തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി ശാരദക്കുട്ടി.
ചതി, വഞ്ചന, കുടിലത , കാര്യലാഭം മുതലായ ഏണിപ്പടികള്‍ കയറിപ്പോകുമ്പോള്‍, നിങ്ങളുടെ സ്വഭാവത്തിലെ ദുര്‍ബ്ബലമായ ആ ആണികള്‍ ഒന്നിളകിയില്‍ നടുവൊടിഞ്ഞ് താഴെ വീഴുമെന്ന് ഓര്‍ക്കണമെന്നും പിന്നീടൊരു കുന്തളിപ്പ് മുന്നേപ്പോലെ സാധ്യമാവില്ലെന്നും ശാരദക്കുട്ടി പറഞ്ഞു.
ചുണയുള്ളവര്‍ക്കും ധൈര്യമുള്ളവര്‍ക്കും അഭിമാനമുള്ളവര്‍ക്കും മാത്രം പറഞ്ഞിട്ടുള്ള പണിയാണ് പ്രണയമെന്നും അത് പരസ്പര ബഹുമാനത്തിന്റെ ബലത്തില്‍ അധിഷ്ഠിതമാണെന്നും ശാരദക്കുട്ടി പറഞ്ഞു.
തങ്ങളുടെ ഗ്ലാമറും രാഷ്ട്രീയ താരപദവികളും ഭാഷാശേഷിയും സോഷ്യല്‍ മീഡിയയിലെ സൗകര്യങ്ങള്‍ കൂടി കണ്ട് നാണമില്ലാതെ ഉപയോഗിക്കുന്നവരോട് തനിക്ക് പറയാനുള്ളതെന്നും ഈ ” ബുദ്ധിയില്ലാത്ത’ പെണ്ണുങ്ങള്‍ എന്റെ പിന്നാലെ ഇങ്ങനെ എന്റെ ‘കാര്യം’ കാണുന്നതു വരെ ഇഴഞ്ഞോളും എന്ന ലിംഗഗര്‍വ്വിന് തിരിച്ചടി കിട്ടിത്തുടങ്ങിയിട്ട് കാലം കുറെയായെന്നും ശാരദക്കുട്ടി പറയുന്നു.
എന്നിട്ടും ഈ ഓന്തുകള്‍ ഇപ്പോഴും തങ്ങള്‍ ദിനോസറിന്റെ പിന്‍മുറക്കാരെന്ന ഗര്‍വ്വില്‍ കണ്ഠമുഴ വിറപ്പിച്ച് ചോര കുടിക്കാന്‍ നടക്കുകയാണ്.
ചുണയുള്ളവര്‍ എറിയുന്ന കല്ലുകളെടുത്ത് കിരീടമായി കരുതി ശിരസ്സിലണിയുകയും കോഴിത്തൂവല്‍ തലപ്പാവിലേന്തുകയും മാധ്യമങ്ങളോട് കുശലം പറയുന്ന മട്ടില്‍ നാണമില്ലാതെ സംസാരിക്കുകയും ചെയ്യുന്നെന്നും ശാരദക്കുട്ടി ചൂണ്ടിക്കാണ്ടി.
പതിവുപോലെ ഗതികെട്ട് പരസ്യപ്പിന്തുണയുമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്താന്‍ ഒരു ഭാര്യ പോലുമുണ്ടായില്ല എന്നത് പിറക്കാതെ പോയ ഏതോ പെണ്‍കുട്ടിയുടെ മഹാഭാഗ്യമാണെന്നും അവര്‍ പറഞ്ഞു.
‘രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ പ്രതികരണമാരാഞ്ഞ് പലരും വിളിക്കുന്നുണ്ട്. സത്യത്തില്‍ മിന്നല്‍ വേഗത്തിലുള്ള, അസൂയാവഹമായ രാഷ്ട്രീയവളര്‍ച്ചയില്‍ നിന്ന് പാതാളത്തിലേക്കെന്ന വണ്ണമുള്ള ഈ സ്വയംകൃതപതനം കണ്ട ഞെട്ടലിലായിരുന്നു മണിക്കൂറുകളായി.
പെണ്‍കുട്ടികള്‍ പഴയ പെണ്‍കുട്ടികളല്ലെങ്കിലും ആങ്കൂട്ടങ്ങള്‍ക്ക് ഒരു വളര്‍ച്ചയുമുണ്ടാകുന്നില്ല എന്ന കാര്യം എത്രയോ തവണ പറഞ്ഞു കഴിഞ്ഞതാണ്.
അവള്‍ ശരിയല്ല, അവള്‍ ചാറ്റ് ചെയ്യുന്നു, അവള്‍ രാത്രിയില്‍ വിളിക്കുന്നു, അവള്‍ക്കെന്നോട് ക്രഷാണ് എന്നുദ്‌ഘോഷിക്കുന്ന ആണ്‍കൂട്ടത്തെ ആദ്യമായല്ല കാണുന്നതും.
