| Monday, 22nd September 2025, 1:39 pm

സിംപിളാകാന്‍ ശ്രമിക്കുമ്പോഴേക്കും, സ്വര്‍ണ്ണ മെതിയടിയിട്ട മാധവന്‍ തമ്പിയായും കൃത്രിമത്തമ്പുരാനുമായി മാറുന്ന സുരേഷ് ഗോപി: ശാരദക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വളരെ ഉയരത്തിലെത്തിക്കഴിഞ്ഞാല്‍ സിംപിളാകാന്‍ എളുപ്പമാണെന്നും എന്നിട്ടും സുരേഷ് ഗോപി എം.പി അതില്‍ പരാജയപ്പെട്ടുപോകുന്നെന്നും എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി.

കലുങ്ക് ചര്‍ച്ചയില്‍ സഹായം ചോദിച്ചുവന്നവരോടുള്ള സുരേഷ് ഗോപിയുടെ പെരുമാറ്റത്തെ മുന്‍നിര്‍ത്തിയായിരുന്നു ശാരദക്കുട്ടിയുടെ പ്രതികരണം.

മോഹന്‍ലാല്‍, ശോഭന, പ്രിയങ്കഗാന്ധി, രാഹുല്‍ഗാന്ധി എന്നിവര്‍ക്ക് ആളുകള്‍ക്കിടയില്‍ സിംപിളാകാന്‍ എളുപ്പമാണെന്ന് ശാരദക്കുട്ടി പറഞ്ഞു.

സമൂഹത്തില്‍ താരപദവി ബോധപൂര്‍വ്വം സൂക്ഷിക്കുന്ന ഒരാള്‍ക്ക്, അതും ആശയപരമായി പ്രത്യേകിച്ച് ഉള്‍ക്കനമൊന്നുമില്ലാത്ത ഒരാള്‍ക്ക്, സിംപിളാകാന്‍ എളുപ്പമാണെന്നും എന്നിട്ടും മുന്നില്‍ നിവേദനവുമായി വന്ന ഒരു മനുഷ്യന്റെ കയ്യിലൊന്ന് പിടിക്കാന്‍ സുരേഷ് ഗോപിക്ക് കഴിയുന്നില്ലെന്നും ശാരദക്കുട്ടി പറയുന്നു.

തന്റെ വഴിയില്‍ നിന്ന് ആളുകളെ വിരല്‍ ചൂണ്ടി നീക്കം ചെയ്യുമ്പോള്‍ അയാളുടെ മുഖം രണ്ടു ടണ്‍ ഭാരമുള്ള കരിങ്കല്ലുപോലെയാകുമെന്നും അയാള്‍ പെട്ടെന്ന്, സ്വര്‍ണ്ണം കെട്ടിയ മെതിയടിയിട്ടു വരുന്ന മാധവന്‍തമ്പിയാകുമെന്നും ശാരദക്കുട്ടി പറയുന്നു.

ജനകീയനായിരുന്ന ഒരു താരത്തിന് എളുപ്പത്തില്‍ സാധ്യമാകുമായിരുന്ന ഒരു സ്ഥാനമാണ് കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് സുരേഷ്‌ഗോപി തന്റെ ബുദ്ധിമോശത്താലും ഔചിത്യമില്ലായ്മയാലും നശിപ്പിച്ചു കളഞ്ഞതെന്നും ശാരദക്കുട്ടി കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

വളരെ ഉയരത്തിലെത്തിക്കഴിഞ്ഞാല്‍ സിംപിളാകാന്‍ എത്രയെളുപ്പമാണ്!

ഉദാഹരണത്തിന് മഞ്ജുവാര്യര്‍, നടന്നു പോകുന്ന വഴി ഒരാരാധികയുടെ തോളിലൊന്നു സ്‌നേഹത്തോടെ തൊട്ടാല്‍ മതി, ആളുകള്‍ പറയും മഞ്ജു വാര്യര്‍ എത്ര സിംപിളാണ്!

മോഹന്‍ലാല്‍, ഒരു കേക്ക്പീസ് മുന്നില്‍ നില്‍ക്കുന്ന സഹജീവിയായ ഒരു മനുഷ്യന് നീട്ടിയാല്‍ മതി, നാം പറയും മോഹന്‍ലാല്‍ എത്ര സിംപിളാണ്!

ശോഭന, മൊബൈല്‍ ഓണ്‍ ചെയ്ത് മുന്നില്‍ നില്‍ക്കുന്നവരുടെ ഒരു ചിത്രമെടുത്താല്‍ മതി, നാം തലയാട്ടിപ്പറയും അതെ, ശോഭന എത്ര സിംപിളാണ്.!

