിലനിര്‍ത്താനാണ് ഒരുങ്ങുന്നത്.

സൗത്ത് ആഫ്രിക്ക സ്‌ക്വാഡ്

തെംബ ബാവുമ (ക്യാപ്റ്റന്‍), ഡേവിഡ് ബെഡ്ഡിങ്ഹാം, ടോണി ഡി സോര്‍സി, മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, ഏയ്ഡന്‍ മര്‍ക്രം, വിയാന്‍ മുള്‍ഡര്‍, എസ്. മുത്തുസ്വാമി, ലുങ്കി എന്‍ഗിഡി, ഡെയ്ന്‍ പാറ്റേഴ്സണ്‍, കഗീസോ റബാദ, റിയാന്‍ റിക്കല്‍ടണ്‍, ട്രിസ്റ്റണ്‍ സ്റ്റബ്സ്, കൈല്‍ വെരായ്നെ.

ഓസ്‌ട്രേലിയ സ്‌ക്വാഡ്

പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റസ്, മാറ്റ് കുന്‍മാന്‍, മാര്‍നസ് ലബുഷാന്‍, നഥാന്‍ ലിയോണ്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ബ്യൂ വെബ്സ്റ്റര്‍.

ട്രാവലിങ് റിസര്‍വ്: ബ്രണ്ടന്‍ ഡോഗെറ്റ്

Content Highlight: WTC 2025: AUS vs SA: South Africa didn’t lost a single test under Temba Bavuma

We use cookies to give you the best possible experience. Learn more