ന്യൂദല്‍ഹി: സുപ്രീം കോടതി ജഡ്ജിമാരെ മോദിസര്‍ക്കാര്‍ അനുകൂലികളായി ചിത്രീകരിക്കരുതെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ എന്നിവരുള്‍പ്പെട്ട മൂന്നംഗബെഞ്ചിന്റെ ഭാഗമായ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢാണ് ജഡ്ജിമാര്‍ സര്‍ക്കാര്‍ അനുകൂലികളാണെന്ന ആരോപിക്കുന്നവര്‍ക്കെതിരെ രംഗത്തുവന്നത്.
“സുപ്രീം കോടതി മുഴുവന്‍ സര്‍ക്കാര്‍ അനുകൂലികളായ ജഡ്ജിമാരാണെന്ന് മുന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇലക്ട്രോണിക് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. അത് ശരിയല്ല. ഒരു ദിവസം കോടതിയില്‍ വന്നിരുന്ന് എങ്ങനെയാണ് പൗരന്മാരുടെ അവകാശത്തിന് അനുകൂലമായി തീരുമാനമെടുക്കുന്നതെന്ന് കണ്ടുമനസിലാക്കണം.” ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു.
ഗുജറാത്ത് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അസിം പാണ്ഡ്യ സുപ്രീം കോടതിക്ക് എഴുതിയ തുറന്ന കത്തില്‍ ജഡ്ജിമാര്‍ സര്‍ക്കാര്‍ അനുകൂലികളാണെന്ന് ആരോപിച്ചിരുന്നു. സര്‍ക്കാറിനെ അനുകൂലിക്കുന്നതു പകരം ഭരണഘടനാനുസൃതമായി നടപടിയെടുക്കുകയാണ് വേണ്ടതെന്ന് പാണ്ഡ്യ സുപ്രീം കോടതി ജഡ്ജിമാരോട് ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് ജസ്റ്റിസ് ചന്ദ്രചൂഢ് രംഗത്തുവന്നത്.
പല സുപ്രീം കോടതി ജഡ്ജിമാരും സര്‍ക്കാര്‍ അനുകൂലികളാണെന്ന് എസ്.സി.ബി.എ പ്രസിഡന്റ് ദുഷ്യന്ത് ദവെയും ആരോപിച്ചിരുന്നു. സോഷ്യല്‍ മീഡിയകളില്‍ വരുന്ന ഇത്തരം പരാമര്‍ശങ്ങളില്‍ ബെഞ്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.