| Wednesday, 11th June 2025, 1:43 pm

ബുംറയെ വെട്ടാന്‍ ക്യാപ്റ്റന്‍ കമ്മിന്‍സ്, സ്വന്തം ക്യാപ്റ്റനെ വെട്ടാന്‍ മിച്ചല്‍ സ്റ്റാര്‍ക്; നെയ്ല്‍ബൈറ്റിങ് ഫിനിഷിലേക്ക് സൂപ്പര്‍ പോരാട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ടോസ് വീഴാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. കിരീടപ്പോരാട്ടത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഓസ്ട്രേലിയ സൗത്ത് ആഫ്രിക്കയെ നേരിടും. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്സാണ് വേദി.

കഴിഞ്ഞ സൈക്കിളില്‍ ഇന്ത്യയെ പരാജയപ്പെടുത്തി തങ്ങളുടെ ട്രോഫി ക്യാബിനെറ്റ് സമ്പൂര്‍ണമാക്കിയ ഓസ്ട്രേലിയ ആ കിരീടം ഒരിക്കല്‍ക്കൂടി കങ്കാരുക്കളുടെ മണ്ണിലേക്കെത്തിക്കാന്‍ ഒരുങ്ങുമ്പോള്‍ 1997ന് ശേഷമുള്ള ആദ്യ കിരീടമാണ് പ്രോട്ടിയാസ് ലക്ഷ്യമിടുന്നത്.

ഫൈനല്‍ പോരാട്ടത്തിനൊപ്പം ഈ സൈക്കിളിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്താനുള്ള ഓസ്‌ട്രേലിയന്‍ ബൗളര്‍മാരുടെ മത്സരവും ആരാധകരെ ആവേശത്തിലാഴ്ത്തുന്നുണ്ട്. നായകന്‍ പാറ്റ് കമ്മിന്‍സും സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ഈ റെക്കോഡിലെത്താന്‍ മത്സരിക്കുന്നത്.

17 മത്സരത്തിലെ 33 ഇന്നിങ്സില്‍ നിന്നുമായി 73 വിക്കറ്റുകളാണ് കമ്മിന്‍സ് വീഴ്ത്തിയത്. 24.54 ശരാശരിയിലും 43.45 സ്ട്രൈക്ക് റേറ്റിലുമാണ് താരം ഈ സൈക്കിളില്‍ പന്തെറിയുന്നത്. ഈ സീസണില്‍ നാല് തവണ നാല് വിക്കറ്റ് നേട്ടവും അഞ്ച് വിക്കറ്റ് നേട്ടം അഞ്ച് തവണയും കമ്മിന്‍സ് സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം സ്റ്റാര്‍ക്കാകട്ടെ 18 മത്സരത്തില്‍ നിന്നും 27.27 ശരാശരിയില്‍ 72 വിക്കറ്റുകള്‍ പിഴുതെറിഞ്ഞിട്ടുണ്ട്. നാല് തവണ പോര്‍ഫറും രണ്ട് ഫൈഫറുമാണ് സ്റ്റാര്‍ക് ഈ സീസണില്‍ സ്വന്തമാക്കിയത്.

നിലവില്‍ ഇന്ത്യന്‍ സ്പീഡ്സ്റ്റര്‍ ജസ്പ്രീത് ബുംറയാണ് നിലവില്‍ ഒന്നാം സ്ഥാനത്തുള്ളത്. 15 മത്സരത്തില്‍ നിന്നും 77 വിക്കറ്റുകളുമായാണ് ബുംറ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരങ്ങള്‍

(താരം – ടീം – ഇന്നിങ്സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)

ജസ്പ്രീത് ബുംറ – ഇന്ത്യ – 28 – 77

പാറ്റ് കമ്മിന്‍സ് – ഓസ്ട്രേലിയ – 33 – 73*

മിച്ചല്‍ സ്റ്റാര്‍ക് – ഓസ്ട്രേലിയ – 35 – 72*

നഥാന്‍ ലിയോണ്‍ – ഓസ്ട്രേലിയ – 28 – 66

ആര്‍. അശ്വിന്‍ – ഇന്ത്യ – 26 – 63

പ്രഭാത് ജയസൂര്യ – ശ്രീലങ്ക – 22 – 58

ജോഷ് ഹെയ്സല്‍വുഡ് – ഓസ്ട്രേലിയ – 24 – 57

വെറും അഞ്ച് വിക്കറ്റ് സ്വന്തമാക്കിയാല്‍ പാറ്റ് കമ്മിന്‍സിനും ആറ് വിക്കറ്റ് നേടാന്‍ സാധിച്ചാല്‍ മിച്ചല്‍ സ്റ്റാര്‍ക്കിനും ഈ റെക്കോഡിലെത്താം. ഇരുവരും ബുംറയെ മറികടക്കുമോ അതോ ഫൈനല്‍ അവസാനിക്കുമ്പോള്‍ ബുംറ തന്നെ ഒന്നാമനായി തുടരുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഓസ്ട്രേലിയന്‍ പ്ലെയിങ് ഇലവന്‍

ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷാന്‍, കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്സ്റ്റര്‍, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹെയ്സല്‍വുഡ്.

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

തെംബ ബാവുമ (ക്യാപ്റ്റന്‍), ഏയ്ഡന്‍ മര്‍ക്രം, റിയാന്‍ റിക്കല്‍ടണ്‍, വിയാന്‍ മുള്‍ഡര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഡേവിഡ് ബെഡ്ഡിങ്ഹാം, കൈല്‍ വെരായ്‌നെ, മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, കഗീസോ റബാദ, ലുങ്കി എന്‍ഗിഡി

Content highlight: WTC 2025: AUS vs SA: Mitchell Starc and Pat Cummins to top the list of highest wicket-takers in the Weld Test Championship 2023-25 ​​cycle

We use cookies to give you the best possible experience. Learn more