സ്‌നേഹത്തോടെ മെസേജയച്ചാല്‍ തിരിച്ച് Heart or hug ഒക്കെ കൊടുക്കുന്ന ആളാണ് ഞാനും. നല്ല രീതിയില്‍ സംസാരിച്ചടുക്കുന്നവരോട് അതേ രീതിയില്‍ സംസാരിച്ച് സ്‌നേഹം നിലനിര്‍ത്തുന്നതൊന്നുമൊരു കുറ്റവുമല്ല.
സ്‌നേഹവും പ്രേമവും ആഗ്രഹവും ആസക്തിയും ഒക്കെ മനുഷ്യസഹജമാണ്. അങ്ങോട്ടുമിങ്ങോട്ടുമുള്ള ഒരു വിനിമയരീതി മാത്രമാണത്.
ഉടനെ തന്നെ അവരുടെ ഒക്കെ കൂടെപ്പോയി കുടുംബം തുടങ്ങാനുള്ള ഗൂഢാലോചനയൊന്നുമതിലില്ല.
ഇങ്ങോട്ടാകാമെങ്കില്‍ അങ്ങോട്ടുമാകാം എന്നൊരു കേവലയുക്തി മാത്രമാണത്. യന്ത്രമനുഷ്യനാകാത്തിടത്തോളം അതൊക്കെ തുടരും. അവിടെയൊന്നുമൊരു കുറ്റവും കാണാന്‍ പറ്റില്ല.
പക്ഷേ, തങ്ങളുടെ ഗ്ലാമറും രാഷ്ട്രീയ താരപദവികളും ഭാഷാശേഷിയും സോഷ്യല്‍ മീഡിയയിലെ സൗകര്യങ്ങള്‍ കൂടി കണ്ട് നാണമില്ലാതെ ഉപയോഗിക്കുന്നവരെ കുറിച്ചാണ്.
ഈ ” ബുദ്ധിയില്ലാത്ത’ പെണ്ണുങ്ങള്‍ എന്റെ പിന്നാലെ ഇങ്ങനെ എന്റെ ‘കാര്യം’ കാണുന്നതു വരെ ഇഴഞ്ഞോളും എന്ന ലിംഗഗര്‍വ്വിന് തിരിച്ചടി കിട്ടിത്തുടങ്ങിയിട്ട് കാലം കുറെയായല്ലോ.
എന്നിട്ടും ഈ ഓന്തുകള്‍ ഇപ്പോഴും തങ്ങള്‍ ദിനോസറിന്റെ പിന്‍മുറക്കാരെന്ന ഗര്‍വ്വില്‍ കണ്ഠമുഴ വിറപ്പിച്ച് ചോര കുടിക്കാന്‍ നടക്കുകയാണ്.
ചുണയുള്ളവര്‍ എറിയുന്ന കല്ലുകളെടുത്ത് കിരീടമായി കരുതി ശിരസ്സിലണിയുന്നു. കോഴിത്തൂവല്‍ തലപ്പാവിലേന്തുന്നു. മാധ്യമങ്ങളോട് കുശലം പറയുന്ന മട്ടില്‍ നാണമില്ലാതെ സംസാരിക്കുന്നു.
പതിവുപോലെ ഗതികെട്ട് പരസ്യപ്പിന്തുണയുമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്താന്‍ ഒരു ഭാര്യ പോലുമുണ്ടായില്ല എന്നത് പിറക്കാതെ പോയ ഏതോ പെണ്‍കുട്ടിയുടെ മഹാഭാഗ്യം.
ചുണയുള്ളവര്‍ക്കും ധൈര്യമുള്ളവര്‍ക്കും അഭിമാനമുള്ളവര്‍ക്കും മാത്രം പറഞ്ഞിട്ടുള്ള പണിയാണ് പ്രണയം. അത് പരസ്പര ബഹുമാനത്തിന്റെ ബലത്തില്‍ അധിഷ്ഠിതമാണ്.
ചതി, വഞ്ചന, കുടിലത , കാര്യലാഭം മുതലായ ഏണിപ്പടികള്‍ കയറിപ്പോകുമ്പോള്‍ ഓര്‍ക്കുക, നിങ്ങളുടെ സ്വഭാവത്തിലെ ദുര്‍ബ്ബലമായ ആ ആണികള്‍ ഒന്നിളകിയില്‍ നടുവൊടിഞ്ഞ് താഴെ വീഴും. പിന്നീടൊരു കുന്തളിപ്പ് മുന്നേപ്പോലെ സാധ്യമാവില്ല,’ ശാരദക്കുട്ടി പറഞ്ഞു.
Content Highlight: Writer Saradakutty Criticise Rahul Mamkoottathil