ചില രാഷ്ട്രീയക്കാര്‍ക്കും അങ്ങനെ തന്നെ. രാഹുല്‍ ഗാന്ധിക്ക് വയനാട്ടിലെ ഒരു ചായക്കടയില്‍ കയറേണ്ട കാര്യമേയുള്ളു സിംപിളാകാന്‍. പ്രിയങ്കാ ഗാന്ധി, ഒരു സാധാരണക്കാരി നല്‍കുന്ന സാരി കയ്യില്‍ വാങ്ങിയാല്‍ത്തന്നെ സിംപിളായി.

പിണറായി വിജയനോ അച്യുതാനന്ദനോ ഒന്നും ഇത്തരം താരപദവി ഇല്ലാത്തവരായതിനാല്‍ ഈ തരത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ പൂവാരി വിതറി സിംപിളാകുമെന്ന് ആരും പ്രതീക്ഷിക്കുന്നുമില്ല. ആഗ്രഹിക്കുന്നുമില്ല. അങ്ങനെ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ പരാജയപ്പെട്ടു പോകും.

അവരില്‍ പൊതുവായി കാണുന്ന ഒരു തരം arrogance ഉണ്ട്. അത് അവരുമായി ഒരു സൗഹൃദം സാധാരണക്കാര്‍ക്ക് അസാധ്യമാക്കുന്നുണ്ട്.

അവരോട് അടുത്തു നില്‍ക്കുന്നവരുണ്ടെങ്കില്‍, അത് അവര്‍ പുലര്‍ത്തുന്ന ആശയങ്ങളോട് പുലര്‍ത്തുന്ന അടുപ്പം മാത്രമാണ്. ഒട്ടും വ്യക്തിപരമല്ല അത്. ഒരു രാഷ്ട്രീയ വിവേകമുണ്ടതില്‍.

പറഞ്ഞു വരുന്നത് സഹജമല്ലാത്ത ഒന്ന് വാരിയണിഞ്ഞാല്‍ ആരായാലും പരിഹാസ്യരാകുമെന്നാണ്. സുരേഷ് ഗോപിയെ കുറിച്ചാണ്.

സമൂഹത്തില്‍ താരപദവി ബോധപൂര്‍വ്വം സൂക്ഷിക്കുന്ന ഒരാള്‍ക്ക്, അതും ആശയപരമായി പ്രത്യേകിച്ച് ഉള്‍ക്കനമൊന്നുമില്ലാത്ത ഒരാള്‍ക്ക്, സിംപിളാകാന്‍ എത്രയെളുപ്പമാണ്!

എന്നിട്ടും മുന്നില്‍ നിവേദനവുമായി വന്ന ഒരു മനുഷ്യന്റെ കയ്യിലൊന്ന് പിടിക്കാന്‍ സുരേഷ് ഗോപിക്ക് കഴിയുന്നില്ല. അപ്പോഴേക്ക് അയാള്‍ പെട്ടെന്ന് ഒരു കൃത്രിമത്തമ്പുരാനാകുന്നു.

തന്റെ വഴിയില്‍ നിന്ന് ആളുകളെ വിരല്‍ ചൂണ്ടി നീക്കം ചെയ്യുമ്പോള്‍ അയാളുടെ മുഖം രണ്ടു ടണ്‍ ഭാരമുള്ള കരിങ്കല്ലാകുന്നു. അയാള്‍ പെട്ടെന്ന്, സ്വര്‍ണ്ണം കെട്ടിയ മെതിയടിയിട്ടു വരുന്ന മാധവന്‍തമ്പിയാകുന്നു.

സ്റ്റേജിലെ ഒരേ പോലെയുള്ള മനോഹരമായ കസേരകള്‍ക്കിടയില്‍ നിന്ന് തനിക്ക് വെറും പ്ലാസ്റ്റിക് കസേര മതിയെന്ന്, എത്ര കഷ്ടപ്പെട്ടാണയാള്‍ സിംപിളാകാന്‍ ശ്രമിച്ച് പരാജയപ്പെടുന്നത്.

ജനകീയനായിരുന്ന ഒരു താരത്തിന് എത്രയെളുപ്പം സാധ്യമാകുമായിരുന്ന ഒരു സ്ഥാനമാണ് കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് സുരേഷ്‌ഗോപി തന്റെ ബുദ്ധിമോശത്താലും ഔചിത്യമില്ലായ്മയാലും നശിപ്പിച്ചു കളഞ്ഞത് !

പാവം, സിനിമയില്‍ നിന്നിറങ്ങുകയും ചെയ്തു, രാഷ്ട്രീയത്തിലോട്ടെത്തുന്നുമില്ല.

Content Highlight: Writer Saradakutty about Suresh Gopi

We use cookies to give you the best possible experience. Learn more